ന്യൂഡൽഹി: കോവിഡ് പശ്ചാത്തലത്തിൽ ഡൽഹി സർവകലാശാല ബിരുദ പഠനത്തിനുള്ള പ്രവേശന പരീക്ഷ കേന്ദ്രം കോഴിക്കോട് അനുവദിക്കാൻ ആവശ്യപ്പെട്ട് എം.എസ്.എഫ് ദേശീയ കമ്മിറ്റി സമർപ്പിച്ച ഹരജിയിൽ ഡൽഹി ഹൈകോടതി സർവകലാശാല, നാഷനൽ ടെസ്റ്റിങ് ഏജൻസി എന്നിവർക്ക് നോട്ടീസ് അയച്ചു. അപേക്ഷകരുടെ എണ്ണം നോക്കി പുതിയ സെൻറർ അനുവദിക്കുന്ന കാര്യം പരിശോധിക്കാനും ജസ്റ്റിസ് ജയന്ത് നാഥ് ഉത്തരവിട്ടു.
ഐ.ഐ.എം ഇന്ദോർ ഉൾപ്പെടെ മറ്റു സർവകലാശാലകളുടെ പ്രവേശന പരീക്ഷ ഒരേസമയം നടക്കുന്നതിനാലും വിദ്യാർഥികൾക്ക് ഒരേദിവസം തിരുവനന്തപുരത്തും കോഴിക്കോടും പരീക്ഷ എഴുതാനുള്ള ബുദ്ധിമുട്ടും കണക്കിലെടുത്താണ് ഹൈകോടതി കോഴിക്കോെട്ട കാര്യം പരിഗണിക്കാൻ ആവശ്യപ്പെട്ടത്. ഏറ്റവും കൂടുതൽ കോവിഡ് കേസ് റിപ്പോർട്ട്ചെയ്ത തിരുവനന്തപുരത്താണ് നിലവിൽ സെൻറർ അനുവദിച്ചതെന്നും അപേക്ഷകർ കൂടുതലും മലബാർ ഭാഗത്തായതിനാൽ കോഴിക്കോട്ട് കേന്ദ്രം അനുവദിക്കണമെന്നും ഹരജിക്കാർക്കുവേണ്ടി അഡ്വ. ഹാരിസ് ബീരാൻ ബോധിപ്പിച്ചു.
ശനിയാഴ്ച കേസ് വീണ്ടും പരിഗണിക്കുമ്പോൾ ഡൽഹി സർവകലാശാലയും എൻ.ടി.എയും മേൽവിഷയത്തിൽ എടുത്ത നടപടി ക്രമങ്ങൾ വിശദീകരിക്കണമെന്നും കോടതി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.