കോഴിക്കോട്: നടിയെ ആക്രമിച്ച കേസിന്‍റെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ നടൻ ദിലീപ് ഗൂഢാലോചന നടത്തിയെന്ന കേസിൽ സൈബർ വിദഗ്ധൻ സായ് ശങ്കറിന്‍റെ ഭാര്യയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. ശനിയാഴ്ച വൈകീട്ടോടെ സി.ഐ ഷമീറിന്‍റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ കോഴിക്കോട്ടെ ഫ്ലാറ്റിലെത്തിയാണ് ഇസ സബ്രീന സിറിലിനെ ചോദ്യം ചെയ്തത്. സായ് ശങ്കർ എവിടെയാണെന്ന് അറിയില്ലെന്നും 10 ദിവസമായി കണ്ടിട്ടെന്നുമാണ് ഇവർ ഉദ്യോഗസ്ഥരെ അറിയിച്ചത്.
കഴിഞ്ഞ ദിവസം കാരപ്പറമ്പിലെ വീട്ടിലും സായ് ശങ്കറിന്‍റെ ഭാര്യയുടെ വസ്ത്രവ്യാപാര സ്ഥാപനത്തിലും ഭാര്യാപിതാവിന്‍റെ ഫ്ലാറ്റിലും പരിശോധന നടത്തിയിരുന്നു. ഇതിൽ വീട്ടിൽനിന്ന് ഐ പാഡും രണ്ട് മൊബൈൽ ഫോണും അന്വേഷണ സംഘം കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഐ പാഡും മൊബൈൽ ഫോണുകളും വിദഗ്ധ പരിശോധനക്കയക്കും.
നേരത്തേ ചോദ്യംചെയ്യലിന് ഹാജരാകാൻ ക്രൈംബ്രാഞ്ച് സായി ശങ്കറിന് നോട്ടീസ് നൽകിയിരുന്നുവെങ്കിലും കോവിഡിന്‍റെ ലക്ഷണങ്ങളുണ്ടെന്നും ചോദ്യംചെയ്യലിന് 10 ദിവസത്തെ സാവകാശം വേണമെന്നുമാണ് ഇയാൾ അറിയിച്ചത്. എന്നാൽ, കോവിഡ് പരിശോധനഫലമൊന്നും സായി ഹാജരാക്കിയിട്ടില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഇസ സബ്രീനയുടെ ഫോണിൽനിന്ന് ദിലീപിന്‍റെ അഭിഭാഷകന്‍റെ ഫോണിലേക്ക് സന്ദേശങ്ങൾ പോയതായി അന്വേഷണസംഘത്തിന് വ്യക്തമായിട്ടുണ്ട്.
ദിലീപിന്‍റെ അഭിഭാഷകനായ രാമൻപിള്ളയുടെ ഓഫിസിലെ വൈഫൈ ഉപയോഗിച്ച് ദിലീപിന്‍റെ ഫോണിലെ വിവരങ്ങൾ സായി ശങ്കർ ലാപ്ടോപ്പിലേക്ക് മാറ്റിയതായാണ് വിവരം. ദിലീപ് കോടതിയിൽ ഹാജരാക്കാത്ത മൊബൈൽ ഫോണിലെ വിവരങ്ങളും സായ് ശങ്കറിന്‍റെ പക്കലുണ്ടെന്നാണ് ക്രൈംബ്രാഞ്ച് സംശയിക്കുന്നത്. ഇയാളെ ചോദ്യംചെയ്താൽ മാത്രമേ ഇക്കാര്യങ്ങളിൽ വ്യക്തത വരൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.