കോഴിക്കോട്: ഇന്ത്യൻ നാഷണൽ ലീഗിലെ (ഐ.എൻ.എൽ) എ.പി. അബ്ദുൽ വഹാബ്-കാസിം ഇരിക്കൂർ വിഭാഗങ്ങൾ തമ്മിലുള്ള തർക്കങ്ങൾ പരിഹരിച്ചു. കേരള മുസ് ലിം ജമാഅത്ത് പ്രസിഡന്റ് കാന്തപുരം എ.പി. അബൂബക്കർ മുസ് ലിയാരുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണ് ഒരുമിച്ച് പോകാൻ ഇരുവിഭാഗങ്ങളും ധാരണയിലെത്തിയത്.
നല്ല രീതിയിൽ ഒരുമിച്ചു പോകാൻ തീരുമാനിച്ചതായി മന്ത്രിയും അഖിലേന്ത്യ ജനറൽ സെക്രട്ടറിയുമായ അഹമ്മദ് ദേവർകോവിൽ മാധ്യമങ്ങളോട് പറഞ്ഞു. പഴയതെല്ലാം മറന്ന് ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്നും മന്ത്രി വ്യക്തമാക്കി. എല്ലാ പ്രശ്നങ്ങളും പരിഹരിച്ചതായി സംസ്ഥാന പ്രസിഡന്റ് എ.പി. അബ്ദുൽ വഹാബ് പ്രതികരിച്ചു. അഭിപ്രായമുള്ള പാർട്ടിയായതിനാൽ അഭിപ്രായ വ്യത്യാസങ്ങളും സ്വഭാവികമാണ്. ഒറ്റക്കെട്ടായി പാർട്ടി മുന്നോട്ടു പോകുമെന്നും അദ്ദേഹം അറിയിച്ചു.
പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ വ്യക്തമാക്കി. സംസ്ഥാന പ്രസിഡന്റായി അബ്ദുൽ വഹാബ് തുടരും. പുറത്താക്കപ്പെട്ട എല്ലാവരെയും തിരിച്ചെടുക്കും. അതിന് സംഘടനാപരനായ നടപടികൾ പൂർത്തിയാക്കും. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അടിത്തറ വിപുലീകരിക്കുന്നതിന് ഐ.എൽ.എല്ലിന് വലിയ പങ്ക് വഹിക്കാനുണ്ട്. ആ ദൗത്യം ഏറ്റെടുക്കണമെന്ന നിർദേശമാണ് കാന്തപുരം അബൂബക്കർ മുസ് ലിയാർ മുന്നോട്ടു വെച്ചതെന്ന് കാസിം ഇരിക്കൂർ പറഞ്ഞു.
ജൂലൈ 25ൽ എറണാകുളത്ത് അരങ്ങേറിയ പരസ്യ അടിക്ക് പിന്നാലെയാണ് ഐ.എൻ.എല്ലിലെ അബ്ദുൽ വഹാബ്-കാസിം ഇരിക്കൂർ വിഭാഗങ്ങൾ പിളർപ്പിന്റെ വക്കിലെത്തിയത്. കൂടാതെ, അബ്ദുൽ വഹാബും കാസിം ഇരിക്കൂരും പരസ്പരം പുറത്താക്കൽ നടപടികളും പ്രഖ്യാപിച്ചു. ഇരുവിഭാഗവും ഒന്നിച്ചില്ലെങ്കിൽ എൽ.ഡി.എഫിൽ പ്രാതിനിധ്യമുണ്ടാകില്ലെന്ന് സി.പി.എം നേതൃത്വം അന്ത്യശാസനം നൽകിയതിനു പിന്നാലെയാണ് കാന്തപുരം എ.പി വിഭാഗം പ്രശ്നം പരിഹരിക്കാൻ നീക്കം തുടങ്ങിയത്.
എന്നാൽ, െഎ.എൻ.എല്ലിലെ ആഭ്യന്തര കലഹം തീർക്കാനുള്ള കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ മകൻ ഡോ. അബ്ദുൽ ഹഖീം അസ്ഹരി നടത്തിയ മധ്യസ്ഥശ്രമം പരാജയപ്പെട്ടു. അബ്ദുൽ വഹാബ് പക്ഷം മുന്നോട്ടുവെച്ച നിർദേശങ്ങളോട് കാസിം ഇരിക്കൂർ വിഭാഗം മുഖംതിരിക്കുകയായിരുന്നു. ഇതേതുടർന്ന് മധ്യസ്ഥത വഹിച്ച കാന്തപുരം എ.പി വിഭാഗം പിന്മാറി.
രണ്ടു വിഭാഗം നേതാക്കളുമായും രണ്ടു പ്രാവശ്യമാണ് ചർച്ച നടത്തിയത്. ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് കാസിം ഇരിക്കൂർ ഒഴിയണമെന്ന ആവശ്യമാണ് വഹാബ് വിഭാഗം ആദ്യം ഉയർത്തിയതെങ്കിലും മധ്യസ്ഥ ചർച്ചക്ക് മുന്നോടിയായി ആവശ്യങ്ങളിൽ വിട്ടുവീഴ്ച ചെയ്തു. ജനറൽ സെക്രട്ടറിക്കൊപ്പം പ്രസിഡൻറായ താനും മാറി നിൽക്കാം, ജൂലൈ 25ന് മുമ്പുള്ള സ്ഥിതി പാർട്ടിയിൽ നിലനിർത്തുക, രണ്ടു വിഭാഗത്തിൽ നിന്ന് അഞ്ചുപേർ വീതം 10 പേരടങ്ങുന്ന സമിതി അംഗത്വത്തിന് മേൽനോട്ടം വഹിക്കുക, അംഗത്വ പ്രവർത്തനത്തിന് മൂന്നുമാസത്തെ സാവകാശം നൽകുക എന്നിവയാണ് വഹാബ് വിഭാഗം മുന്നോട്ടുവെച്ചത്.
രണ്ട് പ്രാവശ്യം കാസിം വിഭാഗവുമായി അന്ന് മധ്യസ്ഥ ചർച്ച നടത്തിയെങ്കിലും സമവായത്തിലെത്താൻ കഴിഞ്ഞില്ല. ഒരുമിക്കാതെ മുന്നണിയിൽ തുടരുന്നതിന്റെ പ്രശ്നങ്ങൾ മധ്യസ്ഥൻ ചൂണ്ടിക്കാട്ടിയെങ്കിലും ജൂലൈ 25ന് മുമ്പത്തെ സ്ഥിതി നിലനിർത്തുകയെന്ന നിലപാടിനോട് യോജിക്കാൻ കഴിയില്ലെന്നായിരുന്നു കാസിം വിഭാഗത്തിെൻറ വാദം. തുടർന്ന്, ആഗസ്റ്റ് 15ന് ഐ.എൻ.എൽ അഖിലേന്ത്യ പ്രസിഡന്റ് മുഹമ്മദ് സുലൈമാൻ കാസർകോട്ട് ഒരു പരിപാടിയിൽ പെങ്കടുക്കാനെത്തിയപ്പോൾ അസ്ഹരിയുമായി രണ്ടു മണിക്കൂറോളം ഒറ്റക്ക് ചർച്ച നടത്തി. പ്രശ്നം പാർട്ടിക്കുള്ളിലെ ആഭ്യന്തര വിഷയമാണെന്നും അച്ചടക്കം പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരുമാണെന്ന നിലപാടാണ് അഖിലേന്ത്യ പ്രസിഡന്റ് സ്വീകരിച്ചത്. വഹാബിനെതിരെ നടപടിയെടുത്തത് അഖിലേന്ത്യ നേതൃത്വമാണെന്നും അപ്പീൽ നൽകിയാൽ പരിഗണിക്കാമെന്നും സുലൈമാൻ സൂചിപ്പിച്ചു.
അതേസമയം, പാർട്ടി പിളർപ്പിലേക്കെന്ന വാദം മാധ്യമ സൃഷ്ടിയെന്ന നിലപാടാണ് കാസിം വിഭാഗം സ്വീകരിച്ചത്. പിന്നാലെ, അഖിലേന്ത്യ ജനറൽ സെക്രട്ടറി കൂടിയായ മന്ത്രി അഹമ്മദ് ദേവർകോവിൽ നടത്തിയ പരസ്യ പ്രസ്താവനയും സമവായ ശ്രമം വഷളാക്കി. പാർട്ടിക്ക് അധികാരം ലഭിച്ചപ്പോൾ പലതും ആഗ്രഹിച്ചവർക്കുണ്ടായ മോഹഭംഗമാണ് പുറത്തുപോകലിൽ കലാശിച്ചതെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.