ഡി.ജി.പി ഓഫിസ്​ മാർച്ച്​: കെ. സുധാകരൻ ഒന്നാം പ്രതിയായി ജാമ്യമില്ലാ വകുപ്പു പ്രകാരം കേസ്​

തിരുവനന്തപുരം: ​പൊലീസ്​ ആസ്ഥാനത്തേക്ക്​ കോൺഗ്രസ്​ നടത്തിയ മാർച്ചിൽ കെ.പി.സി.സി പ്രസിഡന്‍റ്​ കെ. സുധാകരനെ ഒന്നാം പ്രതിയാക്കി കേസെടുത്തു. പ്രതിപക്ഷ നേതാവ്​ വി.ഡി. സതീശൻ, ശശി തരൂർ, രമേശ്​ ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ്​, ജെബി മേത്തർ തുടങ്ങിയ പ്രധാന നേതാക്കളടക്കം കണ്ടാലറിയാവുന്ന അഞ്ഞൂറോളം പേ​ർക്കെതിരെയാണ്​ ജാമ്യമില്ലാ വകുപ്പു പ്രകാരം മ്യൂസിയം ​പൊലീസ്​ ​കേസെടുത്തത്​.

പൊലീസ് മർദനത്തിനെതിരെ ഡി.ജി.പി ഓഫീസിലേക്ക് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ച്‌ കലാശിച്ചത് തെരുവുയുദ്ധത്തിലായിരുന്നു. കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും പങ്കെടുത്ത ഉദ്ഘാടനച്ചടങ്ങ് തീരും മുൻപേ പൊലീസ് ജലപീരങ്കിയും ഗ്രനേഡും കണ്ണീർ വാതകവുമായി പ്രവർത്തകരെ നേരിട്ടു. ദേഹാസ്വാസ്ഥ്യം നേരിട്ട കെ. സുധാകരൻ അടക്കമുള്ള നേതാക്കൾ ചികിത്സ തേടി.

തുടക്കം മുതൽക്ക് തങ്ങളെ പ്രകോപിപ്പിച്ച പ്രവർത്തകർക്ക് മേൽ സമാനതകളില്ലാത്ത വിധം പൊലീസ് കൈയിലുണ്ടായിരുന്ന ആയുധങ്ങൾ ഉപയോഗിച്ചു. മ്യൂസിയം പരിസരത്ത് നിന്ന് തുടങ്ങിയ മാർച്ച് പതിവുപോലെ നവകേരളാ സദസ്സിന്റെ ബോർഡുകൾ നശിപ്പിച്ചുകൊണ്ടായിരുന്നു.

ഡി.ജി.പി ഓഫീസിന് സമീപമെത്തിയ നേതാക്കൾ വാഹനത്തിൽ സജ്ജീകരിച്ച സ്റ്റേജിൽ ഇരിപ്പുറപ്പിച്ചപ്പോൾ ബാരിക്കേഡിന് സമീപം നിലയുറപ്പിച്ച പ്രവർത്തകർ പൊലീസിനെ കടന്നാക്രമിച്ചു. കല്ലേറ് തുടർന്നതിനാൽ അടുത്ത നടപടി ഗ്രനേഡിന്റെ രൂപത്തിൽ. വേദിയിൽ സംസാരിച്ചുകൊണ്ടിരുന്ന പ്രതിപക്ഷ നേതാവിന്റെ തലയ്ക്ക് മുകളിൽ ഗ്രനേഡ് പൊട്ടുന്നത് വരെയെത്തി കാര്യങ്ങൾ. ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട നേതാക്കളെ വേദിയിൽ നിന്നിറക്കി. ഇതിനിടയിൽ തുടർച്ചയായി കണ്ണീർ വാതകപ്രയോഗവുമുണ്ടായി. നേതാക്കളും പ്രവർത്തകരും ചിതറിയോടി. വീണ്ടും പ്രവർത്തകർ സംഘടിച്ചെത്തിയെങ്കിലും സമാധാനപരമായിരുന്നു. 

Tags:    
News Summary - DGP Office March: K Sudhakaran is the first accused in the case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.