പാലക്കാട്: ഗുരുതര സാമ്പത്തിക പ്രതിസന്ധിയായതിനാൽ തുടങ്ങാനിരിക്കുന്ന പ്രവൃത്തികൾ റദ്ദാക്കാൻ തീരുമാനിച്ച കെ.എസ്.ഇ.ബി സി.എം.ഡിയുടെ ഉത്തരവ് സംബന്ധിച്ച് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി വിശദീകരണം തേടി.
സർക്കാറിന്റെയോ വകുപ്പ് മന്ത്രിയുടെയോ അനുമതിയില്ലാതെ പുറത്തിറങ്ങിയ ഉത്തരവ് സർക്കാർ നയത്തിന് വിരുദ്ധമാണെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി ‘മാധ്യമ’ത്തോട് പറഞ്ഞു. ഇതുസംബന്ധിച്ച് വകുപ്പിന് സർക്കാർ നിർദേശം കൊടുത്തിട്ടില്ല. ഉത്തരവ് പുറത്തിറങ്ങാനിടയായ സാഹചര്യം സംബന്ധിച്ച് അന്വേഷിക്കാൻ ഊർജ സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദീർഘകാല കരാറുകൾ റദ്ദാക്കേണ്ടിവന്നതിനെത്തുടർന്നുള്ള സാമ്പത്തിക ബാധ്യതയും സർക്കാർ വകുപ്പുകൾ അടക്കേണ്ട തുക കിട്ടാത്തതുമാണ് പ്രതിസന്ധിക്കിടയാക്കിയതെന്നാണ് ബുധനാഴ്ച കെ.എസ്.ഇ.ബി ഇറക്കിയ ഉത്തരവിൽ പറഞ്ഞിരുന്നത്. ഇനി നടക്കാനുള്ള പ്രവൃത്തികളിൽ മുൻഗണനക്രമം അനുസരിച്ചുള്ള ലിസ്റ്റും ആവശ്യമായ ഫണ്ട് സംബന്ധിച്ച റിപ്പോർട്ടും മൂന്നു ദിവസത്തിനകം നൽകാനാണ് ചെയർമാൻ ടെക്നിക്കൽ ഡയറക്ടർമാർക്ക് നൽകിയ നിർദേശം.
ശമ്പളം നൽകാൻ വായ്പയെടുക്കേണ്ട അവസ്ഥയാണെന്ന് ഉത്തരവിൽ പ്രത്യേകം പറയുന്നുണ്ട്. നിർദേശം വിവാദമായതോടെ ഉത്തരവ് പ്രചരിപ്പിക്കാനുദ്ദേശിച്ചതായിരുന്നില്ലെന്നാണ് അനൗദ്യോഗിക വിശദീകരണമുണ്ടായത്. തുടർന്ന് ചെയർമാൻ ഉത്തരവ് ടെക്നിക്കൽ ഡയറക്ടർമാരിൽനിന്ന് തിരിച്ചുവാങ്ങുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.