വടക്കഞ്ചേരി: നെൽപ്പാടങ്ങളിൽ കതിരുവന്നു തുടങ്ങിയതോടെ കാട്ടുപന്നി ശല്യം രൂക്ഷമായി. പന്നിയെ വെടിവെച്ചുകൊല്ലാൻ വനം വകുപ്പ് അനുമതി നൽകിയത് ലൈസൻസും തോക്കും ഉള്ള നാമമാത്രം പേർക്ക്. വടക്കഞ്ചേരി, വണ്ടാഴി, കിഴക്കഞ്ചേരി, നെന്മാറ, അയലൂർ, മേലാർകോട്, എലവഞ്ചേരി തുടങ്ങിയ പഞ്ചായത്തുകളിൽ കാട്ടുപന്നി ശല്യം
രൂക്ഷം.
വിവിധ പ്രദേശങ്ങളിൽ കാട്ടുപന്നിയുടെ സാന്നിധ്യം ഉണ്ടായാൽ കർഷകർ വനംവകുപ്പ് നിയോഗിച്ച ഷൂട്ടർമാരായ ശിവദാസ് പെരുമാങ്കോട്, വിജയൻ ചാത്തമംഗലം എന്നിവരെയാണ് അറിയിക്കുന്നത്. കർഷകരായ ഇവർ ആദ്യകാലങ്ങളിൽ സ്വന്തം ചെലവിൽ പന്നികളെ വെടിവെച്ചുകൊന്ന് വനംവകുപ്പ് നിഷ്കർഷിക്കുന്ന രീതിയിൽ കുഴിച്ചുമൂടിയിരുന്നു. സ്വന്തം വാഹനത്തിൽ രാത്രികാലങ്ങളിൽ കൃഷിയിടങ്ങളിൽ പോയി 400 രൂപയോളം വില വരുന്ന മൂന്നും നാലും തോട്ട ഉപയോഗിച്ചാൽ മാത്രമേ ഒരു പന്നിയെയെങ്കിലും വെടിവെച്ചു കൊല്ലാൻ കഴിയൂ. ഇവർക്ക് പോകാനുള്ള വാഹനം, തോട്ടയുടെ വില, കുഴിച്ചുമൂടാനുള്ള ചെലവ് എന്നിവ ഷൂട്ടർമാർ സ്വയം വഹിക്കാൻ തയാറാവാതായതോടെ കർഷകർ പിരിവെടുത്താണ് പണം സംഘടിപ്പിച്ചിരുന്നത്.
കാട്ടുപന്നിയെ കൊല്ലാൻ ഉത്തരവുവന്ന സമയത്ത് വനംവകുപ്പ് വാഹനം ഏർപ്പാടാക്കി ഷൂട്ടർമാരെ കൃഷിയിടങ്ങളിൽ എത്തിച്ചിരുന്നു. പഞ്ചായത്ത് പ്രസിഡന്റുമാരെ ഓണററി വൈൽഡ് ലൈഫ് വാർഡന്മാരായി നിയമിച്ച് വെടിവെക്കാൻ അനുവാദം നൽകാൻ ഉത്തരവായതോടെ വനം വകുപ്പ് ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞ് പഞ്ചായത്തിനെ ചുമതലപ്പെടുത്തി.
ഉത്തരവുവന്ന് രണ്ടുവർഷമായിട്ടും ഷൂട്ടർമാരും കർഷകരും വെടിവെച്ചുകൊന്ന പന്നികളുടെ കണക്ക് പഞ്ചായത്തിനെയും വനം വകുപ്പിനെയും അറിയിച്ചിട്ട് ഷൂട്ടർമാർക്ക് പ്രതിഫലമോ െചലവോ പഞ്ചായത്തുകൾ നൽകുന്നില്ല. പ്രസിഡന്റുമാർ ബോർഡ് യോഗം കൂടി തീരുമാനിക്കാം എന്ന് പറയുന്നതല്ലാതെ തുക നൽകാതായതോടെ ഷൂട്ടർമാർ ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞു. ഷൂട്ടർമാർക്ക് മിക്കപ്പോഴും 400 രൂപയോളം വിലവരുന്ന ഒരുതോട്ട ഉപയോഗിച്ചാൽ കൊല്ലാൻ കഴിയണമെന്നില്ല.
ചിലപ്പോൾ ഒന്നിലേറെ തവണ വെടിവെക്കേണ്ടിവരുകയും പന്നികൾ ഓടി രക്ഷപ്പെടുകയോ ചാകാനോ സാധ്യതയില്ലാതെവരുകയും ചെയ്യാറുണ്ട്. ഇതോടെയാണ് ഏതുവിധേനയും വിള സംരക്ഷിക്കാൻ കർഷകർ ഷൂട്ടർമാർക്ക് വാഹനവും തോക്കിന് ഉപയോഗിക്കാനുള്ള തോട്ടയുടെ വിലയും പിരിവെടുത്ത് നൽകിത്തുടങ്ങിയത്. ഇതുകൂടാതെ കർഷകർ സ്വന്തം ചെലവിൽ വെടിയേറ്റു ചത്ത കാട്ടുപന്നിയെ വനം വകുപ്പ് നിഷ്കർഷിക്കുന്ന രീതിയിൽ കുഴിച്ചുമൂടേണ്ട ചെലവുകൂടി വഹിക്കേണ്ടി വരുന്നു.
വെടിവെച്ച് കൊല്ലേണ്ട ചെലവുംകൂടി കർഷകർക്ക് വന്നതോടെ മിക്കസ്ഥലങ്ങളിലും കർഷകർ കമ്പികൾ വലിച്ചുകെട്ടിയും പടക്കംപൊട്ടിച്ചും പന്നിയെ ഓടിക്കാൻ ശ്രമിക്കുകയാണ്. വനംവകുപ്പും പഞ്ചായത്തും ഷൂട്ടർമാർക്ക് വേതനവും യാത്രസൗകര്യവും ഒരുക്കി വെടിവെച്ചു കൊല്ലാൻ നടപടി ഉണ്ടാവണമെന്നാണ് മേഖലയിലെ കർഷകരുടെ ആവശ്യം. പുതുതായി തോക്ക് ലൈസൻസിന് അപേക്ഷിക്കുന്നവർക്ക് വനംവകുപ്പും പൊലീസും എൻ.ഒ.സി നൽകാത്തതും കൃഷിയിടങ്ങളിലെ കാട്ടുപന്നി പ്രതിരോധത്തിന് തടസ്സമാകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.