വളാഞ്ചേരി: ‘നോട്ടുബുക്കുകൾ ഉൾപ്പെടെ അവൾക്ക് വാങ്ങിയിരുന്നു. പഠനം തുടങ്ങിയിട്ടല്ലേയുള്ളൂ. ടി.വി നന്നാക്കാൻ കടയിൽ കൊണ്ടുപോകാമെന്ന് പറഞ്ഞതായിരുന്നു’. നിറകണ്ണുകളോടെ അച്ഛൻ ബാലകൃഷ്ണൻ പറഞ്ഞു. മൺകട്ട കൊണ്ട് നിർമിച്ച ചെറിയ ഓടിട്ട വീട്ടിൽ അച്ഛന് പുറമെ ദേവികക്കുണ്ടായിരുന്നത് അമ്മ ഷീബയും മൂന്ന് സഹോദരങ്ങളുമായിരുന്നു. ഇവർക്ക് പുറമെ മുത്തശ്ശി കാളിയുമുണ്ട്.
ഷീബ 75 ദിവസം പ്രായമായ കുഞ്ഞുമായി ആകെയുള്ള കിടപ്പുമുറിയിൽ കഴിയുന്നു. കുഞ്ഞനുജൻ കുടുംബത്തിൽ എത്തിയ സന്തോഷം തീരുംമുമ്പാണ് ചേച്ചി ദേവികയുടെ ജീവൻ പൊലിഞ്ഞത്. കുടുസ്സ് ഇടനാഴിയിൽ എല്ലാത്തിനും മൂകസാക്ഷിയായി ടി.വിയുണ്ട്. ദേവിക മേശയിൽ തലവെച്ച് കിടക്കുന്നത് പൂമുഖത്ത് ഇരിക്കുന്ന അച്ഛൻ കണ്ടിരുന്നു. പിന്നീടാണ് മകളെ കാണാതായത് ശ്രദ്ധിച്ചത്. അടുക്കളയിൽ സൂക്ഷിച്ച മണ്ണെണ്ണയുമായി മകൾ നൂറുമീറ്റർ അകലെ കുന്നിൻമുകളിലെ വീട്ടിൽ പോയത് ആരും ശ്രദ്ധിച്ചിരുന്നില്ല.
ഇരിമ്പിളയത്തുനിന്ന് മൂന്ന് കിലോമീറ്റർ അകലെ പുളിയാറ്റക്കുഴി മങ്കേരിയിൽ മലയുടെ ഒാരത്താണ് ഇവരുടെ വീട്. വീട്ടിലേക്ക് പോകാൻ റോഡില്ല. മല കയറി അടുക്കളഭാഗത്ത് എത്താൻ കല്ലും മണ്ണും നിറഞ്ഞ വഴിയാണ്. സാമ്പത്തികക്ലേശം മൂലം വീട് അറ്റകുറ്റപ്പണി പോലും നടത്താൻ ബാലകൃഷ്ണന് സാധിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.