പ്രതികളുമൊത്ത് വിദേശയാത്ര നടത്തിയിട്ടില്ല- സ്പീക്കറുടെ ഓഫിസിന്‍റെ വിശദീകരണം

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതികളുമൊത്ത് സ്പീക്കർ ശ്രീരാമകൃഷ്ണൻ വിദേശയാത്ര നടത്തിയിട്ടില്ലെന്ന് സ്പീക്കറുടെ ഓഫിസ്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെടുത്തി പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണ്. ആരോപണങ്ങൾ അർഹിക്കുന്ന അവഗണനയോടെ തള്ളണം. ഭരണഘടന സംഥാപനങ്ങളെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്നും സ്പീക്കറുടെ ഓഫിസ് പുറത്തിറക്കിയ ഔദ്യോഗിക വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

തന്‍റെ വിദേശയാത്രകൾ നിയമപരമായ നടപടിക്രമങ്ങളെല്ലാം പാലിച്ചായിരുന്നു. ചട്ടപ്രകാരമായ വിദേശയാത്രകൾ മാത്രമാണ് നടത്തിയത്. സ്വർണക്കടത്ത് പ്രതികൾക്ക് ഒരുമിച്ച് വിദേശ യാത്ര നടത്തിയിട്ടില്ല. വിദേശത്തു വെച്ച് പ്രതികളെ കാണുന്ന സന്ദർഭം ഉണ്ടായിട്ടില്ലെന്നും സ്പീക്കർ വ്യക്തമാക്കി. സ്വർണക്കടത്തിൽ സ്പീക്കറെ ബന്ധപ്പെടുത്തിക്കൊണ്ടുള്ള വാർത്തകൾ അടിസ്ഥാനരഹിതവും അവിശ്വസനീയവുമാണെന്നും വാർത്താക്കുറിപ്പ് വ്യക്തമാക്കുന്നു.

വിദേശത്തുള്ള സംഘടനകളുടെ ക്ഷണം സ്വീകരിച്ച് പലതവണ പോയിട്ടുണ്ട്. അതിൽ ഒളിച്ചുവെക്കേണ്ട സംഗതികളില്ല. എന്നാൽ വിദേശയാത്രകളുമായി ബന്ധപ്പെട്ട് പുകമറ സൃഷ്ടിക്കാനാണ് ശ്രമം നടക്കുന്നത്. തെറ്റായ വാർത്ത എവിടെ നിന്നോ പുറത്തുവരുന്നു. പിന്നീട് എല്ലാവരും അത് ഏറ്റുപിടിക്കുന്ന സ്ഥിതിയാണ് കാണുന്നതെന്നും വാർത്താക്കുറിപ്പിൽ പറയുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.