ഇരിട്ടി (കണ്ണൂർ): ചായക്കടയിലെ ജനാലകൾക്കിടയിലൂടെ നുഴഞ്ഞു എത്തിനോക്കി കൈവീശുമ്പോൾ തന്‍റെ നാട്ടിലെത്തിയ പ്രിയ നേതാവിനെ ഒരു നോക്ക് കാണുക എന്നതിലുപരിയായി എട്ട് വയസ്സുകാരൻ അദ്വൈതിന്‍റെ മനസ്സിൽ ഒന്നും തന്നെയുണ്ടായിരുന്നില്ല.
എന്നാൽ, തന്‍റെ കാഴ്ചയിൽ പതിഞ്ഞ അദ്വൈതിനെ രാഹുൽ ഗാന്ധി സമീപത്തേക്ക് വിളിക്കുകയും കൂടെയിരുത്തി ഫലൂദ വാങ്ങി നൽകുകയും ചെയ്തു. ഒപ്പം പൈലറ്റാകാൻ ആഗ്രഹിച്ച കുട്ടിയെ വിമാനത്തിന്‍റെ കോക്പിറ്റിലെത്തിച്ച് അതിന്‍റെ പ്രവർത്തനങ്ങൾ വിശദീകരിക്കുയും ചെയ്തു രാഹുൽ.
കഴിഞ്ഞ ദിവസം ഇരിട്ടിയിൽ സണ്ണി ജോസഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം റോഡ് ഷോയിൽ പങ്കെടുത്ത് മടങ്ങവേ കീഴൂർകുന്നിലെ അപ്സര കഫെ 1980 എന്ന ചായക്കടയിൽ കയറിയപ്പോഴാണ് സംഭവം. രാഹുലിന്‍റെ ചോദ്യങ്ങൾക്ക് തെല്ലും കൂസലില്ലാതെ ഹിന്ദിയിലുള്ള മാസ്സ് മറുപടി അദ്ദേഹത്തെ അമ്പരപ്പിച്ചു. എന്താകാനാണ് ആഗ്രഹമെന്ന ചോദ്യത്തിന് അർത്ഥശങ്കക്കിടമില്ലാതെ പൈലറ്റാകണമെന്ന മറുപടിയും. ഇതുകേട്ട രാഹുൽ കുട്ടിയെ ചേർത്ത് നിർത്തി പടമെടുക്കാനും മറന്നില്ല. തിരക്കിനിടയിൽ കുട്ടി രക്ഷിതാക്കൾക്കൊപ്പം കഫെയിൽ നിന്ന് സ്ഥലം വിട്ട് പോവുകയും ചെയ്തു.
തുടർന്ന് സണ്ണി ജോസഫിനോട് കുട്ടിയുടെ കുടുംബത്തിന്‍റെ ഫോൺ നമ്പർ ശേഖരിക്കാൻ ആവശ്യപ്പെട്ടു. ഫോൺ നമ്പർ ലഭിച്ചതോടെ രാഹുലിന്‍റെ വിളി അദ്വൈതിനെ തേടിയെത്തി. തന്‍റെ മനം കവർന്ന ബാലന്‍റെ ആഗ്രഹം സാക്ഷാത്ക്കരിക്കാൻ കോഴിക്കോട് എയർപോർട്ടിൽ കുട്ടിയെയും കൂട്ടി വരാൻ രാഹുൽ കുടുംബത്തോട് ആവശ്യപ്പെട്ടു.
വിമാനത്താവളത്തിലെത്തിയ അദ്വൈതിനെ ജീവനക്കാർ വിമാനത്തിൽ കയറ്റുകയും കോക്പിറ്റിലേക്ക് പ്രവേശിപ്പിക്കുകയും ചെയ്തു. വനിത പൈലറ്റിനൊപ്പം രാഹുൽ ഗാന്ധിയും വിമാനത്തിന്‍റെ പ്രവർത്തനം അദ്വൈതിനെ പരിചയപ്പെടുത്തി. തിരുവനന്തപുരത്തേക്ക് പോകാൻ വേണ്ടിയായിരുന്നു ചാർേട്ടഡ് വിമാനം ഏർപ്പെടുത്തിയിരുന്നത്. അദ്വൈതിനെയും കുടുംബത്തെയും തിരുവനന്തപുരത്തേക്ക് ക്ഷണിച്ചെങ്കിലും പോളിങ് ഡ്യൂട്ടി ഉള്ളതിനാൽ രക്ഷിതാക്കൾ അസൗകര്യം അറിയിച്ചു.
അദ്വൈതിനൊപ്പമുള്ള കോക്പിറ്റിലിരിക്കുന്ന ചിത്രം രാഹുൽ ഗാന്ധി പങ്കുവെച്ചിട്ടുണ്ട്. 'അദ്വൈത്തിന്‍റെ സ്വപ്നം സാക്ഷാത്കരിക്കാനുള്ള ആദ്യപടി ഞങ്ങൾ സ്വീകരിച്ചു.
പറക്കാനുള്ള എല്ലാ അവസരങ്ങളും നൽകുന്ന ഒരു സമൂഹവും ഒരു ഘടനയും സൃഷ്ടിക്കുകയെന്നത് ഇപ്പോൾ നമ്മുടെ കടമയാണ്' -രാഹുൽ ചിത്രത്തോടൊപ്പം കുറിച്ചു. വിമാനത്തിൽനിന്ന് ചോേക്ലറ്റും നൽകിയാണ് അദ്ദേഹം അദ്വൈതിനെ മടക്കിയയച്ചത്.
കീഴൂരിലെ എസ്.ഡി.എ പബ്ലിക് സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ അദ്വൈത്, കൂത്തുപറമ്പ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകൻ പി. സുരേഷ് കുമാറിന്‍റെയും കണ്ണൂർ യൂനിവേഴ്സിറ്റി ജീവനക്കാരി സുവർണയുടെയും ഏക മകനാണ്. റിട്ട. മിലിറ്ററി ഉദ്യോഗസ്ഥനായ മുത്തച്ഛൻ പി. ചന്തുവിൽ നിന്നാണ് ലോക്ഡൗൺ കാലം സമർത്ഥമായി വിനിയോഗിച്ച് ഹിന്ദി പഠിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.