നിർമാണത്തിലെ കാലതാമസം: വിദ്യാർഥികൾക്ക് പുതിയ പഠനസൗകര്യങ്ങൾ നിഷേധിച്ചത് ആറ് വർഷം


കോഴിക്കേട്: ഡിജിറ്റലൈസേഷന്‍ പദ്ധതി നടത്തിപ്പിലെ കാലതാമസവും കെടുകാര്യസ്ഥതയും കാരണം പാലക്കാട്ടെ മോയന്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാർഥികൾക്ക് ആറ് വർഷം പുതിയ പഠനസൗകര്യങ്ങൾ നിഷേധിച്ചെന്ന് റിപ്പോർട്ട്. പദ്ധതി പൂർത്തിയാക്കാത്തിന് കാരണം നടത്തിപ്പിലെ കെടുകാര്യസ്ഥതയാണെന്നും അന്വേഷണത്തിൽ കണ്ടെത്തി. വിദ്യാലയം ഹൈടെക്‌ വൽക്കരിച്ച് അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയർത്താനും വിദ്യാർഥികൾക്ക് അവരുടെ വിരൽത്തുമ്പിൽ അറിവകുൾ എത്തിക്കാനുമാണ് പദ്ധതി ആവിഷ്കരിച്ചത്. എന്നാൽ, സ്‌കൂളിലെ ഡിജിറ്റലൈസേഷന്‍ പദ്ധതി സമയബന്ധിതമായി നടപ്പാക്കുന്നതിൽ പരാജയപ്പെട്ടു.

ഇതിന്റെ ഫലമായി ഈ സ്കൂളിലെ വിദ്യാർഥികൾക്ക് കഴിഞ്ഞ നാല് വർഷത്തിനിടയിൽ ഇന്റഗ്രേറ്റഡ് കമ്പ്യൂട്ടർ ട്രെയിനിങ് (ഐ.സി.ടി) നൽകാനായില്ല. എന്നാൽ, മറ്റ് സ്കൂളുകളിൽ ഐ.ടി ഉപകരണങ്ങൾ ലഭിച്ചു. പ്രൊജക്ടർ, കമ്പ്യൂട്ടർ തുടങ്ങിയ ഐ.ടി ഉപകരണങ്ങൾ മറ്റ് സ്ഥാപനങ്ങളിലെ വിദ്യാർഥികൾ പ്രയോജനപ്പെടുത്തി. അത് കെ.ഐ.ടി.ഇ പോലുള്ള ഏജൻസികളാണ് നൽകിയത്.

സ്കൂളിലെ ഡിജിറ്റൈസേഷൻ ജോലികൾ പുരോഗമിക്കുന്നതിനാൽ മറ്റ് സർക്കാർ പദ്ധതികളും മോയൻസ് മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടപ്പാക്കാനായില്ല. അതിനാൽ, ഏറ്റവും പുതിയ പഠന സൗകര്യങ്ങൾ വിദ്യാർഥികൾക്ക് ആറ് വർഷം (ഈ കാലയളവിൽ) നിഷേധിക്കപ്പെട്ടു.

ഉന്നതാധികാര കമ്മിറ്റി, പ്രോജക്ട് കോ-ഓർഡിനേറ്റർ തുടങ്ങിയവർ പദ്ധതി വിലയിരുത്തുന്നതിലും നിർദേശം നൽകുന്നതിലും തികഞ്ഞ പരാജയമായിരുന്നുവെന്ന് ഓഡിറ്റ് കണ്ടെത്തി.

ഡിജിറ്റലൈസേഷന് തുക അനുവദിച്ച് ഏകദേശം ആറ് വർഷത്തിന് ശേഷവും പ്രോജക്റ്റ് പൂർത്തീകരിക്കുന്നതിന് കൃത്യമായി നിർദ്ദേശം നൽകാനായില്ല. കോർഡിനേറ്റർ, ഐ.ടി സ്കൂൾ ഡയറക്ടർ തുടങ്ങിയവർ ചുമതലകൾ നിർവഹിച്ചിട്ടില്ല. മൂന്ന് തവണ ഉന്നതാധികാര കമ്മിറ്റി യോഗം കൂടിയെങ്കിലും പദ്ധതി പൂർത്തീകരിക്കുന്നതിന് ക്രിയാത്മകമായി നിർദേശങ്ങൾ നൽകി പദ്ധതി പൂർത്തീകരിക്കാനിയല്ല.

കരാർ ഒപ്പിട്ടത് 2015 ഡിസംബർ 31ന് ആയിരുന്നു. വ്യവസ്ഥ പ്രകാരം 12 മാസത്തിനുള്ളിൽ പൂർത്തിയാക്കണമായിരുന്നു. എന്നാൽ, സ്‌കൂളിന്റെ ഡിജിറ്റൈസേഷൻ ജോലികൾ ഓഡിറ്റ് സംഘം പരിശോധന നടത്തുമ്പോഴും പൂർത്തിയായിട്ടില്ല. 80 ശതമാനം സിവിൽ ജോലികൾ (ഏകദേശം) അഞ്ചര വർഷത്തിലാണ് പൂർത്തിയായത്. ഇത് കരാർ വ്യവസ്ഥയുടെ വ്യക്തമായ ലംഘനമാണ്.

മൊത്തത്തിലുള്ള മേൽനോട്ടം നടപ്പിലാക്കുന്ന ഏജൻസിക്കായിരുന്നു. എന്നാൽ, കലക്ടർ രൂപീകരിച്ച സാങ്കേതിക സമിതി ഹാബിറ്റാറ്റ് നടത്തുന്ന പ്രവർത്തനങ്ങൾ പരിശോധിക്കുകയോ വിലയിരുത്തുകയോ ചെയ്തില്ല. ഹാബിറ്റാറ്റ് വിനിയോഗ സർട്ടിഫിക്കറ്റ് സമർപ്പിച്ചത് 2.21കോടിയുടെയാണ്. എന്നാൽ, മൊത്തം മുൻകൂർ പേയ്‌മെന്റ് ആയി 3.17 കോടി രൂപ നൽകി. ഇതൊന്നും ആരും പരിശോധിച്ചിരുന്നില്ല.

ഇപ്പോഴും ടി.എസ്ബി അക്കൗണ്ടിൽ 4,07,52,740 രൂപയും എസ്.ബി അക്കൗണ്ടിൽ 29,17,000 രുപയും ബാക്കിയുണ്ട്. ആദായനികുതി നിയമത്തിലെ സെക്ഷൻ 194 സി പ്രകാരം, കരാറുകാരൻ രണ്ട് ശതമാനം ആദായനികുതി അടക്കണം. മോയൻസ് സ്‌കൂളിന്റെ ഡിജിറ്റലൈസേഷനായി കലക്‌ട്രേറ്റ് 3.17 കോടി രൂപ നൽകി. എന്നാൽ ആദായനികുതി രണ്ട് ശതമാനം 6.35 ലക്ഷം അടച്ചിട്ടില്ല. ആദ്യത്തെയും രണ്ടാമത്തെയും അഡ്വാൻസ് നൽകിയ 2.25 കോടിയുടെ ജി.എസ്.ടിയും പിരിച്ചെടുത്തിട്ടില്ല.

നിർമാണം പൂർത്തീകരിക്കുന്നതിലെ കാലതാമസത്തിന്റെ ഫലമായി 3.18 കേടി ഉപയോഗിക്കാതെ കിടുന്നു. പദ്ധതിയിൽ വിഭാവനം ചെയ്തതുപോലെ കോടികൾ ചെലവഴിച്ചിട്ടും സമ്പൂർണ ഡിജിറ്റൽ സ്കൂളാക്കി മാറ്റുന്നതിൽ പദ്ധതി നടപ്പാക്കിയവർ പരാജയപ്പെട്ടു.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിദ്യാഥികള്‍ പഠിക്കുന്ന മോയന്‍സ് സ്കൂളിലെ പദ്ധതി നടത്തിപ്പ് സംബന്ധിച്ച പരിശോധനയ്ക്ക് ശേഷം വിശദമായ മറുപടി നൽകുമെന്ന് കലക്ടർ ഓഡിറ്റിനെ അറിയിച്ചു.

....................................

Tags:    
News Summary - Delay in construction: Students denied new learning facilities for six years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.