കെ.എസ്.ആര്‍.ടി.സി എംപാനൽ ജീവനക്കാർ ഗ്രാറ്റ്വിറ്റിക്ക് അർഹരെന്ന് ഡിവിഷൻ ബെഞ്ച്

കൊച്ചി: കെ.എസ്.ആര്‍.ടി.സിയില്‍ ദിവസ വേതനത്തിന് ജോലിചെയ്തുവന്ന അഞ്ചുവർഷം പൂർത്തിയാക്കിയ എംപാനൽ ജീവനക്കാർ ഗ്രാറ്റ്വിറ്റിക്ക് അർഹരെന്ന് ഹൈകോടതി ഡിവിഷൻബെഞ്ച്. ഗ്രാറ്റ്വിറ്റിക്ക് അർഹത അവകാശപ്പെടുന്ന ഓരോ അപേക്ഷകന്‍റെയും സർവിസ് കാലയളവടക്കം പ്രത്യേകം പരിശോധിച്ച് ഗ്രാറ്റ്വിറ്റിക്ക് അർഹത കണ്ടെത്താൻ ബന്ധപ്പെട്ട അതോറിറ്റിക്ക് നിർദേശം നൽകുന്ന സിംഗിൾബെഞ്ച് ഉത്തരവ് ശരിവെച്ചാണ് ജസ്റ്റിസ് അമിത് റാവല്‍, ജസ്റ്റിസ് എസ്. ഈശ്വരന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്‍റെ നിരീക്ഷണം.

പിരിച്ചുവിടപ്പെട്ട എംപാനൽ ജീവനക്കാർക്ക് ഗ്രാറ്റ്വിറ്റി അനുവദിക്കാൻ 2017ൽ ബന്ധപ്പെട്ട അതോറിറ്റി അനുമതി നൽകിയിരുന്നു. അഞ്ചുവര്‍ഷം തുടര്‍ച്ചയായി സർവിസുള്ള കെ.എസ്.ആര്‍.ടി.സിയിലെ താല്‍ക്കാലിക ജീവനക്കാര്‍ ഗ്രാറ്റ്വിറ്റിക്ക് അര്‍ഹരാണെന്ന സര്‍ക്കാര്‍ ഉത്തരവടക്കം കണക്കിലെടുത്തായിരുന്നു ഇത്. ഇത് ചോദ്യംചെയ്താണ് കെ.എസ്.ആർ.ടി.സി സിംഗിൾബെഞ്ചിനെ സമീപിച്ചത്.

സർക്കാർ ഉത്തരവ് ശരിവെച്ച കോടതി, തുടർന്നാണ് അതോറിറ്റിയുടെ തീരുമാനം റദ്ദാക്കിയത്. പിന്നീടാണ് ഈ നടപടി ചോദ്യംചെയ്ത് കെ.എസ്.ആർ.ടി.സി അപ്പീലുമായി ഡിവിഷൻബെഞ്ചിനെ സമീപിച്ചത്. ദിവസ വേതനക്കാര്‍ ഗ്രാറ്റ്വിറ്റിക്ക് അര്‍ഹരല്ലെന്നും അഞ്ചുവർഷക്കാർക്ക് അനുവദിക്കാമെന്ന സർക്കാർ ഉത്തരവ് ഗസറ്റ് വിജ്ഞാപനത്തിലൂടെ നടപ്പാക്കിയിട്ടില്ലെന്നുമായിരുന്നു ഹരജിക്കാരുടെ വാദം.

മാത്രമല്ല, ഗ്രാറ്റ്വിറ്റിക്ക് അർഹരെന്ന് കണ്ടെത്തിയ എംപാനലുകാർ ഒമ്പതുവർഷത്തോളം തുടർച്ചയായി ജോലിചെയ്തതിന് തെളിവുണ്ട്. അഞ്ച് വർഷത്തിലേറെ ജോലിചെയ്തുവെന്നതിന്‍റെ തെളിവ് അതോറിറ്റിയെ ബോധ്യപ്പെടുത്താനുമായി. ഈ സാഹചര്യത്തിൽ സിംഗിൾബെഞ്ച് ഉത്തരവിൽ ഇടപെടേണ്ട ആവശ്യമില്ലെന്ന് വ്യക്തമാക്കിയ ഡിവിഷൻബെഞ്ച് അപ്പീൽ തള്ളുകയായിരുന്നു.

Tags:    
News Summary - Division bench says KSRTC empanelled employees are entitled to gratuity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.