ചെറുതുരുത്തി: വാഹന പരിശോധനക്കിടെ അമിത പിഴ ഈടാക്കി എന്നാരോപിച്ച് റീജനൽ ട്രാൻസ്പോർട്ട് ഓഫിസറെ മർദിച്ച സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ. വരവൂർ കുമരപ്പനാൽ പറമ്പിൽ പീടികയിൽ മുസ്‌തഫ (48), മകൻ ഗഫൂർ (27) എന്നിവരെയാണ് ചെറുതുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 19നാണ് കേസിനാസ്പദമായ സംഭവം.
ദേശമംഗലം തലശ്ശേരി ഭാഗത്ത് വാഹന പരിശോധന നടത്തുന്ന റീജനൽ ട്രാൻസ്പോർട്ട് ഓഫിസർ എം.പി. ഷെമീറിനെയും വടക്കാഞ്ചേരി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ആർ. അരുൺ, പിയൂഷ് എന്നിവരടങ്ങിയ സംഘത്തെയുമാണ് ഇവർ ആക്രമിച്ചത്. വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഉപയോഗിച്ച് അപകടകരമാം വിധം വരുന്നത് കണ്ടാണ് മുസ്തഫക്ക് 15,500 രൂപ ഉദ്യോഗസ്ഥർ പിഴ ചുമത്തിയത്. ഇത് ചോദ്യം ചെയ്താണ് മുസ്തഫയും മകനും ഉദ്യോഗസ്ഥരെ ആക്രമിച്ചത്.
അന്ന് തന്നെ ചെറുതുരുത്തി പൊലീസിൽ ഉദ്യോഗസ്ഥർ പരാതി നൽകിയിരുന്നു. പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഒളിവിലായിരുന്ന ഇവരെ പിടികൂടാനായില്ല. പിന്നീട് സി.ഐ സുരേന്ദ്രൻ കല്ലിയാടെൻറയും, എസ്.ഐ ആൻറണി ക്രോംസൺ അരൂജയുടെയും നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി. മകൻ ഗഫൂറിനെ റിമാൻഡ് ചെയ്തു. മുസ്തഫയുടെ ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്ത് വിട്ടയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.