പത്താംതരം സിലബസിൽനിന്ന് ജനാധിപത്യത്തെ കുറിച്ചുള്ള പാഠഭാഗങ്ങളും ആവർത്തന പട്ടികയും നീക്കാനുള്ള എൻ.സി.ഇ.ആർ.ടിയുടെ തീരുമാനം അപലപനീയമാണെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നുമാവശ്യപ്പെട്ട് എ.എ റഹീം എം.പി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന് കത്തയച്ചു.
ആവർത്തന പട്ടികയും ജനാധിപത്യവും വിദ്യാർഥികളുടെ ശാസ്ത്ര ചിന്തയും പൗരബോധവും സംബന്ധിയായ വികാസത്തെ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന അടിസ്ഥാന ആശയങ്ങളാണ്. ചെറുപ്പം മുതലേ ജനാധിപത്യ മൂല്യങ്ങൾ, തത്വങ്ങൾ, സ്ഥാപനങ്ങൾ എന്നിവയെക്കുറിച്ച് നമ്മുടെ വിദ്യാർഥികളിൽ ആഴത്തിലുള്ള അവബോധം വളർത്തിയെടുക്കേണ്ടത് അനിവാര്യമാണ്. ജനാധിപത്യത്തെക്കുറിച്ചുള്ള പഠനം ഇല്ലാതാക്കുന്നതിലൂടെ, നമ്മുടെ ജനാധിപത്യ സമൂഹത്തിന്റെ സത്തയെ തുരങ്കം വെക്കുകയാണ് ചെയ്യുന്നത്.
സിലബസിൽനിന്ന് നിർണായകമായ വിഷയങ്ങൾ നീക്കം ചെയ്യുന്നത് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യുക മാത്രമല്ല, വിദ്യാർഥികളുടെ സമഗ്ര വികസനത്തിന് തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നു. വിദ്യാഭ്യാസ സമ്പ്രദായം ചലനാത്മകവും എല്ലാവരെയും ഉൾക്കൊള്ളുന്നതും സമൂഹത്തിന്റെ വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങളോട് പ്രതികരിക്കുന്നതുമായി തുടരുന്നുവെന്ന് ഉറപ്പാക്കാൻ വിദ്യാഭ്യാസ വിദഗ്ധർ, അക്കാദമിക വിദഗ്ധർ, ബന്ധപ്പെട്ട പങ്കാളികൾ എന്നിവരുമായി കൂടിയാലോചിച്ച് സിലബസ് ക്രമീകരിക്കണമെന്നും എം.പി കത്തിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.