തിരുവനന്തപുരം: ദക്ഷിണ റെയിൽവേക്ക് കീഴിലെ നാലുപാതകളിൽ മണിക്കൂറിൽ 130 കിലോമീറ്റർ വേഗത്തിൽ ട്രെയിൻ ഓടിക്കാൻ സജീവ പദ്ധതി രേഖ. തിരുവനന്തപുരം-കായംകുളം, ആലപ്പുഴ-എറണാകുളം, ഷൊർണൂർ-മംഗലാപുരം, ഷൊർണൂർ-പോത്തനൂർ റൂട്ടുകൾ നവീകരിച്ച് വേഗം വർധിപ്പിക്കാനാണ് ആലോചന. ഇതോടെ കേരളത്തിലെ ട്രെയിനുകളുടെ സഞ്ചാരവേഗം ഏറുമെന്നാണ് പ്രതീക്ഷ. ഇരട്ടപ്പാത യാഥാർഥ്യമായതും സിഗ്നൽ പരിഷ്കാരം തകൃതിയിലായതിനും പിന്നാലെ ട്രെയിനുകളുടെ വേഗം വർധിപ്പിക്കാനും റണ്ണിങ് സമയം കുറക്കാനും റെയിൽവേ നടപടി തുടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് പാതകളും സിഗ്നലുകളും നവീകരിച്ച് വേഗവർധനക്ക് കളമൊരുക്കുന്നത്.
രണ്ടുവർഷം കൊണ്ടാണ് വേഗവർധന ലക്ഷ്യമിടുന്നതെങ്കിലും കേരളത്തിലെ പാതകളിലെ വളവുകൾ വെല്ലുവിളിയാണ്. തിരുവനന്തപുരത്തിനും കാസർകോടിനുമിടയിൽ 626 വളവാണുള്ളത്. അതായത് മൊത്തം പാതയുടെ 36 ശതമാനവും വളവുകളാണ്. എറണാകുളം-ഷൊർണൂർ പാതയിൽ 80 കിലോമീറ്ററാണ് നിലവിലെ വേഗം. ഷൊർണൂർ-കാസർകോട് പാതയിൽ 110 കിലോമീറ്ററും. തിരുവനന്തപുരം-കായംകുളം-എറണാകുളം 100 കിലോമീറ്ററും കോട്ടയം-എറണാകുളം 90 കിലോമീറ്ററുമാണ് വേഗം.
വളവുകൾക്കുപുറമേ ഉറപ്പില്ലാത്ത മണ്ണും ട്രാക്കിലെ മറ്റ് ന്യൂനതകളുമാണ് വിവിധ സെക്ഷനുകളിൽ വേഗം കുറക്കുന്നത്. ഇവ പരിഹരിക്കാനായാൽ ലക്ഷ്യമിട്ട വേഗം കൈവരിക്കാം. എന്നാൽ ഇത്രയധികം ജോലി ലക്ഷ്യമിട്ട സമയപരിധിയിൽ തീരുമോ എന്നത് അവ്യക്തം.
കേരളത്തിലേക്ക് വന്ദേഭാരത് എക്സ്പ്രസുകൾ എത്തുമെന്ന് നേരേത്ത സൂചനയുണ്ടായിരുന്നുവെങ്കിലും ഇപ്പോൾ അതിൽനിന്ന് പിന്മാറിയ നിലയിലാണ്. 160 കിലോമീറ്ററാണ് വന്ദേഭാരത് ട്രെയിനുകളുടെ വേഗം. കേരളത്തിലെ പാതകളിലൂടെ ഈ വേഗത്തിൽ ട്രെയിൻ ഓടിക്കാനാവില്ല. ശതാബ്ദിയുടെയും രാജധാനിയുടെയും വേഗത്തിലേ സർവിസ് സാധിക്കൂ.
വേഗം കണക്കിലെടുത്ത് റെയിൽവേ ലൈനുകളെ അഞ്ച് ഗ്രൂപ്പുകളായാണ് തിരിച്ചിട്ടുള്ളത്. എ വിഭാഗത്തിലെ പാതകളിലാണ് വന്ദേഭാരത് ട്രെയിനുകൾ ഓടിക്കാൻ ലക്ഷ്യമിടുന്നത്. 160 കിലോമീറ്ററാണ് എ വിഭാഗം പാതകളിലെ വേഗം. ബി വിഭാഗം പാതകളിൽ 130 കിലോമീറ്ററും. മെട്രോപൊളിറ്റൻ നഗരങ്ങളിലെ സബർബൻ പാതകളാണ് സി വിഭാഗത്തിൽ. ഡി ഗ്രൂപ്പിൽ 100 കിലോമീറ്ററാണ് വേഗം. കേരളത്തിലെ രണ്ടുപാതകൾ നിലവിലെ ഡി ഗ്രൂപ്പിൽ നിന്ന് ബി ഗ്രൂപ്പിലേക്ക് മാറ്റിയതായും വിവരമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.