ആലുവ: ദിലീപിനെ അറസ്റ്റ് ചെയ്യാൻ വീടിനു മുന്നിൽ കാത്തിരുന്ന അന്വേഷണ സംഘം നിരാശയോടെ മടങ്ങി. എസ്.ഐയുടെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘമാണ് ആലുവ കൊട്ടാരക്കടവിലെ ദിലീപിന്റെ വീടിനു മുന്നിൽ തമ്പടിച്ചിരുന്നത്. തിങ്കളാഴ്ച മുൻകൂർ ജാമ്യഹരജിയിൽ വിധിപറയുന്നതിന് മുന്നോടിയായി രാവിലെ 9.40 ഓടെയാണ് അന്വേഷണ സംഘം എത്തിയത്. ദിലീപിന് പുറമെ അനുജൻ അനൂപിന്റെയും മറ്റു പ്രതികളുടെ വീടുകളിലും ഉദ്യോഗസ്ഥർ എത്തിയിരുന്നു.
എന്നാൽ, ഹൈകോടതി മുൻകൂർ ജാമ്യം അനുവദിച്ചതോടെ അറസ്റ്റ് ചെയ്യുന്നതിനുള്ള പദ്ധതി പാളി. ഇതോടെ അന്വേഷണ ക്രൈംബ്രാഞ്ച് സംഘം മടങ്ങി. കേസിന്റെ തുടക്കം മുതൽ ദിലീപടക്കമുള്ള പ്രതികളെ അന്വേഷണ സംഘം നിരീക്ഷിക്കുന്നതായാണ് അറിയുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രതികളുടെ നീക്കങ്ങളെല്ലാം ക്രൈംബ്രാഞ്ച് കൃത്യമായി പിന്തുടർന്നിരുന്നു. മുൻകൂർ ജാമ്യം നിഷേധിച്ചാലുടൻ ദിലീപിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു ക്രൈംബ്രാഞ്ചിന്റെ ലക്ഷ്യം. വിധിയിൽ ആഹ്ലാദം പ്രകടിപ്പിച്ച് ദിലീപിന്റെ ആരാധകൻ വീടിനു മുന്നിൽ ലഡു വിതരണം ചെയ്തു. മുൻകൂർ ജാമ്യഹരജി ഹൈകോടതി പരിഗണനക്ക് എടുത്തതുമുതൽ ദിലീപ് പ്രാർഥനകളിൽ സജീവമായിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ ആലുവ ചൂണ്ടി എട്ടേക്കർ പള്ളി, മണപ്പുറം ക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളിൽ പ്രാർഥനക്കായി എത്തിയിരുന്നു.
കൊച്ചി: വധ ഗൂഢാലോചനക്കേസിൽ നടൻ ദിലീപ് ഉൾപ്പെടെ പ്രതികൾക്ക് മുൻകൂർ ജാമ്യം ലഭിച്ചതിനെതിരെ പ്രോസിക്യൂഷൻ സുപ്രീംകോടതിയെ സമീപിക്കും. കേസ് റദ്ദാക്കാൻ ദിലീപ് ഹൈകോടതിയെയും സമീപിക്കും. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന ഗൗരവമേറിയ കേസ് സിംഗിൾബെഞ്ച് കൈകാര്യം ചെയ്ത രീതിയിലെ അപാകതയടക്കം ചൂണ്ടിക്കാട്ടി അപ്പീൽ നൽകാനാണ് പ്രോസിക്യൂഷന്റെ ആലോചന. ദിലീപ് ഉൾപ്പെടെ പ്രതികളുടെ മുൻകൂർ ജാമ്യം റദ്ദാക്കണം, കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ അനുവദിക്കണം, അന്വേഷണ സംഘത്തിന് സ്വതന്ത്രമായി കേസ് അന്വേഷിക്കാൻ സാഹചര്യമൊരുക്കണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാകും അപ്പീൽ ഹരജി നൽകുകയെന്ന സൂചനയാണ് പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിന്റെ ഓഫിസ് നൽകുന്നത്.
അതേസമയം, നടിയെ ആക്രമിച്ച കേസിൽ തനിക്കെതിരെ തെളിവുണ്ടാക്കാൻ വ്യാജമായി കെട്ടിച്ചമച്ച കേസാണിതെന്ന് ചൂണ്ടിക്കാട്ടിയാകും കേസ് റദ്ദാക്കാൻ ദിലീപ് ഹരജി നൽകുക. ഇതേ വാദമുന്നയിച്ചായിരുന്നു മുൻകൂർ ജാമ്യഹരജിയും നൽകിയത്. അടുത്ത ദിവസം തന്നെ ഹരജി നൽകുമെന്നാണ് ദിലീപിന്റെ അഭിഭാഷകൻ മാധ്യമങ്ങളെ അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.