ഉമ്മൻ ചാണ്ടിക്ക് ചികിത്സ നിഷേധിക്കുന്നു?​; പ്രചരിക്കുന്നത് അടിസ്ഥാന രഹിത വാർത്തകളെന്ന് മകൻ ചാണ്ടി ഉമ്മൻ

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് അടിസ്ഥാന രഹിതമായ വാർത്തകളാണ് ഓരോ ദിവസവും പുറത്തുവരുന്നതെന്ന് മകൻ ചാണ്ടി ഉമ്മൻ. നിലവിൽ ബംഗളൂരുവിലെ ഡോക്ടർ വിശാൽ റാവുവിന്റെ നേതൃത്വത്തിലുള്ള ചികിത്സയാണ് നൽകുന്നതെന്നും അടുത്ത റിവ്യൂന് ബാംഗ്ലൂരിലേക്ക് പോകുവാനുള്ള തയ്യാറെടുപ്പിലാണെന്നും ചാണ്ടി ഉമ്മൻ ഫേസ്ബുക്കിൽ കുറിച്ചു. വീട്ടുകാർ ഉമ്മൻ ചാണ്ടിക്ക് കൃത്യമായ ചികിത്സ നൽകുന്നില്ലെന്നുള്ള ചില ഓൺലൈൻ മാധ്യമങ്ങളുടെ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ബെംഗളൂരുവില്‍ ഉമ്മൻ ചാണ്ടിക്ക് ലഭിക്കേണ്ട വിദഗ്ധ ചികിത്സ നിഷേധിക്കുന്നുവെന്ന തരത്തിൽ ചില വാര്‍ത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. മക്കളും ഭാര്യയും ഇതിൽ ഒറ്റക്കെട്ടാണെന്ന രീതിയിലാണ് സമൂഹമാധ്യമങ്ങളിൽ പ്രചരണം നടന്നത്.

ബെംഗളൂരുവിലെ എച്ച്.സി.ജി. കാന്‍സര്‍ ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം ജനുവരി ഒന്നിനാണ് അദ്ദേഹം കേരളത്തിലേക്കുവന്നത്. തുടര്‍ചികിത്സയ്ക്ക് ഒമ്പതാംതീയതി തിരിച്ചുചെല്ലേണ്ടതായിരുന്നു. എന്നാല്‍, ഓരോ കാരണങ്ങളാല്‍ തീയതി നീണ്ടു. തൊണ്ടയിലാണ് ഉമ്മന്‍ ചാണ്ടിക്ക് രോഗബാധ. ജര്‍മനിയിലെ ബര്‍ലിന്‍ ചാരിറ്റി ആശുപത്രിയില്‍ അദ്ദേഹത്തിന് ഇതിനായി ലേസര്‍ ചികിത്സ നടത്തിയിരുന്നു. ഈ സമയത്ത് അടഞ്ഞ ശബ്ദം അല്പം മെച്ചപ്പെട്ടു.


ബെംഗളൂരുവിലെ ചികിത്സയും ഫലപ്രദമായിരുന്നു. എന്നാല്‍, തുടര്‍ചികിത്സയ്ക്ക് മുതിരാത്തത് അദ്ദേഹത്തിന്റെ ആരോഗ്യം മോശമാകാന്‍ കാരണമാകുന്നുവെന്നാണ് വാർത്തകൾ പ്രചരിച്ചത്. നിലവില്‍ ജഗതിയിലെ വീട്ടില്‍ പൂര്‍ണവിശ്രമത്തിലാണ് ഉമ്മന്‍ ചാണ്ടി. സന്ദര്‍ശകരെ തീരേ അനുവദിക്കുന്നില്ല.

ചാണ്ടി ഉമ്മന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

അപ്പയുടെ ചികിത്സയുമായി ബന്ധപ്പെട്ട് അടിസ്ഥാന രഹിതമായ വാർത്തകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്.. ജർമ്മനിയിലെ ലേസർ സർജറിക്ക് ശേഷം ബാംഗ്ലൂരിൽ ഡോ. വിശാൽ റാവുവിന്റെ നേതൃത്വത്തിലുള്ള ചികിത്സയാണ് ആരംഭിച്ചത്. അദ്ദേഹം നിർദ്ദേശിച്ച മരുന്നുകളാണ് ഇപ്പോഴും അപ്പക്ക് നൽകിക്കൊണ്ടിരിക്കുന്നത്.

മരുന്നും, ഭക്ഷണക്രമവും ഫിസിയോതെറാപ്പിയും, സ്പീച്ച് തെറാപ്പിയും സംയോജിപ്പിച്ചുള്ള ചികിത്സ രീതിയാണ് ഡോക്ടർ നിർദ്ദേശിച്ചിരിക്കുന്നത്.

അപ്പ നവംബർ 22 മുതൽ അദ്ദേഹത്തിന്റെ ചികിത്സയിൽ തന്നെയാണ്. ഡിസംബർ 26നും ജനുവരി 18നും അപ്പയെ കൂട്ടി ബാംഗ്ലൂരിൽ എത്തുകയും, കൃത്യമായ റിവ്യൂ നടക്കുകയും ചെയ്തിരുന്നു.

ഭാരത് ജോഡോ യാത്ര കഴിഞ്ഞ് ഇന്ന് വൈകിട്ടായാണ് ഞാൻ നാട്ടിൽ തിരിച്ചെത്തിയത്. കടുത്ത മഞ്ഞു വീഴ്ച കാരണം യാത്ര തടസ്സപ്പെട്ടിരുന്നു.

അടുത്ത റിവ്യൂന് സമയമായിട്ടുണ്ട്. വീട്ടിൽ കാര്യങ്ങൾ കൂടി ആലോചിച്ച് അടിയന്തരമായി ബാംഗ്ലൂരിലേക്ക് പോകുവാനുള്ള തയ്യാറെടുപ്പിലാണ്.

Full View

Tags:    
News Summary - Denying Oommen Chandy treatment? Son Chandi Oommen said that the news that is being spread is baseless

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.