കണ്ണൂർ: സിനിമയിൽ രാഷ്ട്രീയം കലർത്തരുതെന്ന് സംസ്ഥാന ചലചിത്ര അക്കാദമി ചെയർമാൻ കമൽ. സലിം കുമാറിനെ ക്ഷണിക്കാത്ത വിവാദത്തെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. സലിം കുമാറിനെ ക്ഷണിച്ചിരുന്നുവെന്ന് വ്യക്തമാക്കിയ കമൽ അദ്ദേഹത്തിന് എന്തുകൊണ്ടാണ് മനസ്സിലാകാതെ പോയതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. സലിം കുമാറിനോട് ഇതേക്കുറിച്ച് നേരിട്ടു സംസാരിച്ചതായും അപ്പോഴേക്കും വിവാദത്തിൽ അദ്ദേഹം രാഷ്ടീയം കലർത്തിയെന്നും കമൽ പറഞ്ഞു.
വ്യക്തികൾക്ക് രാഷ്ട്രീയമുണ്ടാം. എന്നാൽ ചലചിത്ര മേഖലയിൽ രാഷ്ട്രീയം കലർത്തുന്നത് ശരിയല്ല. ഇക്കാര്യം സലിം കുമാറിന് ബോധ്യപ്പെട്ടിട്ടുണ്ടാകുമെന്നാണ് കരുതുന്നതെന്നും കമൽ പറഞ്ഞു.
കേരള സംസ്ഥാന ചലചിത്ര അക്കാദമി സംസ്ഥാനത്തെ നാല് മേഖലകളിലായി സംഘടിപ്പിക്കുന്ന 25ാമത് ഐ.എഫ്.എഫ്.കെയുടെ തലശ്ശേരി പതിപ്പിന് ചൊവ്വാഴ്ച തിരിതെളിയും. വൈകിട്ട് ആറിന് സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലൻ മേള ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്യുമെന്ന് കമൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
ലിബർട്ടി തിയേറ്റർ സമുച്ചയത്തിൽ 23 മുതൽ 27വരെയാണ് മേള. ആദ്യമായി തലശ്ശേരി വേദിയാകുന്ന ചലചിത്ര മാമാങ്കത്തിനുള്ള ഒരുക്കം പൂർത്തിയായതായും അദ്ദേഹം പറഞ്ഞു. ലിബർട്ടി ലിറ്റിൽ പാരഡൈസിൽ വൈകിട്ട് ആറിന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, കഥാകൃത്ത് ടി. പത്മനാഭൻ, അഡ്വ. എ.എൻ. ഷംസീർ എം.എൽ.എ, തലശ്ശേരി നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുന റാണി എന്നിവർ സംബന്ധിക്കും.
ജാസ്മില സബാനിക് സംവിധാനം ചെയ്ത ബോസ്നിയൻ ചിത്രം 'ക്വോ വാഡിസ് ഐഡി'യാണ് ഉദ്ഘാടന ചിത്രം. വിവിധ വിഭാഗങ്ങളിലായി 46 രാജ്യങ്ങളിൽ നിന്നുള്ള 80 സിനിമകളാണ് പ്രദർശിപ്പിക്കുന്നത്. 23ന് രാവിലെ പ്രദർശനം തുടങ്ങും.
എ.വി.കെ നായർ റോഡിലെ ലിബർട്ടി സ്യൂട്ട്, ഗോൾഡ് പാരഡൈസ്, ലിറ്റിൽ പാരഡൈസ്, മിനി പാരഡൈസ് എന്നീ തിയേറ്ററുകളിലും മഞ്ഞോടിയിലെ ലിബർട്ടി മൂവി ഹൗസിലുമാണ് പ്രദർശനം. മുഖ്യവേദിയായ ലിബർട്ടി കോംപ്ലക്സിൽ എക്സിബിഷൻ, ഓപൺ ഫോറം എന്നിവ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.