കോട്ടയം: സ്കോൾ കേരളക്ക് പിന്നാലെ സംസ്ഥാന സാക്ഷരത മിഷനിലും കൂട്ടസ്ഥിരപ്പെടുത്തൽ. സി.പി.എം നേതാക്കളും അവരുടെ ബന്ധുക്കളും അടങ്ങുന്ന 82 താൽക്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തൽ സംബന്ധിച്ച നടപടിക്രമങ്ങളുടെ അന്തിമ ഫയലാണ് മന്ത്രിസഭയുടെ പരിഗണനയിലുള്ളത്. ഇക്കാര്യത്തിൽ ബുധനാഴ്ചത്തെ മന്ത്രിസഭ യോഗം തീരുമാനമെടുത്തേക്കും.
വിവിധ തലങ്ങളിൽനിന്ന് ഉയർന്ന പ്രതിഷേധത്തെത്തുടർന്ന് മാറ്റിവെച്ച വിവാദ ഫയൽ വിദ്യാഭ്യാസ-ധന വകുപ്പുകളാണ് വീണ്ടും മന്ത്രിസഭ യോഗത്തിെൻറ മുന്നിലെത്തിച്ചിട്ടുള്ളത്.
'സാങ്കൽപിക' തസ്തികകളായി കണക്കാക്കുന്ന സാക്ഷരത മിഷനിലെ ജില്ല പ്രോജക്ട് കോഓഡിനേറ്റർമാർ, ജില്ല പ്രോജക്ട് അസിസ്റ്റൻറ് കോഓഡിനേറ്റർമാർ എന്നിവരടക്കം 82 പേരാണ് പട്ടികയിലുള്ളത്. സർവിസിൽ 10 വർഷം പൂർത്തിയാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് സ്ഥിരപ്പെടുത്തൽ നടപടിയുമായി സർക്കാർ മുന്നോട്ടുപോകുന്നത്.
ധനമന്ത്രാലയവുമായി ഏറ്റവും അടുപ്പമുള്ള സി.പി.എം അനുഭാവിയായ ജില്ല കോഓഡിനേറ്ററാണ് സ്ഥിരപ്പെടുത്തൽ നീക്കത്തിന് പിന്നിലത്രെ. ഇതിന് വൻ പണപ്പിരിവ് നടത്തിയെന്ന ആരോപണത്തിൽ ഇപ്പോൾ അന്വേഷണം നടക്കുന്നുണ്ട്. ഗവർണർക്ക് ലഭിച്ച പരാതിയിലാണ് അന്വേഷണം.
അതിനിടെ, സാക്ഷരത മിഷനിലെ വഴിവിട്ട നടപടികളെക്കുറിച്ച് വിജിലൻസ് അന്വേഷണവും നടക്കുന്നുണ്ട്. ഒരുവർഷമായി അന്വേഷണം വഴിമുട്ടിയ അവസ്ഥയിലാണ്.
ഇപ്പോൾ സ്ഥിരപ്പെടുത്താൻ പോകുന്നവരിൽ ബഹുഭൂരിപക്ഷവും സി.പി.എം നേതാക്കളുമായി അടുത്ത ബന്ധമുള്ളവരും പാർട്ടി അനുഭാവികളുമാണ്. ഓഫിസ് അസിസ്റ്റൻറുമാർ, 25 ക്ലർക്കുമാർ, അഞ്ച് പ്യൂൺ-രണ്ട് ഡ്രൈവർമാർ എന്നിവരും സ്ഥിരപ്പെടുത്തൽ പട്ടികയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.