കൊച്ചി: കെ.എസ്.ഐ.ഡി.സിക്കെതിരെ തുടരന്വേഷണം ആവശ്യമെന്ന് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്.എഫ്.ഐ.ഒ) ഹൈകോടതിയിൽ. അന്വേഷണത്തിന്റെ ഭാഗമായി ലഭ്യമാക്കിയ രേഖകൾ പരിശോധിച്ച് ബോധ്യപ്പെടേണ്ടതുണ്ട്. സി.എം.ആർ.എല്ലിൽ 13.4 ശതമാനം ഓഹരി പങ്കാളിത്തവും നാമനിർദേശം ചെയ്ത ഡയറക്ടറുമുള്ളതിനാൽ അനധികൃത പണമിടപാടുകൾ പൊതുസ്ഥാപനമായ കെ.എസ്.ഐ.ഡി.സിക്ക് വൻ നഷ്ടമുണ്ടാക്കുന്നതാണെന്നും എസ്.എഫ്.ഐ.ഒക്കുവേണ്ടി കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടി.
അതേസമയം, ഇല്ലാത്ത സേവനത്തിന് മുഖ്യമന്ത്രിയുടെ മകൾ വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷൻസിന് സി.എം.ആർ.എൽ പണം നൽകിയെന്ന ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ റിപ്പോർട്ടിനെത്തുടർന്ന് കമ്പനിയോട് വിശദീകരണം തേടിയെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് കെ.എസ്.ഐ.ഡി.സി അറിയിച്ചു. വിശദീകരണം തേടിയതിന്റെ രേഖ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടതോടെ ഇതിനുവേണ്ടി സമയം തേടി. എസ്.എഫ്.ഐ.ഒ അന്വേഷണത്തിനെതിരെ കെ.എസ്.ഐ.ഡി.സി നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. ഹരജി വീണ്ടും ഫെബ്രുവരി 26ന് പരിഗണിക്കാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ മാറ്റി. സി.എം.ആർ.എൽ, എക്സാലോജിക് കമ്പനിക്ക് പണം നൽകിയതിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്.എഫ്.ഐ.ഒ) അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഷോൺ ജോർജ് നൽകിയ ഹരജിയും അന്ന് പരിഗണിക്കും.
എന്തിനാണ് അന്വേഷണത്തെ എതിർക്കുന്നതെന്ന് കോടതി കെ.എസ്.ഐ.ഡി.സിയോട് ചോദിച്ചു. വ്യവസായ സ്ഥാപനങ്ങൾക്ക് വായ്പയായി പണം നൽകുന്ന സ്ഥാപനമായതിനാൽ അന്വേഷണം വിശ്വാസ്യതയെയും ക്രെഡിറ്റ് റേറ്റിങ്ങിനെയും ബാധിക്കുമെന്നായിരുന്നു കെ.എസ്.ഐ.ഡി.സിക്ക് വേണ്ടി ഹാജരായ സുപ്രീംകോടതി അഭിഭാഷകൻ വൈദ്യനാഥന്റെ മറുപടി. സി.എം.ആർ.എല്ലിൽ ഓഹരി പങ്കാളിത്തവും നോമിനി ഡയറക്ടറും ഉണ്ടായിട്ടും ഫണ്ട് ക്രമക്കേട് സംബന്ധിച്ച് വിശദീകരണം തേടാത്തതെന്തെന്ന് കോടതി ആരാഞ്ഞു. എന്നാൽ, ബുക്ക് ഓഫ് അക്കൗണ്ടിൽ രേഖപ്പെടുത്തിയിട്ടില്ലാത്തതിനാൽ ഈ വിവരങ്ങൾ അറിയാൻ കഴിഞ്ഞില്ലെന്നായിരുന്നു മറുപടി. ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ റിപ്പോർട്ട് വന്ന ശേഷമാണ് വിശദീകരണം തേടിയതെന്നും വ്യക്തമാക്കി.
റിപ്പോർട്ട് മാത്രമല്ല, പൊതുപണംകൂടി ഉൾപ്പെട്ട ആരോപണമായതിനാൽ സി.എം.ആർ.എൽ നടത്തിയ പണമിടപാട് വിശദമായി അന്വേഷിക്കാൻ എസ്.എഫ്.ഐ.ഒ അന്വേഷണത്തിന് വിടുകയായിരുന്നെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.
എന്നാൽ, സി.എം.ആർ.എല്ലിനെതിരായ റിപ്പോർട്ടിന്റെ പേരിൽ തങ്ങളെ ലക്ഷ്യമിടുകയാണെന്നും ബിസിനസിനെ ബാധിക്കുന്നുവെന്നും കെ.എസ്.ഐ.ഡി.സി അഭിഭാഷകൻ വിശദീകരിച്ചു. കോടതിയുടെ അനുമതിയോടെ മാത്രമേ നോട്ടീസ് പോലും നൽകാവൂ എന്ന വാദവുമുന്നയിച്ചു. എസ്.എഫ്.ഐ.ഒ അന്വേഷണം ആരംഭിച്ചതിനാൽ ഹരജിയിലെ തുടർനടപടികൾ അവസാനിപ്പിക്കണമെന്ന ആവശ്യം സി.എം.ആർ.എൽ ഉന്നയിച്ചെങ്കിലും കോടതി അനുവദിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.