തിരുവനന്തപുരം: യുവ സംവിധായിക നയന സൂര്യയുടെ ദുരൂഹ മരണത്തെക്കുറിച്ച അന്വേഷണം തിരുവനന്തപുരം ക്രൈംബ്രാഞ്ച് യൂനിറ്റിന് കൈമാറി. ക്രൈംബ്രാഞ്ച് എസ്.പി എസ്. മധുസൂദനന്റെ നേതൃത്വത്തിലെ സംഘം അന്വേഷിക്കും. ഡിവൈ.എസ്.പി ജലീൽ തോട്ടത്തിലാണ് മുഖ്യഅന്വേഷണ ഉദ്യോഗസ്ഥൻ. തെളിയിക്കപ്പെടാത്ത കേസായി മ്യൂസിയം പൊലീസ് അന്വേഷണം അവസാനിപ്പിച്ചിരുന്നു. മരണകാരണം കഴുത്തിനേറ്റ പരിക്കാണെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് ദുരൂഹത വർധിച്ചത്.
ഡി.സി.ആർ.ബി അസി. കമീഷണർ ജെ.കെ. ദിനിലിനോട് പുനരന്വേഷണ സാധ്യത പരിശോധിക്കാൻ നിർദേശിച്ചിരുന്നു. അന്വേഷണത്തിൽ മ്യൂസിയം പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചകൾ അക്കമിട്ട് നിരത്തിയുള്ള റിപ്പോർട്ടാണ് അസി. കമീഷണർ സിറ്റി പൊലീസ് കമീഷണർക്ക് കൈമാറിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ ശിപാർശ ചെയ്തു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ് ക്രൈംബ്രാഞ്ചിന് വിട്ട് ഡി.ജി.പി അനിൽ കാന്ത് ഉത്തരവ് പുറപ്പെടുവിച്ചത്.
2019 ഫെബ്രുവരി 23ന് ആണ് നയനയെ ആൽത്തറ ജങ്ഷനിലെ വാടകവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ സഹസംവിധായികയായിരുന്നു നയന. കേസ് ഒതുക്കിത്തീർക്കാൻ മ്യൂസിയം പൊലീസിൽനിന്ന് ഇടപെടലുണ്ടായെന്ന് ബന്ധുക്കൾ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.