കൊച്ചി: പ്രായം 50 പിന്നിട്ടെന്ന വാദം നിരത്തി അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ കൊച്ചി പതിപ്പിെൻറ ഉദ്ഘാടന ചടങ്ങിൽ തിരിതെളിക്കുന്ന അവാർഡ് ജേതാക്കളായ ചലച്ചിത്രകാരന്മാരുടെ പട്ടികയിൽനിന്ന് നടൻ സലിംകുമാറിനെ ഒഴിവാക്കിയതിൽ പ്രതികരണവുമായി സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ കമൽ. സലിംകുമാറിന് വിഷമമുണ്ടെങ്കിൽ നേരിൽ മാപ്പ് ചോദിക്കാൻ ഒട്ടും മടിയില്ലെന്ന് കമൽ പ്രതികരിച്ചു.
അദ്ദേഹത്തെ മനഃപൂർവം ഒഴിവാക്കേണ്ട കാര്യമില്ല. എല്ലാ അവാർഡ് ജേതാക്കളെയും വേദിയിൽ കൊണ്ടുവരാനാകില്ല. ചെറുപ്പക്കാരായ ചലച്ചിത്ര പ്രവർത്തകരെയാണ് ഉദ്ദേശിച്ചത്. മമ്മൂട്ടിയും മോഹൻലാലും ഒന്നും വരുന്നില്ല. മേളയിൽ രാഷ്ട്രീയം കൂട്ടിക്കലർത്തരുത്. സലിംകുമാറിനെ അവഗണിച്ചിട്ടില്ലെന്നും അദ്ദേഹത്തെ ഒഴിവാക്കി മേള നടക്കില്ലെന്നും കമൽ കൂട്ടിച്ചേർത്തു.
ദേശീയ അവാർഡ് ഉൾപ്പെടെ നേടിയ എറണാകുളം ജില്ലക്കാരനായ താൻ സ്വാഭാവികമായും മേളക്ക് തിരിതെളിക്കുന്നവരിൽ ഉണ്ടാകുമെന്ന് വിചാരിച്ചുവെന്ന് സലിംകുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ചൊവ്വാഴ്ച വരെ ഒന്നും കേൾക്കാതായപ്പോൾ കമ്മിറ്റി അംഗമായ സംവിധായകൻ സോഹൻലാലിനെ വിളിച്ചുചോദിച്ചു. ചെറുപ്പക്കാരാണ് തിരിതെളിക്കുന്നതെന്നും പ്രായമായവരെ ഒഴിവാക്കിയിട്ടുണ്ടെന്നും മറുപടി ലഭിച്ചു. അമൽ നീരദും ആഷിഖ് അബുവുമൊക്കെ ജൂനിയറായി മഹാരാജാസിൽ പഠിച്ചിരുന്നവരാണ്. എങ്ങനെയാണ് തനിക്കുമാത്രം പ്രായക്കൂടുതലാകുന്നതെന്ന് മനസ്സിലാകുന്നില്ല. 90 വയസ്സായെങ്കിൽ ഒാക്കെ. അവരെക്കാൾ മൂന്നുവയസ്സ് കൂടിയതിെൻറ പേരിൽ ഒഴിവാക്കിയത് ശരിയായില്ലെന്ന് പറഞ്ഞപ്പോൾ സോഹൻ സീനുലാൽ ഫോൺ കട്ട് ചെയ്തു.
പിന്നീട് പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ വിളിച്ച് പരിപാടിക്ക് വരാനാകുമോയെന്ന് ചോദിച്ചു. ഇത് ആളെ കളിയാക്കാനാണ്. ഒരുമാസം മുമ്പ് തയാറാക്കിയ ലിസ്റ്റിനെ സംബന്ധിച്ച് അങ്ങോട്ട് വിളിച്ചുചോദിച്ചപ്പോൾ വേണമെങ്കിൽ അവസരം നൽകാമെന്ന മറുപടി. അവാർഡ് കിട്ടിയ ഏക കോൺഗ്രസുകാരനാണ് താൻ. അതുകൊണ്ട് അവർക്ക് അടുപ്പിക്കാൻ പറ്റില്ല. ഒരു സി.പി.എം മേളയാണ് നടക്കുന്നതെന്നും സലിംകുമാർ പറഞ്ഞു.
മുതിർന്ന സംവിധായകൻ കെ.ജി. ജോർജിെൻറ നേതൃത്വത്തിൽ സരിത തിയറ്ററിൽ ബുധനാഴ്ച വൈകീട്ട് ആറിനാണ് ചടങ്ങ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.