കാപികോ റിസോർട്ട് പൊളിച്ചു തുടങ്ങി; മണ്ണുമാന്തി ഉപയോഗിച്ച്​ തച്ചുടക്കുകയാണ്​ ചെയ്യുന്നത്, ഒരാഴ്ച കൊണ്ട്​ പൂർത്തിയാക്കും

ആലപ്പുഴ: തീരദേശനിയമം ലംഘിച്ച്​ പണിത പാണാവള്ളി നെടിയതുരുത്തിലെ കാപികോ റിസോർട്ട് പൊളിച്ചു തുടങ്ങി. സുപ്രീകോടതി നിർദേശപ്രകാരം നടക്കുന്ന പൊളിക്കൽ ഘട്ടം ഘട്ടമായി നടപ്പാക്കാനാണ്​ തീരുമാനം. ആദ്യം രണ്ടു വില്ലകളാണ് പൊളിക്കുന്നത്​. റിസോര്‍ട്ട് പൊളിക്കല്‍ നടപടികള്‍ വ്യാഴാഴ്ച രാവിലെ 10.47നാണ്​ ആരംഭിച്ചത്​. ജില്ല കലക്ടര്‍ വി.ആര്‍. കൃഷ്ണതേജയുടെ മേല്‍നോട്ടത്തില്‍ നടത്തിപ്പുകാർ തന്നെയാണ് പൊളിക്കുന്നത്. മണ്ണുമാന്തി ഉപയോഗിച്ച്​ തച്ചുടക്കുകയാണ്​ ചെയ്യുന്നത്​. പൊളിക്കൽ ഒരാഴ്ചയെടുത്ത്​ പൂർത്തിയാക്കുന്നതിനാണ്​ നീക്കം.

റിസോർട്ടിനായി കൈയേറിയ സർക്കാർ പുറമ്പോക്ക് ഭൂമി തിങ്കളാഴ്ച കലക്ടർ വി.ആർ. കൃഷ്ണതേജ ഏറ്റെടുത്ത് കഴിഞ്ഞ ദിവസം ബോർഡ് സ്ഥാപിച്ചിരുന്നു. ഇവിടെ ആകെയുള്ള 7.0212 ഹെക്ടർ ഭൂമിയിൽ റിസോർട്ടിന് പട്ടയമുള്ളതിൽ ശേഷിച്ച 2.9397 ഹെക്ടർ സ്ഥലമാണ് കലക്ടർ ഏറ്റെടുത്തത്. തീരപരിപാലന നിയമം ലംഘിച്ച് നിർമിച്ച റിസോർട്ട് പൊളിക്കുന്നതിന് 2020 ജനുവരിയിൽ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അ‌ടിസ്ഥാനത്തിൽ പൊളിക്കൽ നടപടിക്ക് അധികൃതർ തീരുമാനിച്ചു.

35,900 ചതുരശ്രയടി വിസ്തീർണത്തിലുള്ള കെട്ടിട സമുച്ചയമാണ് പൊളിക്കേണ്ടത്. ഇതിൽ നീന്തൽക്കുളങ്ങൾ ഉൾപ്പെടെ 54 വില്ലകളും അനുബന്ധ സൗകര്യവുമുണ്ട്. ഇവയിൽ രണ്ട്​ വില്ലകളാണ്​ പൊളിക്കുന്നത്​. ശേഷിച്ചവ​ വരുംദിവസങ്ങളിൽ പൊളിക്കും. പൊളിച്ച സാധനങ്ങൾ കൊണ്ടു പോകുന്നതിന് ഉ‌ടമകൾ കരാർ നൽകിയിരിക്കുകയാണ്​. പൊളിക്കുന്ന അവശിഷ്ടങ്ങൾ റിസോർട്ട് ഉടമകളുടെ നേതൃത്വത്തിൽ തന്നെ നീക്കം ചെയ്യും. കായലിലേക്ക് വീണും മറ്റും പരിസര മലിനീകരണം പാടില്ലെന്ന്​ നിർദേശമുണ്ട്.

പൊളിക്കുന്നതിന്റെ മാസ്റ്റർ പ്ലാൻ റിസോർട്ട് ഉടമകൾ പാണാവള്ളി പഞ്ചായത്ത് സെക്രട്ടറിക്കും കലക്ടർക്കും നൽകിയിരുന്നു. ഇത് പരിശോധിച്ചാണ്​ അനുമതി നൽകിയത്​. റിസോർട്ടിന്റെ പൂർണരൂപവും അവിടെയുള്ള സാധനങ്ങളുടെ വിവരങ്ങളും സംബന്ധിച്ച് വിഡിയോ മഹസറും പൂർത്തിയാക്കിയ ശേഷമാണ്​ നടപടി. സബ്‌ കലക്ടർ സൂരജ്‌ ഷാജി, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ ആശ സി. എബ്രഹാം, ചേർത്തല തഹസിൽദാർ കെ.ആർ. മനോജ്, പാണാവള്ളി വില്ലേജ് ഓഫിസർ കെ. ബിന്ദു, ജില്ല എൻവയൺമെന്‍റൽ എൻജിനീയർ സി.വി. സ്മിത, ഫയർ ഓഫിസർ രാംകുമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരും സ്ഥലത്ത്​ ക്യാമ്പ്​ ചെയ്തതാണ്​ പൊളിക്കൽ നടപടി.

Tags:    
News Summary - Demolition of Kapico Resort begins; Two villas will be demolished first

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.