മുണ്ടക്കയം: കോരുത്തോട് അമ്പാട്ടുവയലിൽ ഷാജിയുടെ വീട്ടിലേക്ക് ആർക്കും പെട്ടെന്ന് കയറാനാവില്ല. പൂമുഖവാതിലിൽ സദാ ജാഗരൂകനായി ഒരു യന്ത്രമനുഷ്യൻ വഴിതടഞ്ഞ് നിൽക്കുന്നുണ്ടാവും. വീട്ടുകാരടക്കം ആരു ചെന്നാലും യന്ത്രമനുഷ്യൻ
നൽകുന്ന സാനിറ്റൈസർ ഉപയോഗിച്ച് കൈ വൃത്തിയാക്കിയാൽ മാത്രമേ വീടിനകത്തേക്ക് കയറ്റി വിടുകയുള്ളൂ. മാത്രമല്ല അടുക്കളയിൽനിന്ന് ലഘുഭക്ഷണവും പാനീയങ്ങളും അടക്കമുള്ളവ യന്ത്രമനുഷ്യൻ ൈകയിൽ പിടിച്ചിരിക്കുന്ന ട്രേയിൽ കൊണ്ടുവന്നു നൽകും. ഇത് നിർമിച്ചത് ഷാജിയുടെ മകൻ ആറാം ക്ലാസുകാരൻ ഉന്മേഷാണെന്ന് പറയുേമ്പാൾ അമ്പരപ്പ് വർധിക്കും.
കളിച്ചുനടക്കേണ്ട പ്രായത്തിൽ ഉന്മേഷ് ഇത്തരം അത്ഭുതസൃഷ്ടികളുടെ പണിപ്പുരയിലാണ് എപ്പോഴും. കോവിഡ് കാലത്ത് അമ്മ നന്ദിനിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ ആയിരുന്നപ്പോൾ ശസ്ത്രക്രിയക്ക് അടക്കം യന്ത്രമനുഷ്യർ നൽകുന്ന സഹായം നേരിൽ കണ്ടതോടെയാണ് ഉന്മേഷ് യന്ത്രമനുഷ്യനെപ്പറ്റി ചിന്തിച്ചുതുടങ്ങുന്നത്.
സി.കെ.എം സ്കൂളിനുവേണ്ടി കഴിഞ്ഞകൊല്ലം ശാസ്ത്രമേളയിൽ കണക്ഷൻ ഇല്ലാത്ത മാജിക് ടാപ്പുകൾ സൃഷ്ടിച്ച് എല്ലാവരെയും അത്ഭുതപ്പെടുത്തിയ ഉന്മേഷിന് യന്ത്രമനുഷ്യനെ സൃഷ്ടിച്ചെടുക്കുക വലിയ പ്രയാസമുള്ള കാര്യമായി തോന്നിയില്ല. അച്ഛൻ ഷാജിയോട് താൻ യന്ത്രമനുഷ്യനെ ഉണ്ടാക്കാൻ പോവുകയാണെന്നും അതിന് വേണ്ട ചെലവ് നൽകണമെന്നും ആവശ്യപ്പെട്ടു. മകെൻറ കഴിവിൽ പൂർണ വിശ്വാസമുള്ള ഷാജി പണം നൽകുന്ന കാര്യം ഏറ്റു. കുറഞ്ഞ ചെലവിൽ എങ്ങനെ യന്ത്രമനുഷ്യനെ ഉണ്ടാക്കാം എന്ന ചിന്തയിലായി കുട്ടി ശാസ്ത്രജ്ഞൻ.
ഇതിനായി ശരീരഭാഗങ്ങൾ തെർമോകോളിൽ നിർമിക്കാമെന്ന് തീരുമാനിച്ചു. എന്നാൽ, യന്ത്രമനുഷ്യനെ മുന്നോട്ടും പിന്നോട്ടും വശങ്ങളിലേക്കും ചലിപ്പിക്കുന്ന യന്ത്രങ്ങൾ നിർമാണ തുക കൂട്ടാൻ ഇടയുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ കുട്ടികളുടെ കളിപ്പാട്ടമായ ചെറിയ കാർ വാങ്ങി അതിെൻറ യന്ത്രഭാഗങ്ങൾ അഴിച്ചെടുത്ത് യന്ത്രമനുഷ്യനിൽ പിടിപ്പിച്ച് ആ പ്രശ്നം പരിഹരിച്ചു.
വെറും 1600 രൂപക്കാണ് യന്ത്രമനുഷ്യനെ ഉന്മേഷ് നിർമിച്ചത്. അടുത്തഘട്ടമായി വീട് വൃത്തിയാക്കൽ അടക്കം എല്ലാ ജോലികളും ചെയ്യാൻ കഴിയുന്ന ഒരു യന്ത്രമനുഷ്യനെ ഉണ്ടാക്കുവാനുള്ള പണിപ്പുരയിലാണ് ഉന്മേഷ്. മിതഭാഷിയായ ഉന്മേഷ് എപ്പോഴും ഇത്തരം വസ്തുക്കളുടെ നിർമാണ ലഹരിയിലാണ്. എന്ത് കിട്ടിയാലും അതുകൊണ്ട് കൗതുകകരമായ വസ്തുക്കൾ നിർമിക്കുക എന്നുള്ളതാണ് ഉന്മേഷിെൻറ ഹോബിയും ജീവിതവും. പത്താം ക്ലാസ് വിദ്യാർഥിനി ഉത്രജ ഷാജിയാണ് ഏക സഹോദരി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.