രഞ്ജിത്തിന്‍റെ രാജിക്കായി മുറവിളി; മുൻ നിലപാടിൽ മലക്കംമറിഞ്ഞ് മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: ബംഗാളി നടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ സർക്കാറിലും മുന്നണിയിലും അതൃപ്തി ശക്തമായതോടെ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന്‍റെ രാജിക്ക് സമ്മർദമേറി. വനിത കമീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവിയും സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റംഗം ആനി രാജയുമടക്കം കടുത്ത നിലപാട് സ്വീകരിക്കുകയും സിനിമ പ്രവർത്തകരും വനിത ആക്ടിവിസ്റ്റുകളും രംഗത്തെത്തുകയും ചെയ്തു. പ്രതിപക്ഷം സർക്കാറിനെതിരായ കടന്നാക്രമണത്തിന് വെളിപ്പെടുത്തൽ ആയുധമാക്കിയതോടെയാണ് സാഹചര്യങ്ങൾ മാറിമറിഞ്ഞത്. ഒഴിഞ്ഞില്ലെങ്കിൽ പുറത്താക്കണമെന്നാണ് പ്രതിപക്ഷ നിലപാട്.

വെളിപ്പെടുത്തലിന്‍റെ ആദ്യമണിക്കൂറുകളിൽ ‘രഞ്ജിത്തിനൊപ്പ’മെന്ന നിലപാടിലായിരുന്നു സാംസ്കാരിക മന്ത്രി. പാർട്ടിക്കുള്ളിൽ വിയോജിപ്പുയർന്നതോടെ മന്ത്രി മലക്കംമറിഞ്ഞു. വിവരം കിട്ടിയാൽ കേസെടുക്കാമെന്നും രേഖാമൂലം പരാതി വേണമെന്നില്ലെന്നുമുള്ള വനിത കമീഷൻ അധ്യക്ഷയുടെ നിലപാട് രഞ്ജിത്തിന്‍റെ നില കൂടുതൽ പരുങ്ങലിലാക്കുന്നതാണ്. പരാതി കിട്ടിയാൽ കേസെടുക്കുമെന്ന ഇടത് നേതാക്കളുടെ അയഞ്ഞ നിലപാടാണ് വനിത കമീഷൻ അധ്യക്ഷ തിരുത്തിയത്. രഞ്ജിത്തിനെതിരായ വെളിപ്പെടുത്തലിൽ സർക്കാറിനോട് റിപ്പോർട്ട് തേടുമെന്ന് അഡ്വ. പി. സതീദേവി പറഞ്ഞതോടെ കാര്യങ്ങൾ കൂടുതൽ വ്യക്തമായി. മാധ്യമങ്ങളിലൂടെ ഇത്രയേറെ തുറന്ന് പറച്ചിൽ നടത്തിയിട്ടും ഇനി പരാതി നൽകാൻ ബംഗാളിൽനിന്ന് കേരളത്തിലേക്ക് വരണോയെന്ന നടിയുടെ ചോദ്യം സർക്കാറിനെയും മുന്നണിയെയും ഒരേപോലെ വെട്ടിലാക്കി.

ചെയർമാൻ സ്ഥാനത്തുനിന്ന് രഞ്ജിത്തിനെ മാറ്റണമെന്ന് ആനി രാജ തുറന്നടിച്ചതിലൂടെ മുന്നണിക്കുള്ളിലെ അതൃപ്തി പരസ്യമായി. നടപടി ആവശ്യപ്പെട്ട് എ.ഐ.വൈ.എഫും രംഗത്തുണ്ട്.

രഞ്ജിത്ത് സ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ട പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, സജി ചെറിയാന്‍ മന്ത്രി സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യനല്ലെന്ന് കൂടി വിമർശിച്ചു. രഞ്ജിത്തിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പൊലീസ് മേധാവിക്ക് പരാതി നല്‍കി. രഞ്ജിത്ത് താമസിക്കുന്ന വയനാട്ടിലെ റിസോർട്ടിലേക്ക് പ്രകടനം നടത്തി അവർ പ്രതിഷേധമറിയിച്ചു. രഞ്ജിത്തിന്റെ രാജി ആവശ്യപ്പെട്ട് വനിത ആക്റ്റിവിസ്റ്റുകൾ കൂട്ട നിവേദനം നല്‍കിയിട്ടുണ്ട്. ചലച്ചിത്ര അക്കാദമിയിലും എതിർശബ്ദം ഉയർന്നുകഴിഞ്ഞു. ബംഗാളി നടി ശ്രീലേഖ മിത്രയാണ് ‘പാലേരി മാണിക്യം’ സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോൾ രഞ്ജിത്തിൽനിന്ന് മോശം അനുഭവം ഉണ്ടാെയന്ന് പറഞ്ഞത്. രഞ്ജിത്ത് മാപ്പ് പറയണമെന്നാണ് നടിയുടെ നിലപാട്.

മന്ത്രിയുടേത് രാഷ്ട്രീയ വിവരമില്ലായ്മ -ആഷിഖ് അബു

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിലും രഞ്ജിത്തുമായി ബന്ധപ്പെട്ട വിവാദത്തിലും സാംസ്കാരിക മന്ത്രി സജി ചെറിയാൻ തനിക്ക് രാഷ്ട്രീയമായി വിവരമില്ലെന്ന് തെളിയിക്കുകയാണെന്ന് സംവിധായകൻ ആഷിഖ് അബു. പരാതി അന്വേഷിക്കാതെ മന്ത്രി വേട്ടക്കാരന്‍റെ വിശദീകരണത്തിൽ മാത്രം ഒതുങ്ങുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സാംസ്കാരിക മന്ത്രി പറയുന്ന കാര്യങ്ങൾ സാമാന്യബുദ്ധിക്ക് നിരക്കുന്നതല്ല. പാർട്ടി ക്ലാസ് നൽകിയോ ഉപദേശിച്ചോ അദ്ദേഹത്തെ ആരെങ്കിലും തിരുത്തണം. വലിയൊരു മൂവ്മെന്‍റിന് എതിരായ നിലപാടാണ് അദ്ദേഹത്തിന്‍റേത്. സാമാന്യ ബുദ്ധിയുള്ളവർ ഇക്കാര്യത്തിൽ പ്രതികരിക്കണം. മന്ത്രി വിചാരിച്ചാൽ ആരെയും സംരക്ഷിക്കാനാവില്ല.

ഇടത് സഹയാത്രിക കൂടിയായ നടി ആരോപണം ഉന്നയിക്കുകയല്ല, വെളിപ്പെടുത്തൽ നടത്തുകയാണ് ചെയ്തത്. അതിന്‍റെ അടിസ്ഥാനത്തിൽ രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് മാറ്റിനിർത്തണം. ജഗദീഷിന്‍റെ വാക്കുകൾ പ്രതീക്ഷ നൽകുന്നതാണ്. സിദ്ദീഖ് നല്ല അഭിനേതാവാണെന്നും വാർത്താസമ്മേളനത്തിലും നന്നായി അഭിനയിക്കുന്നതാണ് കണ്ടതെന്നും ആഷിഖ് അബു പറഞ്ഞു.

Tags:    
News Summary - Demands mount for director Ranjith's resignation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.