കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ നടൻ ദിലീപ് ഉൾപ്പെടെയുള്ളവർ ഗൂഢാലോചന നടത്തിയെന്ന കേസിൽ സംവിധായകൻ നാദിർഷയിൽനിന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം മൊഴിയെടുത്തു. ദിലീപിന്റെ ചാർട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴിയും രേഖപ്പെടുത്തി. ദിലീപിന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഇയാളിൽനിന്ന് ചോദിച്ചറിഞ്ഞത്.
നാദിർഷയിൽനിന്ന് മൊഴിയെടുപ്പ് മൂന്നു മണിക്കൂറിലേറെ നീണ്ടു. ചോദ്യംചെയ്യലിന് ഹാജരാകാൻ രണ്ടാഴ്ചക്ക് മുമ്പ് നാദിർഷയോട് ആവശ്യപ്പെട്ടിരുന്നു. വിദേശത്താണെന്ന് അറിയിച്ചതിനെ തുടർന്ന്, മടങ്ങിയെത്തിയ ശേഷം ചോദ്യം ചെയ്യലിന് ഹാജരാകുകയായിരുന്നു. ദിലീപുമായി സൗഹൃദവും സിനിമ, സാമ്പത്തിക ഇടപാടുകളും ഉണ്ടെന്നത് ഒഴിച്ചാൽ മറ്റ് ഇടപെടലുകളുമായി ബന്ധമില്ലെന്നാണ് നാദിർഷയുടെ മൊഴി എന്നറിയുന്നു.
ഗൂഢാലോചനക്കേസിൽ ചോദ്യം ചെയ്യാനുള്ളവരുടെ പട്ടിക നേരത്തേ തയാറാക്കിയിരുന്നു. ഈ പട്ടികയിലുള്ളവരുടെ ചോദ്യം ചെയ്യലാണ് നടന്നതെന്നാണ് അന്വേഷണ സംഘം നൽകുന്ന വിവരം. ദിലീപിന്റെ സഹോദരന്‍ അനൂപിനെ ചോദ്യം ചെയ്യാനും നോട്ടീസ് നൽകിയിട്ടുണ്ട്. തിങ്കളാഴ്ച കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫിസിൽ നേരിട്ട് ഹാജരാകാനാണ് ആവശ്യപ്പെട്ടത്. അനൂപിന്റെ ഫോണ്‍ പരിശോധനഫലം ലഭിച്ചശേഷമാണ് നടപടി. ദിലീപ്, സഹോദരീ ഭർത്താവ് ടി.എൻ. സുരാജ് എന്നിവരുടെ ഫോൺ വിവരങ്ങൾ സൈബർ, ഫൊറൻസിക് പരിശോധനകൾക്കുശേഷം ഉടൻ ലഭിക്കുമെന്നും അന്വേഷണ സംഘം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.