കൊച്ചി: സാമൂഹിക നീതി വകുപ്പിനു കീഴിൽ സംസ്ഥാനത്തെ ഭിന്നശേഷി, വയോജന നയങ്ങളിൽ സമഗ്ര അഴിച്ചുപണിയും ഭേദഗതികളും വരുന്നു. വയോധികർക്കായി സംസ്ഥാനതല കർമപദ്ധതി, മാനസിക ആരോഗ്യ പദ്ധതി നിർവഹണം എന്നിവയും ഇതോടൊപ്പം ഒരുങ്ങും. സർക്കാറിനു കീഴിൽ തിരുവനന്തപുരം തൈക്കാട് ആസ്ഥാനമായ സ്വയംഭരണ ഗവേഷണ പരിശീലന സ്ഥാപനമായ സെന്റർ ഫോർ മാനേജ്മെന്റാണ് ഇതിന് സാങ്കേതിക സഹായം നൽകുക. ഈ സ്ഥാപനത്തിന്റെ നിർദേശത്തിന് അംഗീകാരം നൽകിക്കൊണ്ടുള്ള ഭരണാനുമതി സർക്കാർ കഴിഞ്ഞ ദിവസം നൽകി. 37.78 ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്.
സാമൂഹികനീതി വകുപ്പിന്റെ ഭരണ സംവിധാനം മെച്ചപ്പെടുത്താനുള്ള പദ്ധതിക്കായി വകയിരുത്തിയ ആറ് കോടിയിൽനിന്നാണ് നയപരിഷ്കരണത്തിനും പദ്ധതി തയാറാക്കലിനുമുള്ള ഫണ്ട് വിനിയോഗിക്കുക. വയോജനങ്ങളുടെയും ഭിന്നശേഷിക്കാരുടെയും ഉന്നമനവും അവരുടെ സമകാലിക ആവശ്യകതകൾക്ക് കൂടുതൽ പ്രാധാന്യം നൽകി കാര്യക്ഷമമായ പ്രവർത്തനവും ലക്ഷ്യമിട്ടാണ് നയങ്ങൾ ഭേദഗതി ചെയ്യുന്നത്. നയങ്ങളുടെ വിശദമായ അവലോകനമാണ് പ്രഥമഘട്ടം.
2015ലാണ് ഭിന്നശേഷിക്കാരുടെ ക്ഷേമം, പുനരധിവാസം, വികസനം, അവകാശ സംരക്ഷണം, അവസരസമത്വത്തിനുള്ള കരുതൽ നടപടി തുടങ്ങിയ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ഭിന്നശേഷി നയം അംഗീകരിക്കപ്പെട്ടത്. 2013ൽ 60 വയസ്സിനു മുകളിലുള്ള മുതിർന്ന പൗരൻമാർക്കു വേണ്ടിയുള്ള നയവും അംഗീകരിക്കപ്പെട്ടു. 2006ൽ അവതരിപ്പിക്കപ്പെട്ട നയം പരിഷ്കരിച്ചും ഭേദഗതികൾ വരുത്തിയുമാണ് 2013ൽ പുതിയ നയം രൂപവത്കരിച്ചത്. വയോധികരുടെ താൽപര്യ സംരക്ഷണത്തിന്റെ ഭാഗമായി ആരോഗ്യം, സാമ്പത്തിക സ്ഥിതി, യോജിക്കുന്ന തൊഴിലുകൾ തുടങ്ങിയ കാര്യങ്ങളിൽ നയപരമായ രേഖയാണ് വയോജന നയം.
സംസ്ഥാനത്ത് സാമൂഹിക പശ്ചാത്തലത്തിൽ ഉൾപ്പെടെ ഏറെ മാറ്റങ്ങൾ വരുകയും വയോജന-ഭിന്നശേഷി വിഭാഗക്കാരുടെ എണ്ണത്തിൽ പ്രകടമായ വ്യത്യാസമുണ്ടാകുകയും ചെയ്ത സാഹചര്യത്തിൽ നയങ്ങളിൽ സമൂല പരിഷ്കാരങ്ങൾ നടപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.