കൊച്ചി: ജലന്ധർ രൂപത ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരെ ലൈംഗിക പീഡനം ആരോപിച്ച് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീയിൽനിന്ന് സീറോ മലബാർ സഭ ആർച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് പരാതി ലഭിച്ചിട്ടില്ലെന്ന് സഭ വക്താവ് അറിയിച്ചു. വിദേശത്തായിരുന്ന കർദിനാൾ തിങ്കളാഴ്ചയാണ് തിരിച്ചെത്തിയത്. കന്യാസ്ത്രീയുടെ പരാതി ലഭിച്ചതായി മേജർ ആർച് ബിഷപ്പിെൻറ കാര്യാലയത്തിലെ രേഖകളിൽ കാണുന്നില്ല. പരാതി നൽകിയ കന്യാസ്ത്രീ ആരാണെന്ന് മാധ്യമ വാർത്തകളിൽനിന്ന് വ്യക്തമല്ലെന്നും പത്രക്കുറിപ്പിൽ പറയുന്നു.
ഏതാനും മാസം മുമ്പ് ജലന്ധർ രൂപതയിലെ ഒരു കന്യാസ്ത്രീ കർദിനാളിനെ നേരിൽ കാണുകയും അവരുടെ സന്യാസ സമൂഹത്തിൽ നടന്ന ചില നിയമനങ്ങളും സ്ഥലം മാറ്റങ്ങളും സംബന്ധിച്ചും തന്മൂലം അവർക്കുണ്ടായ ബുദ്ധിമുട്ടുകളെക്കുറിച്ചും സംസാരിച്ചിരുന്നു. ഇൗ സന്യാസ സമൂഹം ലാറ്റിൻ ഹയരാർക്കിയുടെ കീഴിലായതിനാൽ സീറോ മലബാർ സഭയുടെ മേജർ ആർച് ബിഷപ്പിന് ഇടപെടാൻ അധികാരമില്ലെന്ന് വിശദീകരിച്ച് കന്യാസ്ത്രീയെ മടക്കി അയച്ചു.
കഴിഞ്ഞവർഷം നവംബർ 23ന് ജലന്ധർ രൂപതയിൽ സേവനം ചെയ്യുന്ന ഒരു കന്യാസ്ത്രീയുടെ പിതാവ് മകൾ അനുഭവിക്കുന്ന ചില ബുദ്ധിമുട്ടുകളെക്കുറിച്ച് മേജർ ആർച്ച് ബിഷപ്പിന് കത്ത് നൽകിയിരുന്നു. ഇതിലും ലൈംഗിക പീഡനത്തെക്കുറിച്ച് പറയുന്നില്ല. പരാതിയിൽ പറഞ്ഞ വിഷയങ്ങളിൽ ഇടപെടാൻ സീറോ മലബാർ സഭ മേജർ ആർച് ബിഷപ്പിന് അധികാരമില്ലാത്തതിനാൽ മേൽനടപടി എടുത്തില്ല. ജലന്ധർ രൂപതയുടേയോ അവിടത്തെ മെത്രാെൻറയോമേൽ സീറോ മലബാർ സഭ മേജർ ആർച് ബിഷപ്പിന് ഒരുവിധ അധികാരമോ അവകാശമോ ഇല്ലെന്നും പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.