കൊച്ചി: മകളുടെ വിവാഹത്തിന് നിക്ഷേപത്തുക തിരികെ നൽകാത്തതിനെത്തുടർന്ന് ഗൃഹനാഥൻ ആത്മഹത്യ ചെയ്തത് പ്രതിസ്ഥാനത്തുള്ള സഹകരണ ബാങ്കിനെതിരെ മറ്റൊരു നിക്ഷേപകന്റെ പരാതി ഹൈകോടതിയിൽ നിലനിൽക്കെ. മകന്റെ മെഡിക്കൽ പി.ജി പഠനത്തിന് നെയ്യാറ്റിൻകര പെരുംപഴതൂർ സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ലഭിച്ചില്ലെന്നാരോപിച്ച് സി.ഐ. വർഗീസ് എന്നയാൾ നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഇതേ ബാങ്കിനെതിരായ അന്വേഷണവുമായി ബന്ധപ്പെട്ട മറ്റ് ഹരജികളും ഹൈകോടതിയുടെ പരിഗണനക്കെത്തിയിരുന്നു.
2023 ഡിസംബറിൽ തുക ആവശ്യമായി വന്ന സമയത്ത് നിക്ഷേപത്തുക ലഭിക്കാത്തതിനാലുണ്ടായ ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടിയുള്ളതാണ് വർഗീസിന്റെ ഹരജി. എന്നാൽ, ബാങ്കിൽ ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്ന് സഹകരണ അസി. രജിസ്ട്രാർ അന്വേഷണത്തിന് ഉത്തരവിട്ടത് ചോദ്യംചെയ്ത് 2018ൽ ഈ ബാങ്ക് ഹൈകോടതിയെ സമീപിച്ചിരുന്നു. അനധികൃത നിയമനം, ഉദ്യോഗക്കയറ്റം, അനുവാദമില്ലാതെ വാഹനങ്ങളും കെട്ടിടങ്ങളും വാങ്ങൽ, കരുതൽ ധനം സൂക്ഷിക്കാതെ ഇടപാട്, ബാങ്കിന്റെ പ്രവർത്തനപരിധിക്ക് പുറത്തു നിന്നുള്ളവർക്ക് അംഗത്വം, അനധികൃത വായ്പ നൽകൽ, അനുവാദമില്ലാതെ ചിട്ടി നടത്തിപ്പ് തുടങ്ങിയ ഒട്ടേറെ വിഷയങ്ങളിൽ അന്വേഷണത്തിന് പുറപ്പെടുവിച്ച ഉത്തരവാണ് ചോദ്യം ചെയ്തത്. ഈ ഹരജി സിംഗിൾ ബെഞ്ച് തള്ളി. തുടർന്ന് ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി. മേൽപറഞ്ഞ മുഴുവൻ വിഷയങ്ങളിലും അന്വേഷണം നടത്തുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നമുയർത്തി അസി. രജിസ്ട്രാറുടെ ഉത്തരവ് 2022ൽ ഡിവിഷൻ ബെഞ്ച് റദ്ദാക്കി.പിന്നീട് വീണ്ടും അന്വേഷണത്തിന് ഉത്തരവിട്ടതോടെ പ്രശ്നം പിന്നെയും കോടതിയിലെത്തി. തുടർന്ന് അന്വേഷണ ഉത്തരവ് ഹൈകോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.