കോഴിക്കോട്: മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ഇടതു കൈയിലെ ആറാം വിരലിന് പകരം നാവിൽ ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ വിശദമായി അന്വേഷണത്തിന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറേറ്റ് (ഡി.എം.ഇ) നിയോഗിച്ച സംഘം കോഴിക്കോട്ടെത്തി. മഞ്ചേരി, വയനാട് മെഡിക്കൽ കോളജുകളിലെ മൂന്ന് ഡോക്ടർമാർ അടങ്ങുന്ന സംഘമാണ് വകുപ്പുതല അന്വേഷണം നടത്തുന്നത്. ശനിയാഴ്ച കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിയ സംഘം, സംഭവസമയം ഓപറേഷൻ തിയറ്ററിലും മറ്റും ഡ്യൂട്ടിൽ ഉണ്ടായിരുന്ന ഡോക്ടർമാർ, നഴ്സുമാർ, നഴ്സിങ് അസിസ്റ്റന്റുമാർ തുടങ്ങിയവരിൽനിന്ന് മൊഴിയെടുത്തു.
ശസ്ത്രക്രിയ നടത്തിയ അസോസിയേറ്റ് പ്രഫസര്‍ ഡോ. ബിജോണ്‍ ജോണ്സൺ സസ്പെൻഷനിലായതിനാൽ അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. അടുത്തയാഴ്ച അദ്ദേഹത്തിൽനിന്ന് മൊഴിയെടുക്കും.
കുട്ടിയുടെ രക്ഷിതാക്കളോടും കൂട്ടിരിപ്പുകാരോടും മൊഴി രേഖപ്പെടുത്താൻ തിങ്കളാഴ്ച രാവിലെ 10ന് മെഡിക്കൽ കോളജിൽ ഹാജരാകാനും നിർദേശിച്ചിട്ടുണ്ട്. കേസ് അന്വേഷിക്കുന്ന മെഡിക്കൽ കോളജ് പൊലീസ് തിങ്കളാഴ്ച ആശുപത്രി ജീവനക്കാർ അടക്കമുള്ളവരിൽനിന്ന് മൊഴിയെടുക്കും. അന്വേഷണത്തിന്റെ ഭാഗമായി മെഡിക്കല്‍ ബോര്‍ഡ് രൂപവത്കരിക്കാൻ പൊലീസ് ജില്ല മെഡിക്കല്‍ ഓഫിസർക്ക് കഴിഞ്ഞ ദിവസം കത്ത് നൽകിയിരുന്നു. കേസിൽ മാതാപിതാക്കളും കൂട്ടിരിപ്പുകാരുമായി അഞ്ചുപേരിൽനിന്ന് മെഡി. കോളജ് പൊലീസ് മൊഴിയെടുത്തു.
ശസ്ത്രക്രിയ പിഴവ് സംഭവിച്ചെന്ന പരാതിയില്‍ അസോസിയേറ്റ് പ്രഫസര്‍ ഡോ. ബിജോണ്‍ ജോണ്‍സണെ അന്വേഷണ വിധേയമായി കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു. ഡോക്ടറുടെ ഭാഗത്തുനിന്ന് അബദ്ധം സംഭവിച്ചു എന്നാണ് വകുപ്പുതല പ്രാഥമിക അന്വേഷണ റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.