തിരുവനന്തപുരം: സംസ്ഥാനത്തെ ഡിജിറ്റൽ സർവേ നടപടികൾ ഇഴയുന്നു. ആകെയുള്ള 1666 വില്ലേജുകളുടെയും സമഗ്ര ഡിജിറ്റൽ സർവേ നാലുവർഷംകൊണ്ട് പൂർത്തിയാക്കുമെന്ന പ്രഖ്യാപനവുമായി 2021ൽ ആണ് പദ്ധതി ആരംഭിച്ചത്. എന്നാൽ, മൂന്നുവർഷം കഴിഞ്ഞിട്ടും ഒന്നാം ഘട്ടമായി പ്രഖ്യാപിച്ച 200 വില്ലേജുകളിൽ പോലും പൂർത്തിയാക്കാനായിട്ടില്ല. 175 വില്ലേജുകളുടേത് അന്തിമഘട്ടത്തിലാണെങ്കിലും എപ്പോൾ പ്രസദ്ധിപ്പെടുത്തുമെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്.
ഏതാണ്ട് പൂർത്തിയായ വില്ലേജുകളിൽനിന്ന് വന്ന പരാതികളുടെ ആധിക്യമാണ് പ്രധാന പ്രതിസന്ധി. 10 ലക്ഷത്തോളം പരാതികളെങ്കിലും വന്നിട്ടുണ്ടെന്നാണ് കണക്കു കൂട്ടൽ. മിക്കതും ഭൂമിയുടെ അളവ് വ്യത്യാസം സംബന്ധിച്ചാണ്. ഡിജിറ്റൽ സർവേ പൂർത്തിയായ വില്ലേജുകളുടെ വിവരങ്ങൾ ഒരു മാസത്തിനകം പ്രസിദ്ധീകരിക്കുമെന്നാണ് അധികൃതർ പറയുന്നത്.
കോടതി വ്യവഹാരങ്ങളിൽ ഉൾപ്പെട്ടത് ഒഴികെയുള്ള വസ്തുക്കളുടെ നടപടികൾ അതിവേഗം തീർപ്പാക്കുമെന്നും റവന്യൂവകുപ്പ് പറയുന്നു. കൂടാതെ, സ്വകാര്യ വ്യക്തികളുടെ കൈവശം അവരുടെ അതിർത്തിക്കുള്ളിലുള്ള അളവിൽ കൂടുതലുള്ള ഭൂമിക്ക് പ്രത്യേക ഉടമസ്ഥതാ രേഖ നൽകുന്നതും ആലോചനയിലെന്ന് റവന്യൂവകുപ്പ് പറയുന്നു. ഇതിനായി കരട് നിയമം ഇറക്കുന്നത് നിയമവകുപ്പിന്റെ പരിഗണനയിലുണ്ട്.
അങ്ങനെയെങ്കിൽ ഡിജിറ്റൽ സർവേയിൽ കണക്കാക്കുന്ന വിസ്തീർണം കൃത്യതയുള്ളതാണെന്ന് വിലയിരുത്തി, മുൻ സർവേ രേഖകളിൽനിന്ന് അധികമായുള്ള ഭൂമി ക്രമീകരിച്ചു നൽകാൻ പ്രത്യേക ഉടമസ്ഥാവകാശ രേഖ അനുവദിക്കാനാണ് ആലോചന. തർക്കങ്ങളില്ലാത്ത അധികഭൂമിക്ക് മാത്രമാവും ഇത്.
അതേസമയം, അളവ് കുറവാണെങ്കിൽ മറ്റ് അവകാശവാദങ്ങൾ ഉന്നയിച്ചാലും തൽക്കാലം പരിഹാരമുണ്ടാവില്ല. കേരളത്തിൽ ആകെയുള്ള 1666 വില്ലേജുകളിൽ 1550 എണ്ണത്തിലാണ് ഡിജിറ്റൽ സർവേ നടത്താൻ റവന്യൂ വകുപ്പ് തീരുമാനമെടുത്തത്. ബാക്കിയുള്ള 116 വില്ലേജുകളിൽ ഡിജിറ്റൽ രൂപത്തിലുള്ള റിയൽ ടൈം കൈൻമാറ്റിക് (ആർ.ടി.കെ) സാങ്കേതികവിദ്യ ഉപയോഗിച്ച് സർവേ പൂർത്തിയാക്കിയിട്ടുണ്ട്.
നാലുവർഷംകൊണ്ട് എല്ലാ വില്ലേജുകളിലും സർവേ തീർക്കുമെന്നാണ് രണ്ടാം പിണറായി സർക്കാർ വന്നശേഷം പ്രഖ്യാപിച്ചത്. സർവേ നടപടികൾക്കായി 1500 സർവേയർമാരെയും 3200 ഹെൽപർമാരെയും കരാർ അടിസ്ഥാനത്തിൽ നിയമിക്കുകയും ചെയ്തു. സ്വകാര്യ ഏജൻസികളുടെ നേതൃത്വത്തിൽ നടന്നുവരുന്ന ഡിജിറ്റൽ സർവേ നടപടികൾ കാര്യക്ഷമമല്ലെന്ന പരാതികളും ഏറുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.