തിരുവനന്തപുരം: പ്രായപരിധി ഏർപ്പെടുത്തിയതടക്കം ആശ്രിതനിയമനം കടുപ്പിക്കാനുള്ള സർക്കാർ നീക്കത്തിൽ കടുത്ത വിയോജിപ്പും പ്രതിഷേധവും. ആശ്രിതനിയമനം വേണമെങ്കിൽ മരണസമയത്ത് ആശ്രിതന് 13 വയസ്സുണ്ടായിരിക്കണമെന്നതാണ് ഇതു സംബന്ധിച്ച് തയാറാക്കിയ കരട് നിർദേശങ്ങളിലുള്ളത്. 13 തികയാത്ത സാഹചര്യങ്ങളിൽ ആശ്രിതന് സമാശ്വാസ ധനസഹായത്തിന് മാത്രമേ അർഹതയുണ്ടാകൂ. എന്നാൽ, എന്തു മാനദണ്ഡപ്രകാരമാണ് ഇത്തരം ശിപാർശയെന്ന് വ്യക്തമല്ലെന്നും ഈ വ്യവസ്ഥകൾ നീതികരിക്കാനാവില്ലെന്നും സർവിസ് സംഘടന നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. മാർഗനിർദേശങ്ങൾ നടപ്പാക്കുന്നതിന് മുന്നോടിയായി ഈ മാസം 10 ന് തിരുവനന്തപുരത്ത് സർവിസ് സംഘടന ഭാരവാഹികളുമായി സർക്കാർ ചർച്ച നടത്തുന്നുണ്ട്. യോഗത്തിൽ വിയോജിപ്പുകൾ അവതരിപ്പിക്കുമെന്ന് ജോയന്റ് കൗൺസിൽ നേതാക്കളടക്കം വ്യക്തമാക്കി.
ആശ്രിതനിയമത്തിനുള്ള അപേക്ഷ മരണമുണ്ടായി മൂന്നു വർഷത്തിനകവും ആശ്രിതൻ കുട്ടിയാണെങ്കിൽ പ്രായപൂർത്തിയായി മൂന്നു വർഷത്തിനകവും സമർപ്പിക്കണമെന്ന് കരട് മാർഗനിർദേശം വ്യക്തമാക്കുന്നു. സമയപരിധിക്കുള്ളിൽ അപേക്ഷ സമർപ്പിക്കാത്തവർക്ക് സമാശ്വാസ ധനത്തിന് മാത്രമേ അർഹതയുണ്ടാകൂ. അപേക്ഷ സമർപ്പിക്കുന്നതിന് അനുവദിച്ച സമയപരിധിക്കുള്ളിൽ കരസ്ഥമാക്കിയ യോഗ്യത മാത്രമേ നിയമനത്തിനായി പരിഗണിക്കൂ.
മാത്രമല്ല നിലവിൽ കുടുംബവരുമാനം എട്ടു ലക്ഷം രൂപയിൽ ഉൾപ്പെടുന്നവർക്കു മാത്രമേ ആശ്രിത നിയമനത്തിനും സമാശ്വാസ ധനസഹായത്തിനും അർഹതയുണ്ടാവൂ. ഈ പരിധി സർക്കാർ അതത് സമയങ്ങളിൽ നിശ്ചയിക്കുന്നതാണ്.
സർവിസിലുണ്ടായിരുന്ന ജീവനക്കാർ മരിച്ച് ഒരു വർഷത്തിനുള്ളിലെ വരുമാനമാനമാണ് ആശ്രിതനിയമനത്തിനും സമാശ്വാസധനത്തിനും പരിഗണിക്കുക. അതുകൊണ്ട് മരണമുണ്ടായി കൃത്യം ഒരു വർഷത്തിനുള്ളിൽ വാർഷിക വരുമാന സർട്ടിഫിക്കറ്റ് റവന്യൂ അധികാരിയിൽനിന്ന് വാങ്ങി സൂക്ഷിക്കണം.
അപേക്ഷകർക്ക് ആശ്രിതനിയമനത്തിനായി പരമാവധി അഞ്ചു തസ്തികകൾ വരെ തെരഞ്ഞെടുക്കാം. നിയമനത്തിന് അപേക്ഷിക്കാനുള്ള കാലാവധിക്കു ശേഷം ഓപ്ഷൻ മാറ്റത്തിന് അവസരമുണ്ടാകില്ല. ഊഴമനുസരിച്ച് ഇവയിൽ ഏതു തസ്തികയിൽ നിയമനം ലഭിച്ചാലും ജോലിയിൽ പ്രവേശിക്കണം. മറ്റു തസ്തികകളിലേക്ക് പിന്നീട് നിയമനത്തിന് അർഹതയുണ്ടാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.