കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് ഉൾപ്പെടെ പ്രതികൾ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷകൾ ഹൈകോടതി ബുധനാഴ്ച പരിഗണിക്കാൻ മാറ്റി. പ്രതികളിൽനിന്ന് പിടിച്ചെടുത്ത ഡിജിറ്റൽ തെളിവുകൾ പരിശോധിക്കാനും വിശകലനം ചെയ്യാനും കൂടുതൽ സമയം വേണമെന്നും ഹരജികൾ ബുധനാഴ്ചത്തേക്ക് മാറ്റണമെന്നും പ്രോസിക്യൂഷനുവേണ്ടി ഹാജരായ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി.എ. ഷാജി ആവശ്യപ്പെട്ടു.
അന്വേഷണ വിവരങ്ങൾ ബുധനാഴ്ചക്കകം മുദ്രവെച്ച കവറിൽ സമർപ്പിക്കാമെന്നും വ്യക്തമാക്കി. തുടർന്നാണ് ജസ്റ്റിസ് പി. ഗോപിനാഥ് ഹരജികൾ മാറ്റിയത്. ദിലീപ് ഉൾപ്പെടെയുള്ള പ്രതികളെ അറസ്റ്റ് ചെയ്യുന്നത് വിലക്കിയുള്ള ഉത്തരവും ഫെബ്രുവരി രണ്ടുവരെ നീട്ടിയിട്ടുണ്ട്.
അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ഒന്നുമുതൽ ആറുവരെ പ്രതികളായ നടൻ ദിലീപ്, സഹോദരൻ അനൂപ്, സഹോദരീഭർത്താവ് ടി.എൻ. സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, മറ്റൊരു സുഹൃത്തും ഹോട്ടലുടമയുമായ ആലുവ സ്വദേശി ശരത് എന്നിവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷകളാണ് സിംഗിൾ ബെഞ്ച് പരിഗണിക്കുന്നത്. ഇവരിൽ ശരത്തിനെ ഇതുവരെ പ്രതിചേർത്തിട്ടില്ലെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കിയിരുന്നു. മറ്റു പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത പ്രോസിക്യൂഷൻ, ഇവരെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് വാദിച്ചത്.
കഴിഞ്ഞ ശനിയാഴ്ച സ്പെഷൽ സിറ്റിങ് നടത്തി വാദം കേട്ട സിംഗിൾ ബെഞ്ച്, ദിലീപ് ഉൾപ്പെടെയുള്ള ആദ്യ അഞ്ചു പ്രതികളെ മൂന്നുദിവസം ചോദ്യം ചെയ്തശേഷം അന്വേഷണ വിവരങ്ങൾ മുദ്രവെച്ച കവറിൽ നൽകാമെന്നും ഇതു പരിശോധിച്ച് തീരുമാനമെടുക്കാമെന്നും പറഞ്ഞിരുന്നു. ഇതനുസരിച്ച് ഈ മാസം 23, 24, 25 തീയതികളിൽ രാവിലെ ഒമ്പതു മുതൽ രാത്രി എട്ടുവരെ ഇവരെ ചോദ്യം ചെയ്തു. ഇതിനുപുറമെ ശേഖരിച്ച ഡിജിറ്റൽ തെളിവുകൾ പരിശോധിക്കാനാണ് കൂടുതൽ സമയം തേടിയിരിക്കുന്നത്.
വ്യാഴാഴ്ച രാവിലെ ഹരജി പരിഗണനക്കെടുക്കുന്നതിനു മുമ്പ് അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് എസ്.പി മോഹനചന്ദ്രൻ ഹൈകോടതിയിലെത്തി പ്രോസിക്യൂഷൻ ഡയറക്ടർ ജനറലുമായി ചർച്ച നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.