1996 ഒക്ടോബര്‍ നാലിനാണ് കേരളത്തെ ഞെട്ടിച്ച സംഭവവികാസം പാലക്കാട് കലക്ടറേറ്റിൽ അരങ്ങേറിയത്. രാവിലെ പത്തരയോടെ കലക്ടര്‍ ഡബ്ല്യു.ആര്‍.റെഡ്ഡിയുടെ കാബിനിൽ കടന്ന നാൽവർ സംഘം അദ്ദേഹശത്ത ബന്ദിയാക്കുകയായിരുന്നു. അയ്യങ്കാളിപ്പടയാണ് തങ്ങൾ എന്ന് സംഘം അറിയിച്ചു. അവരുടെ കൈയില്‍ തോക്കും ബോംബുമുണ്ടെന്ന വാര്‍ത്ത പരന്നു.സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി ഒരു ജില്ലാ കളക്ടര്‍ ജില്ലാ ഭരണകേന്ദ്രത്തില്‍ തന്നെ ബന്ദിയാക്കപ്പെട്ടു. കല്ലറ ബാബു, വിളയോടി ശിവന്‍കുട്ടി, കാഞ്ഞങ്ങാട് രമേശന്‍, അജയന്‍ മണ്ണൂര്‍ എന്നീ ചെറുപ്പക്കാരിയിരുന്നു സംസ്ഥാന ഭരണകൂടത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ആ സംഘത്തിലുണ്ടായിരുന്നത്.
കാഞ്ഞങ്ങാട് രമേശൻ ആ കഥ പറയുന്നു
കമാൻഡോ ഓപ്പറേഷൻ പ്രതീക്ഷിച്ചാണ് കലക്ടറുടെ ചേംബറിലേക്ക് കയറിയതെന്ന് അയ്യങ്കാളിപ്പടയുടെ സമരത്തിൽ പങ്കെടുത്ത കാഞ്ഞങ്ങാട് രമേശൻ. കലക്ടറെ ബന്ധിയാക്കിയാൽ സാധാരണ കമാൻഡോ ഓപറേഷനാണ് സർക്കാർ ആലോചിക്കുക. അത് കേരളത്തിലും സംഭവിക്കുകയും എന്നാണ് പ്രതീക്ഷിച്ചത്. എന്നാൽ, കലക്ടറെ ബന്ധിയാക്കിയപ്പോൾ ഉദ്യോഗസ്ഥർക്ക് സംഭവിക്കുന്നത് എന്താണെന്ന് തിരിച്ചറിയാനായില്ല. ഇക്കാര്യത്തിൽ കേരള പൊലീസിന് പരിചയക്കുറവ് ഉണ്ടായിരുന്നു. അത് പെട്ടെന്ന് നടപടി സ്വീകരിക്കുന്നതിന് തടസമായി. അന്നത്തെ രാഷ്ട്രീയ സാഹചര്യവും വ്യത്യസ്തമായിരുന്നു. നിയമസഭയിൽ അംഗമാകാതെ ഇ.കെ. നായനാർ മുഖ്യമന്ത്രിയായി കാലം. തലശ്ശേരി എം.എൽ.എ അദ്ദേഹത്തിനുവേണ്ടി രാജിവെച്ച് നായനാർ ജനവിധി തേടുകയായിരുന്നു.
കലക്ടറുടെ മുറിയിൽനിന്ന് പുറത്തേക്ക് നോക്കുമ്പോൾ കാണുന്നത് കെട്ടിടത്തിനു പുറകിലുള്ള കുറ്റിക്കാട് നിറഞ്ഞ സ്ഥലത്ത് തോക്ക് പിടിച്ച് പൊലീസ് കിടക്കുന്നതാണ്. അകത്തുകയറിയവരുടെ കൈയിൽ ആയുധങ്ങൾ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട് ചെയ്തത്. അക്കാര്യമൊക്കെ 'പട' എന്ന സിനിമ സംവിധാനം ചെയ്യുന്ന കമലിനോട് പറഞ്ഞിട്ടണ്ട്. ആദിവാസി ഭൂപ്രശ്നം ജനങ്ങളിലേക്ക് എത്തിക്കാനുള്ള സിനിമയാണ് ചിത്രീകരിക്കുന്നതെന്നാണ് കമൽ പറഞ്ഞത്. അതിൽ സർക്കാറിന്‍റെയും കലക്ടറുടെയും ഒക്കെ പ്രതികരണങ്ങൾ ഉണ്ടാകും. കലക്ടറെ തോക്കിൻമുനയിൽ നിർത്തിയാണ് ഭയപ്പെടുത്തിയത്. അദ്ദേഹത്തിന് കളിത്തോക്കാണെന്ന് മനസിലായില്ല. കലക്ടർ ഒരു സാധാരണ മനുഷ്യനാണ്. മരണത്തിൽ അദ്ദേഹത്തിനും ഭയമുണ്ട്. അപ്പോൾ അദ്ദേഹത്തിന് ഭരണകൂടത്തിന്‍റെ സംരക്ഷണം ഉണ്ടായിരുന്നില്ല. അദ്ദേഹം ഭാര്യയെയും മക്കളെയും കുറിച്ചായിരിക്കും ആലോചിച്ചത്. ഞങ്ങളാകട്ടെ മരണം മുന്നിൽ കണ്ടാണ് സമരത്തിനു പോയത്. ചീഫ് സെക്രട്ടറിക്ക് അടക്കം ഫോൺ ഡയൽ ചെയ്ത് തന്നത് കലക്ടറാണ്.
എന്നാൽ, സമരം കഴിഞ്ഞു ഞങ്ങൾ ജനങ്ങളുടെ മുന്നിലേക്ക് വന്നില്ല. ഇന്ന് ആലോചിക്കുമ്പോൾ ഒളിവിൽ പോകാതെ ജനങ്ങളുടെ മുന്നിലേക്ക് വരുന്നതായിരുന്നു ശരി എന്ന് തോന്നുന്നു. അന്നത്തെ പാർട്ടിക്ക് അത് മനസിലാക്കാൻ കഴിഞ്ഞില്ല. സമരം നടത്തിയ നാലുപേർക്കും ജനങ്ങളുടെയിടയിൽ നിന്ന് കിട്ടാനിടയുള്ള സ്വീകാര്യതയെ കുറിച്ച് പാർട്ടി ചിന്തിച്ചില്ല. അത് പാർട്ടിക്ക് സംഭവിച്ച വീഴ്ചയാണ്. സമരം കഴിഞ്ഞ് ഒന്നര വർഷത്തോളം വയനാട്ടിലാണ് താൻ ഒളിവിൽ കഴിഞ്ഞത്. ഡി.വൈ.എസ്.പി ഓഫീസിന് സമീപം ആയിരുന്നു താമസം. ഒരു ദിവസം പൊലീസ് കൽപ്പറ്റ സ്റ്റേഷനിലേക്ക് കൊണ്ടുപോയി സെല്ലിൽ അടച്ചു. പൊലീസ് പിടിക്കില്ലെന്ന് അമിത ആത്മവിശ്വാസം ഉണ്ടായിരുന്നു. അക്കാലത്ത് മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായിട്ടാണ് വയനാട്ടിൽ ജീവിച്ചത്. അക്ബർ എന്ന പേരിലാണ് വയനാട്ടിൽ പാർട്ടി പ്രവർത്തനം നത്തിയത്. അതായിരിക്കാം പൊലീസുകാരിൽ സംശയം ഉണ്ടാക്കിയത്.
ഒരു ദിവസം പൊലീസ് കൽപ്പറ്റ സ്റ്റേഷനിലേക്ക് പിടിച്ചു കൊണ്ടുപോയി. പൊലീസ് കാര്യമായി ഒന്നും ചോദിക്കാതെ സെല്ലിൽ അടച്ചു. കുറച്ചു കഴിഞ്ഞപ്പോൾ എസ്.പി. വന്നു. വസ്ത്രങ്ങളല്ലാം അഴിച്ചു പരിശോധിച്ചപ്പോൾ അക്ബർ അല്ല എന്ന് വ്യക്തമായി. കണ്ണൂരാണ് സ്വദേശം എന്ന് ആദ്യം പറഞ്ഞു. കണ്ണൂരിലുള്ള വ്യാജ വിലാസം പറഞ്ഞു. അവർ അന്വേഷിച്ചപ്പോൾ കണ്ണൂരിൽ അങ്ങനെ ഒരാൾ ഇല്ല. പിന്നീട് എസ്.പിയോട് സത്യം പറയാൻ തീരുമാനിച്ചു. എസ്.പിയോട് സംസാരിക്കണമെന്ന് പൊലീസുകാരോട് ആവശ്യപ്പെട്ടു. രമേശൻ ആണെന്നും പാലക്കാട് അയ്യങ്കാളിപ്പടയുടെ സമരത്തിലെ പ്രതിയാണെന്നും എസ്.പിയോട് പറഞ്ഞു. അദ്ദേഹം ചായ വാങ്ങി തന്നു. പിന്നീട് ഭക്ഷണവും സിഗരറ്റും എത്തിച്ചു. അതിനുശേഷം പാലക്കാട് നോർത്ത് പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി. അന്ന് ഐ.പി.എസ് റാങ്കിലുള്ള ആരും മോശമായി സംസാരിച്ചില്ല. 'നിങ്ങൾ വിചാരിക്കും പോലെയല്ല കേരളത്തിലെ പൊലീസ്' എന്ന് അവർ ആവർത്തിച്ചു പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥർക്കായി ഇളനീർ കൊണ്ടുവന്നപ്പോൾ അതും അവർ തന്നു. സാധാരണ പൊലീസുകാർക്ക് ഇതൊന്നും മനസിലായില്ല. ഭരണകൂടം ആദിവാസികളുടെ പ്രശ്നം പരിഹരിക്കുമെന്നാണ് ഉദ്യോഗസ്ഥർ ആവർത്തിച്ചത്. കേസ് വിചാരണക്കായി കോടതിയിൽ എത്തിയപ്പോൾ ജഡ്ജിയും മാന്യമായി പെരുമാറി.
കോടതിക്കുള്ളിൽ ദീർഘനേരം നിൽക്കാനാവില്ലെന്നും ഇരിക്കാൻ ബെഞ്ച് വേണമെന്നും ആവശ്യപ്പെട്ടു. കോടതി അത് പരിഗണിച്ച് ബഞ്ച് അനുവദിച്ചു. ഞങ്ങൾ പുറത്ത് ഇറങ്ങുമ്പോൾ ആ ബെഞ്ച് എടുത്തു മാറ്റും. അക്കാലത്ത് കോടതിക്ക് അകത്തും പുറത്തും ഞങ്ങൾക്കൊരു വീരപരിവേഷം ആയിരുന്നു. വക്കീലന്മാർ പലരും കേസ് നടക്കുമ്പോൾ കോടതിയിൽ കാണാനെത്തി. ശിക്ഷ വിധിക്കുന്നതിന് മുമ്പ് പ്രതികൾക്ക് എന്തെങ്കിലും പറയാനുണ്ടോ കോടതി ചോദിച്ചു. മൂന്നുപേരും കോടതി വിധി സ്വാഗതം ചെയ്തു. ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചു നൽകണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തിയതിനാണ് ഭരണകൂടം കേസെടുത്തത്. അതിന് പരമാവധി ശിക്ഷ നൽകണം എന്നാണ് ഞങ്ങൾ ആവശ്യപ്പെട്ടത്. കോടതി ശിക്ഷ മൂന്നുവർഷമായി കുറച്ചു. അതോടൊപ്പം കോടതി ചില കാര്യങ്ങളും ചൂണ്ടിക്കാണിച്ചു. ഇവർ വ്യക്തിപരമായ ആവശ്യത്തിനല്ല സമരം നടത്തിയത്. ആദിവാസികൾക്കു വേണ്ടിയാണ് സമരം ചെയ്തത്. ബന്ധിയാക്കിയ കലക്ടർക്ക് വെള്ളവും ബിസ്കറ്റും പഴവും കൊടുത്തു. കോടതിയുടെ അനുഭാവത്തിന് അതായിരുന്നു കാരണം.
വിദ്യാർഥി രാഷ്ട്രീയത്തിൽ നിന്ന് തുടക്കം
ഒമ്പതാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് രമേശന് വിപ്ലവ പാർട്ടിയുമായി ആഭിമുഖ്യം തോന്നിയത്. റെഡ്ഗാർഡ് എന്ന വിദ്യാർഥി സംഘടന അന്ന് സ്കൂളിൽ ഉണ്ടായിരുന്നു. കാഞ്ഞങ്ങാട്ടെ ദുർഗ സ്കൂളിലെ പത്തോളം കുട്ടികൾ അംഗങ്ങളായി. ജനകീയ സാംസ്കാരികവേദിയുടെ രാജീവൻ ആയിരുന്നു വിപ്ലവാശയങ്ങൾ വിദ്യാർഥികൾക്ക് കൈമാറിയത്. അരിവാളിനും ചുറ്റികക്കും വോട്ട് ചെയ്യുന്ന കമ്യൂണിസ്റ്റുകാരായിരുന്നു വീട്ടുകാർ. അമ്മാവൻ ട്രാൻസ്പോർട്ട് കണ്ടക്ടർ ആയിരുന്നു. ജോലിക്ക് പോയിട്ട് മടങ്ങി വരുമ്പോൾ നിരവധി ലിറ്റിൽ മാഗസിനുകൾ വാങ്ങി വീട്ടിലേക്ക് വരും. അതെല്ലാം വായിച്ചാണ് സ്കൂളിലേക്ക് പോയത്. മാഗസിനിലെ മുദ്രാവാക്യങ്ങൾ സ്കൂളിലെ ബ്ലാക്ക് ബോർഡിൽ എഴുതിയിട്ടു.
എസ്.എസ്.എൽ.സി കഴിഞ്ഞ് കോളേജിലെത്തി. അവിടെ വിപ്ലവ വിദ്യാർഥി സംഘടനയുടെ ഭാഗമായി. നക്സലൈറ്റുകൾ അക്കാലത്ത് പാർട്ടിയും ബഹുജന സംഘടനയും രണ്ടായിട്ടാണ് കണ്ടിരുന്നത്. ചില ആളുകൾ പാർട്ടിക്കാർ ആയിരുന്നു. അഡ്വ. പീതാംബരൻ പാർട്ടിയുടെ ആളായിരുന്നു. ഇപ്പോഴത്തെ സിനിമ നടൻ ജോയി മാത്യു കോളജിലെത്തി നാടകസംഘമൊക്കെ രൂപീകരിച്ചിട്ടുണ്ട്. തലശ്ശേരി ആർ.എസ്.എസ്-സി.പി.എം സംഘർഷം നടക്കുന്ന കാലത്താണ് അതിനെതിരെ നാടകം കളിച്ചത്. ജോൺ അബ്രഹാമും കയ്യൂർ സമരം സിനിമയാക്കാൻ വേണ്ടി അവിടെയെത്തി. നാട്ടിൽ ഫിലിം സൊസൈറ്റി രൂപീകരിച്ച് പ്രവർത്തനം തുടങ്ങി. ഒഡേസയുമായി സഹകരിച്ചു. 'അമ്മ അറിയാൻ' അടക്കമുള്ള സിനിമകൾ ഗ്രാമങ്ങളിൽ പ്രദർശനം നടത്തി. ഇപ്പോൾ എൻഡോസൾഫാൻ സമരത്തിന് നേതൃത്വം നൽകുന്ന അമ്പലത്തറ കുഞ്ഞികൃഷ്ണൻ അക്കാലത്ത് സി.പി.എം (എം.എൽ) നേതാവായിരുന്നു. അദ്ദേഹമാണ് തന്നെ പാർട്ടിയിലേക്ക് കൊണ്ടുവന്നത്. തുടർന്ന് കേരളീയ യുവജനവേദിയുടെ സംസ്ഥാന ട്രഷറർ ആയി. കെ. വേണു പാർട്ടി പിരിച്ചു വിട്ടതോടെ കണ്ണമ്പിള്ളി മുരളിയുടെ നേതൃത്വത്തിൽ കേരള കമ്യൂണിസ്റ്റ് പാർട്ടി രൂപീകരിച്ചു.
അക്കാലത്താണ് കല്ലറ ബാബുവിനെയും ശിവൻകുട്ടിയെയും കാണുന്നത്. മണ്ണൂർ അജയനെക്കുറിച്ച് നേരത്തെ കേട്ടിരുന്നു. ജനകീയ യുദ്ധം വികസിപ്പിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് അയ്യങ്കാളിപ്പടക്ക് രൂപം നൽകിയത്. ആദിവാസി-ദലിത് ജനവിഭാഗങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കാനായിരുന്നു തീരുമാനം. ജനകീയ സാംസ്കാരികവേദി പെറ്റി ബുർഷ്വാ വിഭാഗം നേതൃത്വം നൽകിയ സംഘടനയായിരുന്നുവെന്നാണ് വിലയിരുത്തിയത്. പെറുവിലും നേപ്പാളിലും പോരാട്ടം നടത്തുന്നതു പോലെ ജനകീയസേന കേരളത്തിൽ ഉണ്ടാകുമെന്ന് സ്വപ്നം കണ്ടിരുന്നു.
പട സിനിമയാകുന്നു
കാൽ നൂറ്റാണ്ട് മുമ്പ് നടന്ന സംഭവത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് കെ.എം. കമൽ പട എന്ന സിനിമ ഒരുക്കുന്നത്. കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, വിനായകന്‍, പ്രകാശ് രാജ് എന്നിവരാണ് പടയിലെ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നത്. മുകേഷ് ആര്‍.മെഹ്ത, എ.വി.അനൂപ്, സി.വി.സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
നായനാര്‍ മന്ത്രിസഭ (1996-2001) പാസാക്കിയ ഒരു നിയമഭേദഗതിയായിരുന്നു ബന്ദിയാക്കൽ സമരത്തിന് കാരണം. ആദിവാസികള്‍ക്ക് നഷ്ടപ്പെട്ടുപോയ ഭൂമി തിരിച്ചുകൊടുക്കണമെന്ന വ്യവസ്ഥ മാറ്റി അവർക്ക് മറ്റൊരിടത്ത് ഭൂമി കൊടുത്താല്‍ മതിയെന്നായിരുന്നു നിയമഭേദഗതി. യുഡിഎഫ്-എല്‍ഡിഎഫ് എം.എല്‍.എ.മാര്‍ ഐകകണ്ഠ്യേന നിയമം പാസാക്കി.എന്നാൽ ജെ.എസ്എ.സ് അംഗം കെ. ആര്‍.ഗൗരിയമ്മ മാത്രം ഭേദഗതിയെ എതിര്‍ത്തു. ഈ നിയമം പിന്‍വലിക്കണമെന്നായിരുന്നു അയ്യങ്കാളിപ്പടയുടെ ആവശ്യം.
ഏഷ്യാനെറ്റ് വാര്‍ത്താസംഘം വന്നതിന് ശേഷമേ ചര്‍ച്ചയ്ക്ക് തയ്യാറാകൂ എന്ന് സംഘം ഡിമാന്‍ഡ് വെച്ചിരുന്നു. ചർച്ച നടക്കുന്ന കാര്യം ആകാശവാണിയിലൂടെ പ്രക്ഷേപണം ചെയ്യണമെന്നതായിരുന്നു മറ്റൊരു ആവശ്യം.അന്ന് കേരളത്തിലെ ടെലിവിഷൻ ചാനലായി ഏഷ്യാനെറ്റ് മാത്രമാണ് ഉണ്ടായിരുന്നത്. കോഴിക്കോട് നിന്നും ഏഷ്യാനെറ്റ് വാര്‍ത്താ സംഘം ഉച്ചതിരിഞ്ഞ് രണ്ടരയോടെ പാലക്കാടെത്തി.
വാര്‍ത്താ സംഘം വന്ന ശേഷം മധ്യസ്ഥ ചര്‍ച്ചകള്‍ പലവട്ടം നടന്നു. ഒടുവില്‍ ഒമ്പത് മണിക്കൂറിന് ശേഷം കളക്ടറെ മോചിപ്പിച്ചു. ഏതാണ്ട് ആറുമണിയോടെ. വിഷയം ഗൗരവമായെടുക്കാമെന്ന സര്‍ക്കാരിന്റെ ഉറപ്പ് മാത്രം സ്വീകരിച്ചുകൊണ്ടായിരുന്നു അത്. ഈ പ്രശ്‌നം ജനശ്രദ്ധയില്‍ എത്തിക്കുകയായിരുന്നു അയ്യങ്കാളിപ്പടയുടെ ലക്ഷ്യം. കളക്ടറെ വിട്ടയച്ചതിന് ശേഷം എഴുതി തയ്യാറാക്കിയിരുന്ന പ്രസ്താവന കല്ലറ ബാബു വായിച്ചു.
"ഞങ്ങളുടെ ആവശ്യങ്ങള്‍ വളരെ ചെറുതാണ്. നിങ്ങള്‍ നിങ്ങളുടെ ഭരണഘടനയോടും നിയമവ്യവസ്ഥയോടും നീതി പുലര്‍ത്തണം. മനുഷ്യാവകാശ ധാരണങ്ങള്‍ക്കെതിരായ ആദിവാസി ഭൂമിസംരക്ഷണ ഭേദഗതി റദ്ദാക്കണം. മര്‍ദിതരുടെ ഐക്യം തകര്‍ത്ത് നിങ്ങളുടെ വൃത്തികെട്ട വ്യവസ്ഥയെ സംരക്ഷിക്കാനുള്ള ഈ നീക്കത്തെ സര്‍വ്വശക്തിയും ഉപയോഗിച്ച് ഞങ്ങള്‍ ചെറുക്കും."
മുന്‍ധാരണ പ്രകാരം നാലുപേരേയും പോകാന്‍ അനുവദിച്ചു. പക്ഷെ, പിന്നീട് എല്ലാവരേയും പൊലീസ് അറസ്റ്റ് ചെയ്തു. കളിത്തോക്കും നൂലുണ്ടയും പ്ലാസ്റ്റിക് പൈപ്പുകളും ഉപയോഗിച്ചാണ് ജില്ലാ കളക്ടറെ ബന്ദിയാക്കിയതെന്ന് അയ്യങ്കാളിപ്പട വെളിപ്പെടുത്തി. സംസ്ഥാനത്തെ ആദിവാസികളുടെ സമരചരിത്രത്തിലെ നിർണായക സംഭവങ്ങളിലൊന്നായി ഇത് രേഖപ്പെടുത്തപ്പെട്ടു.
സമീര്‍ താഹിറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചത്. ഷാന്‍ മുഹമ്മദാണ് ചിത്രസംയോജനം നിര്‍വ്വഹിക്കുന്നത്.വിഷ്ണു വിജയനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഗോകുല്‍ ദാസ് കലാസംവിധാനവും, അജയന്‍ അടാട്ട് ശബ്ദസംവിധാനവും നിര്‍വ്വഹിക്കുന്നു. ഏറെ പ്രേക്ഷക-നിരൂപക പ്രശംസ നേടിയ ഐ.ഡിക്ക് ശേഷം കമല്‍ കെ.എം ഒരുക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് പട. മാര്‍ച്ച് 10 മുതല്‍ ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.