തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനുമായി നല്ല ബന്ധമാണുള്ളതെന്നും തർക്കമുണ്ടാകേണ്ട വിഷയങ്ങളൊന്നും ഇതുവരെയില്ലെന്നും ഗവർണർ രാജേന്ദ്ര ആർലേക്കർ. തന്റെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി കേന്ദ്ര ധനമന്ത്രിയെ കണ്ടത് അജണ്ടയുടെ ഭാഗമായിരുന്നില്ല. കേന്ദ്രമന്ത്രിയെ മുഖ്യമന്ത്രി കേരള ഹൗസിലേക്ക് പ്രഭാതഭക്ഷണത്തിന് ക്ഷണിച്ചു. പങ്കെടുക്കുമോ എന്ന് മുഖ്യമന്ത്രി ആരാഞ്ഞപ്പോൾ താൻ സമ്മതം അറിയിച്ചു. സംസ്ഥാനത്തെ ബാധിക്കുന്ന ചില വിഷയങ്ങൾ ചർച്ച ചെയ്തു. ഇത്തരത്തിൽ ഇരുവശത്തുനിന്നും അനൗപചാരിക കൂടിക്കാഴ്ച ആവശ്യമാണെന്നാണ് തനിക്ക് തോന്നുന്നതെന്നും ഹിന്ദുസ്ഥാൻ ടൈംസിന് അനുവദിച്ച അഭിമുഖത്തിൽ ഗവർണർ വ്യക്തമാക്കി.
പ്രശ്നങ്ങൾക്കെല്ലാം പരിഹാരമുണ്ടെന്നതാണ് തന്റെ നിലപാട്. പ്രശ്നങ്ങൾ ചർച്ചചെയ്ത് പരിഹരിക്കണം. ഒരു മേശക്ക് ചുറ്റും ഇരിക്കേണ്ട കാര്യമേയുള്ളൂ. മുഖ്യമന്ത്രിയുമായി രണ്ടോ മൂന്നോ തവണ ദീർഘമായി ചർച്ച നടത്തിയിട്ടുണ്ട്. ഒരിക്കൽ ഡൽഹിയിലേക്ക് ഒന്നിച്ച് യാത്രചെയ്തു. അദ്ദേഹത്തിന് സംസ്ഥാനത്തെക്കുറിച്ച് കൃത്യമായ കാഴ്ചപ്പാടുകളുണ്ട്. സംസ്ഥാനത്തിന്റെ ഭരണച്ചുമതല വഹിക്കുന്ന ആർക്കും ഒരു കാഴ്ചപ്പാട് ഉണ്ടായിരിക്കും. മുഖ്യമന്ത്രിയുടെ കാഴ്ചപ്പാട് തിരിച്ചറിയുന്നതിൽ തെറ്റൊന്നുമില്ല.
സംസ്ഥാനത്തെക്കുറിച്ചും ജനങ്ങളെക്കുറിച്ചും അവർ എന്താണ് ചിന്തിക്കുന്നതെന്ന് മനസ്സിലാക്കുന്നതിനാണ് കേരളത്തിലെ എം.പിമാർക്ക് ഡൽഹിയിൽ അത്താഴവിരുന്ന് ഒരുക്കിയത്. കേരളത്തിന്റെ പ്രശ്നങ്ങളും വിഷയങ്ങളും തന്റെയും വിഷയങ്ങളാണ്. കേന്ദ്ര സർക്കാറുമായി സംസാരിക്കേണ്ട ആവശ്യം വരുമ്പോഴെല്ലാം ഒരുമിച്ച് പോകാമെന്നും താൻ പറഞ്ഞിരുന്നു.
തന്റെ മുൻഗാമിയായ ആരിഫ് മുഹമ്മദ് ഖാൻ ചെയ്തത് അക്കാലത്ത് ശരിയായിരുന്നുവെന്ന് ഗവർണർ രാജേന്ദ്ര ആർലേക്കർ. അന്നത്തെ സാഹചര്യം അതായിരുന്നു. ആരിഫ്ഖാൻ ആ സമയത്ത് സാധ്യമായതും ആവശ്യമുള്ളതുമായതെല്ലാം ചെയ്തു. അദ്ദേഹവും താനും നല്ല സുഹൃത്തുക്കളാണ്. രാഷ്ട്രീയത്തിൽ തന്നേക്കാൾ മുതിർന്നയാളാണ്. താൻ ബിഹാൻ വിടുന്നതിന് മുമ്പ് അദ്ദേഹം അവിടെ എത്തിയിരുന്നു. അതുകൊണ്ട് തന്നെ കേരളത്തെ സംബന്ധിച്ച് ആശയവിനിമയം നടത്താനായി. ഇവിടത്തെ രാഷ്ട്രീയവും പ്രശ്നങ്ങളും ജനങ്ങളുടെ പെരുമാറ്റവുമെല്ലാം മനസ്സിലാക്കാനായി. അദ്ദേഹത്തിന്റെ ഉപദേശങ്ങൾ വളരെ പ്രയോജനപ്രദമായിരുന്നു. അതിൽ നെഗറ്റീവായ ഒന്നുമുണ്ടായിരുന്നില്ല.
കാമ്പസുകളിൽ എന്തിന് രാഷ്ട്രീയമെന്ന് ഗവർണർ ആർലേക്കർ. കലാലയങ്ങൾ രാഷ്ട്രീയ യുദ്ധക്കളമല്ല. പ്രത്യയശാസ്ത്രം എന്തുതന്നെയായാലും അവിടെ വരുന്നത് പഠിക്കാനാണ്. അവിടെ എന്തിനാണ് രാഷ്ട്രീയം? വിദ്യാർഥികളുടെ അവകാശങ്ങൾക്കായി പോരാടുന്നതിന് എന്തിനാണ് രാഷ്ട്രീയം. മിക്ക വിദ്യാർഥി യൂനിയനുകളും രാഷ്ട്രീയ പാർട്ടികളുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്നു എന്നതാണ് അടിസ്ഥാന പ്രശ്നം. എല്ലാ വിദ്യാർഥി സംഘടനകളും രാഷ്ട്രീയ പാർട്ടികളുമായി ബന്ധപ്പെട്ട് നിൽക്കുന്നതിൽ അഭിമാനിക്കുന്നു. ഇത് അവസാനിപ്പിക്കണം.
യു.ജി.സി കരട് ചട്ടങ്ങളെക്കുറിച്ച് സംസ്ഥാന സർക്കാറിനും രാഷ്ട്രീയ പാർട്ടികൾക്കും അഭിപ്രായങ്ങൾ പറയാൻ സ്വാതന്ത്ര്യമുണ്ട്. ഇതൊരു ജനാധിപത്യ രാജ്യമാണ്. അനുകൂലമായോ പ്രതികൂലമായോ സംസാരിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.