തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയെന്ന മനുഷ്യസ്നേഹിയുടെ വിയോഗത്തിൽ കർണാടക ബീജാപൂർ റബ്കാവിയിലെ ആ പെൺകുട്ടിയുടെ വീടും കണ്ണീർ പൊഴിക്കുകയാണ്. ഒരിക്കലും മറക്കാനാകാത്ത സഹായഹസ്തമാണ് ജാനകി മത് എന്ന പെൺകുട്ടിക്കുനേരെ ഉമ്മൻ ചാണ്ടി നീട്ടിയത്. 2020ൽ കോവിഡ് നാളുകളിൽ നാടൊട്ടുക്ക് ലോക്ഡൗണിലേക്ക് വീണപ്പോൾ തിരുവനന്തപുരത്ത് ഒറ്റപ്പെട്ട ജാനകിക്ക് വീടണയാൻ കൂട്ടായത് ഉമ്മൻ ചാണ്ടിയുടെ ഇടപെടലായിരുന്നു.
സ്റ്റാർട്ടപ് സംരംഭത്തിൽ ആറ് മാസത്തെ പരിശീലനത്തിന് തിരുവനന്തപുരത്ത് എത്തിയ ജാനകി നാട്ടിലേക്ക് മടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ലോക്ഡൗൺ വന്നത്. പേരൂർക്കടയിലെ വനിത ഹോസ്റ്റലിൽ താമസിക്കുകയായിരുന്ന ജാനകി പരിശീലനം പൂർത്തിയാക്കി ആഴ്ചകൾ പിന്നിട്ടിട്ടും നാട്ടിലേക്ക് മടങ്ങാനാകാതെ ഒറ്റപ്പെട്ടു. കൈയിലുള്ള പണവും തീർന്നു.
ജാനകിയുടെ സങ്കടകഥ ഒപ്പം താമസിച്ചിരുന്നവർ ഉമ്മൻ ചാണ്ടിയുടെ ശ്രദ്ധയിൽപെടുത്തി. അവർ ജാനകിയെയും കൂട്ടി പുതുപ്പള്ളി ഹൗസിലെത്തി ഉമ്മൻ ചാണ്ടിയെ കണ്ടു. വിഷമിക്കേണ്ടെന്നും വീട്ടിലെത്തിക്കുന്ന കാര്യം താൻ ഏറ്റുവെന്നും അദ്ദേഹം പറഞ്ഞതോടെ ജാനകിക്ക് പ്രതീക്ഷയായി. ഇതിനിടെ ബംഗളൂരു-തിരുവനന്തപുരം റൂട്ടിൽ സ്പെഷൽ ട്രെയിൻ ഓടിക്കുമെന്ന പ്രഖ്യാപനം വന്നെങ്കിലും അത് റദ്ദാക്കി. ഒരാഴ്ചക്കുശേഷം വീണ്ടും പുതുപ്പള്ളി ഹൗസിലെത്താൻ ആവശ്യപ്പെട്ട് ഉമ്മൻ ചാണ്ടിയുടെ ഫോൺ കോളെത്തി. അവിടെ ചെന്ന ജാനകിയുടെ കൈയിലേക്ക് ഉമ്മൻ ചാണ്ടി ബംഗളൂരു-തിരുവനന്തപുരം റൂട്ടിലെ സ്പെഷൽ ൈഫ്ലറ്റ് സർവിസിൽ യാത്ര ചെയ്യാനുള്ള ടിക്കറ്റ് വെച്ചുകൊടുത്തു.
പേരൂർക്കടയിലെ ഹോസ്റ്റലിൽ താമസിച്ചതിനുള്ള വാടകയും വഴിച്ചെലവിനുള്ള പണവും ഉമ്മൻ ചാണ്ടി നൽകി. ബംഗളൂരുവിൽ വിമാനമിറങ്ങുന്ന ജാനകിക്ക് സ്വദേശത്തേക്ക് പോകാൻ സൗകര്യമൊരുക്കുന്നതിന് കർണാടക മുൻ മന്ത്രി ടി. ജോണിനെ വിളിച്ച് ആവശ്യപ്പെടുകയും ചെയ്തു. ഇത്രയൊക്കെ തനിക്കുവേണ്ടി ചെയ്തത് രണ്ടുതവണ കേരളത്തിന്റെ മുഖ്യമന്ത്രിയും പലതവണ മന്ത്രിയുമായ വ്യക്തിയാണെന്നത് ജാനകിയെ ഇന്നും അദ്ഭുതപ്പെടുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.