തിരുവനന്തപുരം: മുഖ്യധാരാ മാധ്യമങ്ങളുടെ വിശ്വാസ്യത തകര്‍ക്കുന്നതിന് ബോധപൂര്‍വമായ ശ്രമം സമൂഹമാധ്യമങ്ങളുടെ സഹായത്തോടെ നടക്കുന്നതായി ഇന്ത്യ ടുഡേ ടി.വി കണ്‍സള്‍ട്ടിങ് എഡിറ്റര്‍ രാജ്ദീപ് സര്‍ദേശായി.
ലോക വാർത്താദിനത്തോടനുബന്ധിച്ച് 'സത്യാനന്തര കാലത്തെ മാധ്യമപ്രവർത്തനം' വിഷയത്തിൽ മാതൃഭൂമി സംഘടിപ്പിച്ച മാധ്യമസംവാദത്തിലെ 'കൗണ്ടര്‍ മീഡിയ' സെഷനില്‍ വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.
ഭരണകൂടങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവയടങ്ങുന്ന അവിശുദ്ധ കൂട്ടുകെട്ടാണ് മുഖ്യധാരാ മാധ്യമങ്ങളുടെ വിശ്വാസ്യത തകര്‍ക്കുന്നത്. സമാന്തര സത്യങ്ങളെന്ന പേരില്‍ സമൂഹമാധ്യമങ്ങള്‍ കള്ളം പ്രചരിപ്പിക്കുന്നു. രാഷ്ട്രീയ പാര്‍ട്ടി പിന്തുണയോടെയാണ് ഇവരുടെ പ്രവര്‍ത്തനം.
വസ്തുതകളെ അടിസ്ഥാനമാക്കിയുള്ള മാധ്യമപ്രവര്‍ത്തനത്തിന് ഇത്തരം കൂട്ടുകെട്ടുകള്‍ വലിയ ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.
ഓപൺ മാഗസിൻ എക്സിക്യൂട്ടിവ് എഡിറ്റർ എൻ.പി. ഉല്ലേഖ് മോഡറേറ്ററായി. ഏഷ്യാനെറ്റ് ന്യൂസ് ഗ്രൂപ് എഡിറ്റോറിയൽ അഡ്വൈസർ എം.ജി. രാധാകൃഷ്ണൻ, മാധ്യമം എഡിറ്റർ വി.എം. ഇബ്രാഹിം, സെബാസ്റ്റ്യൻ പോൾ, ഹരി എസ്. കർത്ത, കിരൺ തോമസ് എന്നിവർ പങ്കെടുത്തു. കവടിയാർ ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ നടന്ന സംവാദ സദസ്സ് രാവിലെ ദി ഹിന്ദു മുൻ എഡിറ്റർ ഇൻ ചീഫ് എൻ. റാം ഉദ്ഘാടനം ചെയ്തു.
മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ് കുമാർ അധ്യക്ഷത വഹിച്ചു.
ഇന്ത്യൻ എക്സ്പ്രസ് മുൻ പത്രാധിപർ അരുൺ ഷൂരി, ഇന്ത്യൻ എക്സ്പ്രസ് എക്സിക്യൂട്ടിവ് ഡയറക്ടർ ആനന്ദ് ഗോയങ്കെ, അരുൺ റാം, റൂബെൻ ബാനർജി, വർഗീസ് ജോർജ്, ജോൺ ബ്രിട്ടാസ് തുടങ്ങിയവർ വിവിധ സെഷനുകളിൽ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.