കൊച്ചി: പെട്രോൾ, ഡീസൽ വില ഓരോ ദിനവും കുതിച്ചുകയറുന്നതിനിടെ രൂക്ഷ വിലക്കയറ്റത്തിലേക്ക് ചുവടുവെച്ച് സംസ്ഥാനം. സംസ്ഥാനത്ത് വ്യാഴാഴ്ച തിരുവനന്തപുരം, ഇടുക്കി ജില്ലയിൽ ഡീസൽ വിലയും 100 രൂപ കടന്നു. ബസ്, ഓട്ടോ, ടാക്സി എന്നിവക്ക് പിന്നാലെ ചരക്കുലോറികളും നിരക്ക് വർധനക്ക് ആവശ്യമുയർത്തിയിട്ടുണ്ട്.
10 ദിവസത്തിനിടെ ഡീസൽ ലിറ്ററിന് 6.74 രൂപയും പെട്രോളിന് 6.98 രൂപയുമാണ് എണ്ണക്കമ്പനികൾ കൂട്ടിയത്. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില വീപ്പക്ക് 110 ഡോളറിൽ തൊട്ടുനിൽക്കുന്നതിനാൽ ഇന്ധനവിലയിൽ അടുത്ത ദിവസങ്ങളിലും വർധനയുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. ക്രൂഡോയിലിന് ഒരുഡോളർ ഉയരുമ്പോൾ രാജ്യത്ത് ഒരുലിറ്റർ ഇന്ധനത്തിന് 50 മുതൽ 60 പൈസ വരെ കൂടുമെന്നാണ് കണക്കുകൂട്ടൽ. കഴിഞ്ഞ നവംബർ മുതൽ ക്രൂഡോയിൽ വില വീപ്പക്ക് 38 ഡോളർ ഉയർന്നതിനാൽ 19 മുതൽ 24 രൂപ വരെ ഇന്ധനവില ഉയരുമെന്നാണ് വിപണി നിരീക്ഷകർ വിവരിച്ചിരുന്നത്. ഇതിന്റെ ഭാഗമാണ് കെ.എസ്.ആർ.ടി.സി ഉൾപ്പെടെ വൻകിട ഡീസൽ ഉപഭോക്താക്കൾക്ക് വിപണിവിലയിൽനിന്ന് 25 രൂപ ലിറ്ററിന് എണ്ണക്കമ്പനികൾ കൂട്ടിയത്.
തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽനിന്ന് സംസ്ഥാനത്തേക്ക് എത്തുന്ന പച്ചക്കറി ലോറികൾ കടത്തുകൂലി വർധന ഉന്നയിച്ചിട്ടുണ്ട്. നിർമാണമേഖലയെ സ്തംഭിപ്പിക്കുന്ന തരത്തിൽ ഈ മാസം മുതൽ കമ്പിയുടെയും സിമന്റിന്റെയും വില കുത്തനെ കൂടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.