കൊച്ചി: നിയമ വിരുദ്ധമായി യാത്രികന് അനുമതി നിഷേധിച്ച വിമാനക്കമ്പനി നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ കോടതി ഉത്തരവിട്ടു. എറണാകുളം നോർത്ത് പറവൂർ സ്വദേശി പി.വി. അജിത്കുമാർ സമർപ്പിച്ച ഹരജിയിലാണ് ഉത്തരവ്. വിമാനക്കമ്പനിയുടെ സേവനത്തിൽ ഗുരുതര വീഴ്ച വരുത്തിയതിനാൽ ഉപഭോക്താവിന് ടിക്കറ്റ് തുക തിരിച്ചു നൽകുകയും കോടതിച്ചെലവ് ഉൾപ്പെടെയുള്ള നഷ്ടപരിഹാരം നൽകാനും എറണാകുളം ജില്ല ഉപഭോക്തൃ കോടതി അധ്യക്ഷൻ ഡി.ബി. ബിനു, അംഗങ്ങളായ വൈക്കം രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവരാണ് ഉത്തരവിട്ടത്.
ഒമാൻ എയർവേസിൽ ബഹ്റൈനിലേക്ക് പോകാൻ സുഹൃത്തിനു വേണ്ടിയാണ് പരാതിക്കാരൻ ഇ-ടിക്കറ്റ് ബുക്ക് ചെയ്തത്. ടിക്കറ്റ് ബുക്ക് ചെയ്ത തുക നൽകിയ ക്രെഡിറ്റ് കാർഡ് രേഖകൾ ഹാജരാക്കാതിരുന്നതിനെ തുടർന്നാണ് യാത്രാനുമതി നിഷേധിച്ചത്. യാത്രികൻ മറ്റ് രേഖകൾ ഹാജരാക്കിയെങ്കിലും യാത്രാനുമതി നിഷേധിക്കപ്പെട്ടു. ഇതുമൂലം ബഹ്റൈനിൽ ജോലിക്ക് യഥാസമയം എത്തിച്ചേരാനും കഴിഞ്ഞില്ല.
ഉപഭോക്താവല്ല കോടതിയെ സമീപിച്ചത് എന്നതിനാൽ പരാതിതന്നെ നിലനിൽക്കുന്നതല്ലെന്ന വാദമാണ് എതിർകക്ഷി ഉയർത്തിയത്. ഈ വാദം തള്ളിയ കോടതി ടിക്കറ്റ് തുകയായ 18,303 രൂപയും 12 ശതമാനം പലിശയും ഉൾപ്പെടെ 50,000 രൂപ നഷ്ടപരിഹാരവും 5000 രൂപ കോടതിച്ചെലവും ഉപഭോക്താവിനു നൽകാൻ കോടതി നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.