തിരുവനന്തപുരം: പുതിയകാലത്ത് എഴുത്തും ഒരു രാഷ്ട്രീയ പ്രവർത്തനമാണെന്ന് ബെന്യാമിൻ. മുമ്പത്തേക്കാൾ എഴുത്തുകാരൻ ഭീഷണി നേരിടുന്ന കാലത്തിലൂടെയാണ് സഞ്ചരിക്കുന്നത്. അവെൻറ ഓരോ വാക്കുകളെയും കീറിമുറിച്ച് സംശുദ്ധിയെ ചോദ്യം ചെയ്ത് ആൾക്കൂട്ട ആക്രമണത്തിന് വിധേയരാക്കുന്ന കാലമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 45ാമത് വയലാർ രാമവർമ സാഹിത്യ അവാർഡ് ഏറ്റുവാങ്ങി മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
എഴുത്തുകാരനെ മൗനത്തിലാക്കാനുള്ള ശ്രമമാണ് ഒരുവിഭാഗം നടത്തുന്നത്. അഭിപ്രായങ്ങളെ ഭീരുത്വമായോ വിധേയത്വമായോ സ്ഥാനമോഹമായോ അവാർഡ് മോഹമായോ ചിത്രീകരിക്കാനുള്ള പ്രവണത പൊതു ഇടത്തിൽ നടക്കുന്നു. അത് എഴുത്തുകാരനെന്ന പൗരെൻറ സ്വാതന്ത്ര്യത്തിന് മേലുള്ള കൈകടത്തലാണ്. അത്തരം ആരോപണങ്ങളിൽ ഭയമില്ലെന്നും ബെന്യാമിൻ പറഞ്ഞു.
നിശാഗന്ധി ഒാഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വയലാർ രാമവർമ മെമ്മോറിയൽ ട്രസ്റ്റ് പ്രസിഡൻറ് പെരുമ്പടവം ശ്രീധരൻ അവാർഡ് സമർപ്പിച്ചു. 'മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വർഷങ്ങൾ' എന്ന കൃതിക്കാണ് അവാർഡ്. ഒരു ലക്ഷം രൂപയും പ്രശസ്ത ശിൽപി കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ നിർമിച്ച ശിൽപവും പ്രശസ്തിപത്രവുമാണ് അവാർഡ്.
ചെന്നൈയിലെ ആശാൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് മലയാളം ഐച്ഛികവിഷയമായെടുത്ത് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി പത്താം ക്ലാസ് പാസാകുന്ന വിദ്യാർഥിക്ക് നൽകുന്ന സ്കോളർഷിപ്പും ചടങ്ങിൽ കൈമാറി. തുടർന്ന് ദേവരാജൻ മാസ്റ്റർ ഫൗണ്ടേഷെൻറ നേതൃത്വത്തിൽ വയലാർ ഗാനസന്ധ്യയും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.