തിരുവനന്തപുരം: തദ്ദേശ വാർഡ് പുനർവിഭജനം സംബന്ധിച്ച ബിൽ നിയമസഭ പാസാക്കിയതോടെ അഞ്ചംഗ ഡീലിമിറ്റേഷൻ കമീഷനെ നിയോഗിച്ച് സർക്കാർ ഉത്തരവിറക്കി. തെരഞ്ഞെടുപ്പ് കമീഷണർ എ. ഷാജഹാനാണ് കമീഷൻ ചെയർമാൻ. പരിസ്ഥിതി സെക്രട്ടറി ഡോ. രത്തൻ ഖേൽക്കൽ, പൊതുമരാമത്ത് സെക്രട്ടറി കെ. ബിജു, വ്യവസായ സെക്രട്ടറി എസ്. ഹരി കിഷോർ, ഗതാഗത സെക്രട്ടറി കെ. വാസുകി എന്നിവരാണ് അംഗങ്ങൾ.
തദ്ദേശ വാർഡ് വിഭജനം മൂന്ന് ഘട്ടങ്ങളായാണ് നടക്കുന്നത്. ഡീലിമിറ്റേഷൻ കമീഷൻ രൂപവത്കരിച്ചതോടെ ഒന്നാംഘട്ടത്തിൽ വാർഡ് വിഭജനത്തിനുള്ള മാർനിർദേശങ്ങൾ കമീഷൻ ഉടൻ പുറത്തിറക്കും. രണ്ടാംഘട്ടമായി തദ്ദേശ സ്ഥാപന സെക്രട്ടറിമാർ 2011ലെ ജനസംഖ്യാനുപാതികമായി പുതിയ വാർഡുകൾ രൂപവത്കരിച്ചും മറ്റ് വാർഡുകളുടെ അതിർത്തികൾ പുനർനിർണയിച്ചും കരട് ഭൂപടം ഉൾപ്പെടെ തയാറാക്കും.
ഇത് ജില്ല തല ഉദ്യോഗസ്ഥർക്കും കമീഷനും സമർപ്പിക്കുകയും തുടർന്ന് ഇത് പ്രസിദ്ധീകരിക്കുകയും ചെയ്യും. അതിന്റെ പകർപ്പുകൾ രാഷ്ട്രീയപാർട്ടികൾക്കും തദ്ദേശസ്ഥാപനതലത്തിലും കൈമാറും. മൂന്നാംഘട്ടമായി കമീഷനും ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ കലക്ടർ വിഭജനം സംബന്ധിച്ച് ആക്ഷേപങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.