കണ്ണൂർ: അമ്മൂമ്മയെ തല്ലിയതിന് സാമൂഹിക മാധ്യമങ്ങളിൽ ഏറെ പഴികേട്ട ആയിക്കര ഉപ്പാലവളപ്പിെല ദീപ ഇനി ഒന്നല്ല, ഒരുകൂട്ടം അമ്മമാരെ പരിചരിക്കും. ആലംബമില്ലാത്ത അമ്മമാരുടെ പുനരധിവാസ കേന്ദ്രമായ ആയിക്കരയിലെ ‘അത്താണി’യിലെ അന്തേവാസികളായ 75ഒാളം അമ്മമാരുടെ എല്ലാ കാര്യങ്ങളും നോക്കിനടത്താൻ ഇനി ദീപയുമുണ്ട്. എല്ലാവരും ദീപയെ പഴിപറഞ്ഞപ്പോൾ ദീപക്കും കുടുംബത്തിനും അഭയം നൽകിയ അത്താണി ഭാരവാഹികൾ ദീപയെ സഹായിയായി ജോലിക്ക് എടുക്കുകയും ചെയ്തു.
അമ്മൂമ്മയെ തല്ലുന്ന വിഡിയോയിലെ ‘വില്ലത്തി’ ദീപയെ ഒാർമയില്ലേ... ദാരിദ്ര്യത്തിെൻറ പടുകുഴിയിൽ പട്ടിണിയുടെ പാരമ്യത്തിൽ ദീപക്ക് പറ്റിയൊരു കൈയബദ്ധമായിരുന്നു അത്. ആരോ മൊബൈലിൽ പകർത്തി പരസ്യമാക്കിയതോടെ അത് സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. പൊലീസ് കേസെടുത്തു. വിവരമറിഞ്ഞ് ദീപയുടെ വീട്ടിലെത്തിയവർ കണ്ടത് കരളലിയിക്കുന്ന കാഴ്ചയാണ്. മുത്തശ്ശി കല്യാണിക്ക് വയസ്സ് 90 കഴിഞ്ഞു. അമ്മ ജാനകി 70ലെത്തി. അഞ്ചാം ക്ലാസിലും രണ്ടിലും പഠിക്കുന്ന രണ്ടു മക്കളുമുണ്ട് ദീപക്ക്.
ഭർത്താവ് എട്ടുവർഷം മുമ്പ് വീടുവിട്ട് പോയതാണ്. പ്രായമായ അമ്മമാരെയും മക്കളെയും നോക്കുന്നത് ദീപ തനിച്ച്. അമ്മക്കും മുത്തശ്ശിക്കും ലഭിക്കുന്ന വിധവ പെൻഷൻ മാത്രമായിരുന്നു വരുമാനം. വീടിനും കക്കൂസിനും വാതിലില്ല. അടച്ചുറപ്പില്ലാത്ത വീട്ടിൽ കുട്ടികളെ തനിച്ചാക്കി ജോലിക്ക് പോകാൻ കഴിയില്ലെന്നായി.
അടുപ്പ് പുകയാതായതോടെ പട്ടിണി കണ്ടറിഞ്ഞ് ആരെങ്കിലും നൽകുന്ന സഹായംകൊണ്ടാണ് വിശപ്പകറ്റിയത്. അങ്ങനെയൊരു ദുരിതാവസ്ഥയിൽ സംഭവിച്ചുപോയ പ്രകോപനമാണ് ആരോ പകർത്തി സാമൂഹികമാധ്യമങ്ങളിലിട്ടത്. ദുരിതകഥയറിഞ്ഞ് ദീപയെയും മക്കളെയും അമ്മമാരെയും അത്താണി ഏറ്റെടുക്കുകയായിരുന്നു. ഒരു മാസത്തോളമായി ഇവർ അത്താണിയിലാണ്. അതിനിടെ, ദീപയുടെ വീടിെൻറ അറ്റകുറ്റപ്പണികൾ തീർത്ത് താമസയോഗ്യമാക്കി. വാതിലും ജനലും വെച്ചു. നിലത്ത് സിമൻറിട്ടു. കട്ടിലും കിടക്കയും എത്തിച്ചു. ദീപയും മക്കളും ഇനി സ്വന്തം വീടിെൻറ അടച്ചുറപ്പിൽ കഴിയും. മുത്തശ്ശി കല്യാണിയും അമ്മ ജാനകിയും തൽക്കാലം അത്താണിയിൽതന്നെ തുടരും.
അത്താണിയിലെ അമ്മമാരെ പരിചരിക്കുന്നതിന് നിശ്ചിത തുക ദീപക്ക് ശമ്പളമായി ലഭിക്കും. അതുകൊണ്ട് മക്കളുടെ കാര്യം നോക്കാം. വലിയൊരു പ്രതിസന്ധിയുടെ മുനമ്പിൽനിന്ന് കരകയറാൻ സഹായിച്ച എല്ലാവർക്കും നന്ദിയുണ്ടെന്ന് ദീപ പറഞ്ഞു. പുതുക്കിപ്പണിത വീടിെൻറ താക്കോൽദാന കർമം അത്താണിയിൽ നടന്ന ചടങ്ങിൽ പി.കെ. ശ്രീമതി എം.പി നിർവഹിച്ചു. അത്താണി ജനറൽ സെക്രട്ടറി ഷമീമ ഇസ്ലാഹി അധ്യക്ഷത വഹിച്ചു. കൗൺസിലർ സി. സമീർ, കണ്ണൂർ സബ് ജഡ്ജി സുരേഷ് ബാബു, സാമൂഹിക നീതി ഒാഫിസർ പവിത്രൻ തൈക്കണ്ടി, മുജീബ അബ്ദുൽ ജബ്ബാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.