നിലമ്പൂര്‍: മൃതദേഹത്തോട് അനാദരവ് കാണിച്ചെന്ന പരാതിയിൽ മേലുദ്യോഗസ്ഥന്റെ താക്കീതും ശാസനയും ലഭിച്ച നിലമ്പൂർ നോര്‍ത്ത് ഡി.എഫ്.ഒ ടി. അശ്വിന്‍കുമാറിന് സ്ഥലംമാറ്റം. ഫോറസ്റ്റ് റിസോഴ്സ് ഡെപ്യൂട്ടി കണ്‍സര്‍വേറ്ററായാണ് ഡി.എഫ്.ഒയെ മാറ്റിയത്. കണ്ണൂര്‍ ഡി.എഫ്.ഒ ആയിരുന്ന പി. കാര്‍ത്തിക് ആണ് പുതിയ നിലമ്പൂര്‍ നോര്‍ത്ത് ഡി.എഫ്.ഒ.
സംസ്ഥാനത്തെ 13 ഉന്നത വനം ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്. സ്ഥലംമാറ്റ പട്ടികയിൽ അശ്വിൻകുമാർ ഇല്ലായിരുന്നു. അവസാനഘട്ടത്തിലാണ് പട്ടികയിൽ ഉൾപ്പെടുത്തിയത്.
എടവണ്ണ റേഞ്ച് എരഞ്ഞിമങ്ങാട് അകമ്പാടം ഫോറസ്റ്റ് സ്റ്റേഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ സുനില്‍ കുമാർ ഡ്യൂട്ടിക്കിടെ ഓഫിസിൽ മരണപ്പെട്ടിരുന്നു. ഇദ്ദേഹത്തിന്റെ മൃതദേഹം ഡിവിഷന് ഫോറസ്റ്റ് ഓഫിസിന് മുന്നില്‍ പൊതുദര്‍ശനത്തിന് വെക്കുന്നത് അശ്വിന്‍കുമാർ വിലക്കി. ഇതുമായി ബന്ധപ്പെട്ട് അശ്വിന്‍കുമാറിനെ കഴിഞ്ഞ ദിവസം കിഴക്കൻ മേഖല ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ വിജയാനന്ദ് താക്കീത് ചെയ്തിരുന്നു.
പൊതുദർശന വിലക്ക് വനംവകുപ്പിന്റെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിച്ചെന്നും ജീവനക്കാരുടെ മനോവീര്യം തകർക്കുന്ന ഇത്തരം സമീപനം അപലപനീയമാണെന്നും വിജയാനന്ദ് കത്തിൽ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പെെട്ടന്നുള്ള സ്ഥലംമാറ്റം. അതേസമയം സ്ഥലംമാറ്റ ഉത്തരവിൽ മൃതദേഹം പൊതുദർശന വിലക്കുമായി ബന്ധപ്പെട്ട കാര്യം പരാമർശിക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.