തിരുവനന്തപുരം: ആശ്രിതരെ സംരക്ഷിക്കാം എന്ന സമ്മതമൊഴി നൽകി സമാശ്വാസ തൊഴിൽദാന പദ്ധതി (ആശ്രിത നിയമനം) പ്രകാരം സർക്കാർ സർവിസിൽ പ്രവേശിച്ചവർ വ്യവസ്ഥ ലംഘിച്ചാൽ ശമ്പളത്തിന്റെ 25 ശതമാനം സർക്കാർ പിടിച്ച് അർഹരായവർക്ക് നൽകും. പ്രതിമാസ അടിസ്ഥാന ശമ്പളത്തിൽനിന്ന് തുക പിടിച്ചെടുത്ത് അർഹരായ ആശ്രിതർക്ക് നൽകാൻ നിയമനാധികാരികളെ അധികാരപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കാനും മന്ത്രിസഭ യോഗം തീരുമാനിച്ചു.
സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരം ജോലിയിൽ പ്രവേശിക്കുന്ന ജീവനക്കാർ ആശ്രിതരുടെ സംരക്ഷണം ഏറ്റെടുക്കുന്നില്ലെങ്കിൽ ആശ്രിതർക്ക് നിയമനാധികാരിക്ക് രേഖാമൂലം പരാതി നൽകാം. ആഹാരം, വസ്തു, പാർപ്പിടം, ചികിത്സ, പരിചരണം എന്നിവയാണ് ആശ്രിതരുടെ സംരക്ഷണം എന്ന നിർവചനത്തിൽപ്പെടുന്നത്. ആശ്രിതരുടെ പരാതിയിൽ ബന്ധപ്പെട്ട തഹസിൽദാർ മുഖേന അന്വേഷണം നടത്തി റിപ്പോർട്ട് വാങ്ങിയ ശേഷം അടിസ്ഥാന ശമ്പളത്തിന്റെ 25ശതമാനം എല്ലാമാസവും പിടിച്ചെടുത്ത് ആശ്രിതരുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കും.
തഹസിൽദാറുടെ അന്വേഷണത്തിൽ ആക്ഷേപമുള്ള ജീവനക്കാർക്ക് മൂന്നു മാസത്തിനകം കലക്ടർക്ക് അപ്പീൽ സമർപ്പിക്കാം. കലക്ടറുടെ തീരുമാനം അന്തിമമായിരിക്കും. ആശ്രിതർക്ക് കുടുംബ പെൻഷൻ അനുകൂല്യമുണ്ടെങ്കിൽ ഈ സംരക്ഷണത്തിന് അർഹത ഉണ്ടായിരിക്കില്ല. എന്നാൽ, സാമൂഹിക സുരക്ഷാ പെൻഷൻ, ക്ഷേമനിധി ബോർഡുകളിൽനിന്നുള്ള പെൻഷൻ എന്നിവ കൈപ്പറ്റുന്ന ആശ്രിതരെ സംരക്ഷിക്കാൻ വ്യവസ്ഥ പ്രകാരം ജോലി ലഭിച്ച ജീവനക്കാർ ബാധ്യസ്ഥരാണ്. സർക്കാർ ജോലി ലഭിച്ച ശേഷം ആശ്രിതരെ കൈയൊഴിയുന്നത് സംബന്ധിച്ച് പരാതികൾ വ്യാപകമായതോടെയാണ് മന്ത്രിസഭ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.