യു.എ.ഇ പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ‘റിഫ്ലക്ഷൻസ് ഒാൺ ഹാപ്പിനസ് ആൻഡ് പോസിറ്റിവിറ്റി’ എന്ന പുസ്തകത്തിൽ ഒരു സംഭവം വിവരിക്കുന്നുണ്ട്.
ഒരിക്കൽ ഒരു സ്വീഡിഷ് ടൂറിസ്റ്റ് ദുബൈ സന്ദർശിച്ച വേളയിൽ ട്രാഫിക് നിയമം ലംഘിക്കാനിടയായി. ഇതു കണ്ടുകൊണ്ടിരുന്ന പൊലീസ് അദ്ദേഹത്തെ കൈകാണിച്ച് നിർത്തിച്ച് ചിരിച്ചുകൊണ്ട് അഭിവാദ്യം ചെയ്ത് ട്രാഫിക് നിയമ ബോധവത്കരണം നടത്തി പോകാൻ അനുവദിക്കുകയും ചെയ്തു. ഇദ്ദേഹത്തിെൻറ ചിരിച്ചുകൊണ്ടുള്ള ഈയൊരു സമീപനം ഒന്നുകൊണ്ടുമാത്രം സ്വീഡിഷ് പൗരൻ ബില്യൺ കണക്കിന് വരുന്ന തെൻറ നിക്ഷേപങ്ങളും കമ്പനികളുമെല്ലാം ദുബൈയിലേക്ക് ഷിഫ്റ്റ് ചെയ്തു!
തെൻറ രാജ്യം കൈവരിച്ച അത്ഭുതകരമായ വളർച്ചയിൽ ഒരു ‘ചിരി’യുടെ അസാമാന്യ സ്വാധീനത്തെ വരച്ചുകാട്ടുകയാണ് ഈ സംഭവത്തിലൂടെ അദ്ദേഹം. രാജ്യത്തിെൻറ വികസനത്തിലും ജനങ്ങളുടെ സംതൃപ്തിയിലും ഉദ്യോഗസ്ഥരുടെ ചിരിക്കും സൗമ്യമായ പെരുമാറ്റത്തിനും വലിയ തോതിലുള്ള സ്വാധീനം ചെലുത്താൻ കഴിയുമെന്ന തിരിച്ചറിവിൽ തന്നെയാണ് ദുബൈ ഗവൺമെൻറ് ‘ചിരി’ ഒരു പ്രധാന ട്രെയിനിങ് വിഷയമായി കണ്ടുതുടങ്ങിയത്.
‘ചിരിക്കാൻ അറിയാത്തവർ’ക്കുള്ള പ്രത്യേക വർക്ഷോപ്പുകൾ വരെ പുതിയ ലോകത്തുണ്ടെന്ന് നാം പലപ്പോഴും അവഗണിക്കുന്ന അല്ലെങ്കിൽ പിശുക്കു കാണിക്കുന്ന ചിരിയുടെ പ്രാധാന്യത്തെ കൂടുതൽ ബോധ്യപ്പെടുത്തുന്നു.
പൂമുഖവാതിൽക്കൽ സ്നേഹം വിടർത്തി പുഞ്ചിരിതൂകുന്ന ഭാര്യമാർക്ക് ഏത് ഭർതൃ ഹൃദയത്തെയാണ് കീഴ്പ്പെടുത്താൻ സാധിക്കാത്തത്? ഭർത്താവിെൻറ സ്നേഹം സ്ഫുരിക്കുന്ന പുഞ്ചിരിയിൽ നിഷ്പ്രഭമാവാത്ത ദുഃഖങ്ങളും നിരാശകളും ഒരു ഭാര്യക്കുമുണ്ടാവില്ല. സദാ പുഞ്ചിരിച്ചുകൊണ്ടിരിക്കുന്ന ഒരു നേതാവിന് അണികളുടെ ക്ഷാമം ഉണ്ടാവുമോ? ചിരിച്ചു മാത്രം പെരുമാറുന്ന കച്ചവടക്കാർക്ക് കസ്റ്റമേഴ്സിനെ സ്വാധീനിക്കാൻ മറ്റു തന്ത്രങ്ങൾ ആവശ്യമുണ്ടെന്നു തോന്നുന്നില്ല.
ഇത്തരത്തിൽ ഒരു മനുഷ്യനെന്ന നിലയിൽ വ്യക്തിഗതമായും സാമൂഹികമായും വലിയ രീതിയിലുള്ള രചനാത്മക ഫലങ്ങൾ സൃഷ്ടിക്കുന്ന അപാരമായ മനുഷിക ആവിഷ്കാരമാണ് ചിരി. ഒരുവേള മനുഷ്യനെ ഇതര ജീവികളിൽനിന്നും വ്യത്യസ്തമാക്കുന്നത് സുന്ദരമായി പുഞ്ചിരിക്കാനുള്ള കഴിവു തന്നെയാണല്ലോ.
നൽകലിെൻറ കാലമാണ് റമദാൻ. ദാനങ്ങളിലൂടെ ധന്യത കൈവരിക്കേണ്ട അനുപമമായ സമയം. ഏറ്റവും വലിയ സുകൃതം സഹോദരനെ സന്തോഷിപ്പിക്കലാണെന്നാണ് തിരുനബി പഠിപ്പിച്ചത്. അപരെൻറ മനസ്സ് നിറക്കുന്നതിലൂടെ ദാനം അതിമഹത്തായ ഒരു പ്രവർത്തിയായിത്തീരുന്നു. ആ അ൪ഥത്തിൽ നമ്മുടെ ചിരി ഒരു മനുഷ്യനെ സന്തോഷിപ്പിക്കുമെങ്കിൽ എത്ര വലിയ ദാനമാണ് ഒരു മുടക്കുമില്ലാതെ ചെയ്യാൻ സാധിക്കുക! ചിരി ഒരു ദാനമാണെന്ന് തിരുനബി തന്നെ പഠിപ്പിച്ചിട്ടുണ്ടല്ലോ. നമ്മുടെ ചെറിയൊരു പുഞ്ചിരിക്ക് നമുക്ക് ചുറ്റുമുള്ളവർക്ക് സന്തോഷത്തിെൻറയും പ്രതീക്ഷയുടെയും പുതിയൊരു ലോകത്തെ പ്രകാശിപ്പിക്കാൻ സാധിക്കുമെങ്കിൽ അതിൽപരം മറ്റെന്തുണ്ട്?
(ദുബൈ മഅ്ദിൻ ഫ്യൂചർ കൗൺസിൽ കോഒാഡിനേറ്ററാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.