കണ്ണൂർ: മതേതര പാർട്ടികൾക്കിടയിലെ ഭിന്നിപ്പാണ് ഡൽഹിയിൽ ബി.ജെ.പിയെ ഭരണത്തിലേറ്റിയതെന്നും ഇൻഡ്യ മുന്നണിയിലെ ഭിന്നിപ്പ് തിരിച്ചടിയായെന്നും മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒറ്റക്കെട്ടായി നിന്നിരുന്നെങ്കിൽ ബി.ജെ.പി ജയിക്കില്ലായിരുന്നു. ഐക്യമില്ലായ്മ നിർഭാഗ്യകരമാണ്.
തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ജയിക്കാൻ അവസരമുണ്ടാക്കിക്കൊടുക്കുകയാണ്. സ്വന്തമായി അധികാരത്തിലേറാനുള്ള വോട്ട് അവർക്കില്ല. ഇൻഡ്യ മുന്നണി യോഗം ചേർന്ന് കാര്യങ്ങൾ വിലയിരുത്തണം. മുന്നണിയുടെ ഐക്യം കൂടുതൽ സുശക്തമാക്കുകയെന്നതാണ് രാജ്യത്തെയും ഭരണഘടനയെയും രക്ഷിക്കാനുള്ള മാർഗം. അതാണ് ഡൽഹി തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം.
ഭരണഘടന സംരക്ഷിക്കാനുള്ള ആവശ്യം മുൻ നിർത്തിയും ദേശീയ പ്രാധാന്യം കണക്കിലെടുത്തും വിവിധ സംസ്ഥാനങ്ങളിൽ മുന്നണിയിലെ പോര് മറക്കാനാവണം. ന്യൂനപക്ഷ, ഭൂരിപക്ഷ വർഗീയതക്കെതിരെ പോരാടിയ പാർട്ടിയാണ് മുസ്ലിം ലീഗെന്നും എസ്.ഡി.പി.ഐക്കും ജമാഅത്തെ ഇസ്ലാമിക്കുമൊപ്പം ഒരു സ്റ്റേജിൽ ഒന്നിച്ച് പ്രസംഗിച്ചിരുന്ന സി.പി.എമ്മുകാരാണ് ഇപ്പോൾ ലീഗിനെ പഠിപ്പിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.