തിരുവനന്തപുരം: സർക്കാർ സർവിസിൽ നാല് ശതമാനം ഭിന്നശേഷി സംവരണത്തിനായി തയാറാക്കിയ നിർദേശം നടപ്പായാൽ മുസ്ലിം വിഭാഗത്തിന് നിലവിൽ ലഭിക്കുന്നതിൽ രണ്ട് ശതമാനം സംവരണം നഷ്ടമാകും. ഭിന്നശേഷി സംവരണത്തിനായി കണ്ടെത്തിയ ടേണുകളിൽ രണ്ടെണ്ണം പൊതുവിഭാഗവും മറ്റ് രണ്ടെണ്ണം മുസ്ലിം വിഭാഗത്തിന്റേതുമാണ്.
നിലവിലെ 12 ശതമാനം മുസ്ലിം സംവരണം പത്തായി കുറയും. വിഷയത്തിൽ സർക്കാറും പി.എസ്.സിയും അന്തിമ തീരുമാനം എടുക്കേണ്ടതുണ്ടെങ്കിലും മുസ്ലിം വിഭാഗത്തിന് നഷ്ടം വരാതെയുള്ള പരിഹാര നടപടിയൊന്നുമായിട്ടില്ല.
നേരേത്ത നിയമസഭയിൽ ടി.വി. ഇബ്രാഹിം എം.എൽ.എ വിഷയം ഉന്നയിച്ചപ്പോൾ പരിഹരിക്കുമെന്ന് മന്ത്രി ആർ. ബിന്ദു ഉറപ്പുനൽകിയിരുന്നതല്ലാതെ സർക്കാർ മുന്നോട്ട് പോയിട്ടില്ല. നാല് ശതമാനം ഭിന്നശേഷി സംവരണം നടപ്പാക്കുന്നതിനായി പി.എസ്.സിയുടെ ഒന്ന്, 26, 51, 76 ടേണുകളാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതിൽ ഒന്ന്, 51 എന്നിവ ഓപൺ േക്വാട്ട(പൊതുവിഭാഗം) ആണ്. 26, 76 എന്നിവ റൊട്ടേഷൻ ചാർട്ട് പ്രകാരം മുസ്ലിം ടേണുകളാണ്. അതിനാൽ സാമൂഹികനീതി വകുപ്പിന്റെ ഈ ഉത്തരവ് കെ.എസ്.എസ്.എസ്.ആറിലെ ചട്ടം 17 (2) (ബി) (ii) ന് വിരുദ്ധവും.
സംവരണവിഭാഗത്തിൽനിന്ന് എടുക്കുന്ന രണ്ട് ടേണുകളും മുസ്ലിംകളുടേതാണ് എന്നതാണ് പ്രത്യേകത. മറ്റ് സംവരണ വിഭാഗങ്ങളുടെ ടേണുകളൊന്നും ഇതിൽ വരുന്നില്ല. 25ന്റെ ഓരോ ബ്ലോക്കിലും ഒരു ഭിന്നശേഷി ടേൺ വേണമെന്നാണ് പുതിയ വ്യവസ്ഥ. നേരേത്ത മൂന്ന് ശതമാനം ഭിന്നശേഷി സംവരണം 1, 33, 66 എന്നിവയിൽ ഔട്ട് ഓഫ് ടേൺ ആയി നടപ്പാക്കുകയാണ് ചെയ്തിരുന്നത്.
ഒന്നിന് ശേഷം ഒന്ന് എ, 33ന് ശേഷം 33എ, 66 ന് ശേഷം 66എ എന്നിങ്ങനെ അധിക ടേൺ സൃഷ്ടിച്ച് ഭിന്നശേഷിക്കാരെ നിയമിച്ചിരുന്നു. മൂന്ന് ഭിന്നശേഷിക്കാരെ നിയമിക്കാൻ 103 നിയമനം നടത്തേണ്ട അവസ്ഥ ഇതോടെ വന്നു. 103 ൽ മൂന്ന് എന്നത് മൂന്ന് ശതമാനം ആയതുമില്ല. മറ്റ് സംവരണ വിഭാഗത്തിന്റെ ശതമാനവും 103 ൽ കണക്കാക്കിയാൽ ശതമാനം കുറഞ്ഞു. ഭിന്നശേഷി സംവരണം നടപ്പാക്കുന്നതിലെ അപാകത കൊണ്ടാണിതെന്നും ഔട്ട് ഓഫ് ടേൺ നിയമവിരുദ്ധമാണെന്നും സർക്കാർ തന്നെ നിയോഗിച്ച കമ്മിറ്റി കണ്ടെത്തി. ഇതോടെ ഔട്ട് ഓഫ് ടേൺ ഒഴിവാക്കുകയും 100 നിയമനം നടക്കുമ്പോൾ മുസ്ലിംകളുടെ രണ്ട്, ജനറലിന്റെ രണ്ട് എന്നിങ്ങനെ ടേണുകൾ നഷ്ടപ്പെടാൻ കാരണമാവുന്ന നിർദേശമായി മാറുകയും ചെയ്തു.
കെ.എസ്.എസ്.ആറിൽ ഭേദഗതി വരുത്തി റിസർവേഷൻ ചാർട്ട് പുനഃസംഘടിപ്പിച്ചാൽ മുസ്ലിം സംവരണം കുറയുന്ന പ്രശ്നം പരിഹരിക്കാനാകുമെന്ന അഭിപ്രായം ഉയർന്നിട്ടുണ്ട്. ഭിന്നശേഷി സംവരണം ഓപൺ േക്വാട്ടയിലേക്ക് മാറ്റി നിർണയിക്കാനാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 26 എന്ന ഭിന്നശേഷി ടേൺ 27 ലേക്കും 76 എന്നത് 77 ലേക്കും മാറ്റി ഓപൺ േക്വാട്ടയിലേക്ക് മാറ്റിയാൽ പ്രശ്നം പരിഹരിക്കാനാകും.
26, 76 ടേണുകൾ ഭിന്നശേഷിയിലേക്ക് മാറ്റുമ്പോൾ ആ ടേണുകളിൽ ഭിന്നശേഷി സംവരണത്തിൽ വരുന്ന ഉദ്യോഗാർഥി ഏത് വിഭാഗത്തിൽ പെടുന്നതാണോ ആ സമുദായത്തിന്റെ അടുത്ത ടേണിൽ അത് മുസ്ലിം വിഭാഗത്തിന് കൈമാറാമെന്ന നിർദേശം ഇപ്പോൾ പരിഗണിക്കുന്നുണ്ട്. എന്നാൽ ഇത് മുസ്ലിം വിഭാഗത്തിന് വൻതോതിൽ അവസരനഷ്ടം ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രധാനപ്പെട്ട തസ്തികകളിലേക്കെല്ലാം ഒരു റാങ്ക് ലിസ്റ്റിൽ നിന്ന് 30 വരെയാണ് സാധാരണ നിയമനം നടക്കുക. ടേൺ മാറ്റിയാലും പിന്നീട് ഇത് നികത്തപ്പെടാനാകില്ല. ദീർഘഭാവിയിൽ ഇത് വലിയ പ്രാതിനിധ്യ നഷ്ടമായി മാറുകയും ചെയ്യും.
തിരുവനന്തപുരം: നിലവിലെ സംവരണത്തെ ബാധിക്കാതെ ഭിന്നശേഷി സംവരണം നടപ്പാക്കാനുള്ള നിർദേശം ടി.വി. ഇബ്രാഹിം എം.എൽ.എ സർക്കാറിന് സമർപ്പിച്ചു. 100 പോയന്റുള്ള റോസ്റ്റർ 25 വീതമുള്ള നാല് ബ്ലോക്ക് ആയി തിരിച്ച് ഓരോ ബ്ലോക്കിലും ലഭ്യമായ/ ഉചിതമായ ഭിന്നശേഷിക്കാരെ ഹോറിസോണ്ടൽ സംവരണം വഴി അതത് കാറ്റഗറിയുടെ ഉള്ളിൽ ഉൾപ്പെടുത്തി കെ.എസ്.എസ്.ആർ. വ്യവസ്ഥ തെറ്റിക്കാതെ നിയമിക്കണമെന്നാണ് അദ്ദേഹത്തിന്റെ നിർദേശം.
ഇത് ചെയ്യാത്തത് ഭിന്നശേഷിക്കാരോടുള്ള ക്രൂരതയാണെന്നും നിലവിൽ സർക്കാർ തുടരുന്ന ഭിന്നശേഷി സംവരണം വെർട്ടിക്കൽ ആയതിനാൽ അത് ചൂണ്ടിക്കാട്ടി ആരെങ്കിലും കോടതിയെ സമീപിച്ചാൽ സംസ്ഥാനത്തെ ഭിന്നശേഷി സംവരണം നിയമക്കുരുക്കിലാകുമെന്നും അദ്ദേഹം പറയുന്നു.
നിയമന റൊട്ടേഷൻ ചാർട്ടിൽ മുസ്ലിംകളുടെ നിയമപ്രകാരമുള്ള ഊഴങ്ങൾ ഭിന്നശേഷിക്കാർക്ക് നൽകുക വഴി കെ.എസ്.എസ്.ആർ. ചട്ടം തെറ്റിച്ചത് നിയമപരമായി ചോദ്യം ചെയ്യപ്പെട്ടാൽ മൊത്തം നിയമനങ്ങൾ അവതാളത്തിലാവും. ഔട്ട് ഓഫ് ടേൺ നിയമനം നിയമവിരുദ്ധമായതിനാൽ അത് ചോദ്യം ചെയ്യപ്പെട്ടാലും നിയമനങ്ങൾ മൊത്തം കുരുക്കിൽ പെടും.
ഇതിന് പരിഹാരമായി ഭിന്നശേഷി സംവരണം ഹോറിസോണ്ടലായി നടത്തണം. ഇതിന് പ്രത്യേക ടേൺ ഏർപ്പെടുത്താതെ, 100 പോയന്റ് റോസ്റ്റർ നാല് ബ്ലോക്കുകളായി തിരിച്ച് ഓരോ ബ്ലോക്കിെലയും ഏറ്റവും ഉചിതമായ ഭിന്നശേഷി ഉദ്യോഗാർഥിയെ കണ്ടെത്തി നിയമിക്കണമെന്നും മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.