അൻവറിനെ കൂടെ നിർത്തണമെന്ന് സതീശൻ, പിന്നാലെ പോകേണ്ടെന്ന് സുധാകരൻ; കോൺഗ്രസിൽ ഭിന്നാഭിപ്രായം

തിരുവനന്തപുരം: സി.പി.എമ്മുമായി തെറ്റി ഡി.എം.കെ എന്ന പേരിൽ സംഘടന രൂപീകരിച്ച പി.വി. അൻവർ എം.എൽ.എയെ കൂടെ നിർത്തുന്നതിനെ ചൊല്ലി കെ.പി.സി.സിയിൽ വ്യത്യസ്ത അഭിപ്രായം. അൻവറിനെ കൂടെ നിർത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. എന്നാൽ, അൻവറിന്റെ പുറകെ പോകേണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ്‌ കെ. സുധാകരൻ നിലപാടെടുത്തു.

പാലക്കാട്ടേക്ക് മാത്രം നേതാക്കളുടെ ശ്രദ്ധ നൽകിയാൽ പോരായെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറിമാർ പ്രതിപക്ഷ നേതാവിനോട് പറഞ്ഞു. പാലക്കാട്ടേക്ക് അമിത ശ്രദ്ധ നൽകിയാൽ ചേലക്കരയിൽ തിരിച്ചടിയുണ്ടാകുമെന്നും വിമർശനമുയർന്നു. ഇന്നലെ രാത്രി ചേർന്ന കെ.പി.സി.സി അടിയന്തര നേതൃയോഗത്തിലായിരുന്നു അഭിപ്രായമുയർന്നത്. ഉപാധികൾ അംഗീകരിക്കാതെ തന്നെ അൻവറിനെ കൂടെ നിർത്തണമെന്ന നിലപാടായിരുന്നു പ്രതിപക്ഷ നേതാവിന്റേത്. മൂന്ന് മണ്ഡലങ്ങളിലെയും യു.ഡി.എഫ് സ്ഥാനാർഥികളെ വിജയിപ്പിക്കാനുള്ള പ്രവർത്തനമാണ് ഉണ്ടാകേണ്ടതെന്നും ഭാരവാഹികൾ അറിയിച്ചു.

കെ.പി.സി.സി ഭാരവാഹികളുടെയും രാഷ്ട്രീയകാര്യ സമിതി അംഗങ്ങളുടെയും ഡി.സി.സി പ്രസിഡന്റുമാരുടെയും യോഗം കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്നു. വയനാട്, പാലക്കാട്, ചേലക്കര എന്നിവിടങ്ങളില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ മികച്ച വിജയം നേടുമെന്ന ആത്മവിശ്വാസം യോഗം പങ്കുവെച്ചു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഒറ്റക്കെട്ടായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചു. കോണ്‍ഗ്രസിനെയാണ് സി.പി.എം മുഖ്യശത്രുവായി കാണുന്നതെന്നും ബി.ജെ.പിയോട് സി.പി.എമ്മിനുള്ളത് മൃദുസമീപനമാണെന്നും യോഗം വിലയിരുത്തി.

ചേലക്കരയിൽ കോൺഗ്രസ് സ്ഥാനാർഥിയെ പിൻവലിച്ചാൽ പാലക്കാട് ഡി.എം.കെ പിന്തുണയുള്ള സ്ഥാനാർഥിയെ പിൻവലിക്കാമെന്നാണ് പി.വി. അൻവർ ഇന്നലെ പറഞ്ഞിരുന്നത്. ആർ.എസ്.എസ്- ബി.ജെ.പി വർഗീയതയും പിണറായിസവും തകര്‍ക്കുക എന്ന ലക്ഷ്യവുമായാണ് ഡി.എം.കെ തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് അൻവർ പറഞ്ഞു. പാലക്കാടും ചേലക്കരയിലും ഡി.എം.കെ പിന്തുണക്കുന്ന സ്ഥാനാർഥികളെ പിൻവലിക്കണമെന്ന‌് പി.വി അൻവറിനോട് യു.ഡി.എഫ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സ്ഥാനാർഥികളെ തത്കാലം പിൻവലിക്കില്ലെന്നും ആദ്യം താനുന്നയിച്ച ആവശ്യം അംഗീകരിക്കട്ടെയെന്നുമാണ് അൻവറിന്റെ നിലപാട്. 

Tags:    
News Summary - difference in opinion in kpcc about pv anwar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.