തിരുവനന്തപുരം: ഭിന്നശേഷി വിഭാഗക്കാരെ സാമൂഹികജീവിതത്തിലേക്ക് ഉൾച്ചേർത്ത് രാഷ്ട്രനിർമാണ പ്രക്രിയയിൽ പങ്കാളികളാക്കാൻ ആത്മാർഥ ഇടപെടലുകൾ എല്ലാഭാഗത്തുനിന്നും ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഡിഫറന്റ് ആർട്ട് സെന്റർ എക്സിക്യൂട്ടിവ് ഡയറക്ടർ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ കന്യാകുമാരി മുതൽ കശ്മീർ വരെ നടത്തുന്ന ഇൻക്ലൂസിവ് ഇന്ത്യ ഭാരതയാത്രയുടെ സംസ്ഥാനതല ഉദ്ഘാടനവും പതാക കൈമാറലും നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഭിന്നശേഷിക്കാരുടെ ഉന്നമനത്തിൽ കേരളം ഇന്ത്യയിൽ തന്നെ ഒരു മാതൃകാസംസ്ഥാനമായി മാറിക്കഴിഞ്ഞു. കേരള സർക്കാർ 'ബാരിയർ ഫ്രീ കേരള' പദ്ധതിക്കുകീഴിൽ ഭിന്നശേഷിസമൂഹത്തിനായി ഭിന്നശേഷിസൗഹൃദ നിർമാണങ്ങൾ, ജില്ലതല കമ്മിറ്റികൾ, സംവരണനയങ്ങളിൽ വരുത്തിയ മാറ്റങ്ങൾ എന്നിവ ഉൾെപ്പടെ അനവധി പ്രവർത്തനങ്ങളെക്കുറിച്ച് മുഖ്യമന്ത്രി വിശദീകരിച്ചു. ഡിഫറന്റ് ആർട്ട് സെന്ററിന്റെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലമാകുമെന്ന് അദ്ദേഹം പ്രത്യാശിച്ചു.
ഡിഫറന്റ് ആര്‍ട് സെന്ററില്‍ നടന്ന ചടങ്ങില്‍ സാമൂഹികനീതി മന്ത്രി ഡോ. ആര്. ബിന്ദു അധ്യക്ഷത വഹിച്ചു.
ഇൻക്ലൂസിവ് ഇന്ത്യ ഭാരതയാത്രയുടെ ബ്രാൻഡ് അംബാസഡറും പാരാലിമ്പ്യനുമായ ബോണിഫെയ്സ് പ്രഭു, ഡിഫറന്റ് ആര്‍ട്ട് സെന്റര്‍ ഡയറക്ടര്‍ ജയഡാളി എം.വി, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്, ഡയറക്ടർ ഷൈല തോമസ് തുടങ്ങിയവർ പങ്കെടുത്തു.
ചടങ്ങിനോടനുബന്ധിച്ച് നര്‍ത്തകി മേതില്‍ ദേവികയുടെ സൈന്‍ ലാംഗ്വേജിന്റെ പശ്ചാത്തലത്തിലുള്ള നൃത്താവതരണവും പ്രശസ്ത ബുള്‍ബുള്‍ വാദകന്‍ ഉല്ലാസ് പൊന്നടിയുടെ സംഗീതാവിഷ്കാരവും നടന്നു.
വിഘടനവാദത്തിനും വര്‍ഗീയതക്കുമെതിരെ ഗാന്ധിസന്ദേശങ്ങളുടെ പ്രചാരണാർഥം നടത്തിയ നാല് ഭാരതയാത്രകള്‍ക്കുശേഷമാണ് ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാര്‍ക്കായി ഇന്‍ക്ലുസീവ് ഇന്ത്യ എന്ന പേരില്‍ അഞ്ചാമത്തെ ഭാരതയാത്ര സംഘടിപ്പിക്കുന്നത്. ലോക സെറിബ്രല്‍ പാൾസി ദിനമായ ഒക്ടോബര്‍ ആറിന് കന്യാകുമാരിയില്‍ നിന്നാരംഭിക്കുന്ന യാത്ര ലോക ഭിന്നശേഷിദിനമായ ഡിസംബര്‍ മൂന്നിന് ഡല്‍ഹിയില്‍ സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.