വീടുകളിൽ നിന്ന് മാലിന്യം ശേഖരിക്കുന്ന ഹരിതകർമ്മ സേനയ്ക്ക് നിർബന്ധമായും യൂസർഫീ നൽകണമെന്ന് മന്ത്രി എം.ബി. രാജേഷ്. ഹരിതകർമ്മ സേന അംഗങ്ങൾ വീടുകളിലെത്തി മാലിന്യം ശേഖരിക്കുന്നതിന് പണം നൽകണം. നൽകിയിട്ടില്ലെങ്കിൽ തദ്ദേശസ്ഥാപനങ്ങൾക്ക് കുടിശ്ശികയായി പിരിച്ചെടുക്കാമെന്നും മന്ത്രി പറഞ്ഞു.
‘അജൈവ മാലിന്യമാണ് ഹരിതകർമ സേന ശേഖരിക്കുന്നത്. ഇത് നടപ്പാക്കുന്നുണ്ടെന്ന് സർക്കാർ ഉറപ്പാക്കും. ഇതിനായി ഹരിതകർമ സേനയ്ക്ക് യൂസർഫീ നൽകണം. എല്ലാ മാസവും യൂസർഫീ നല്കാത്തവരുണ്ടെങ്കിൽ അത് വസ്തുനികുതിയുടെ ഭാഗമായി കുടിശ്ശികയായി ഈടാക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് അധികാരം നൽകാനുള്ള ഉത്തരവ് പുറപ്പെടുവിക്കു’മെന്നും മന്ത്രി പറഞ്ഞു. ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് യൂസര്‍ ഫീ നല്‍കേണ്ടതില്ലെന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച ഒരു മറുപടിയെ തെറ്റായി വ്യാഖ്യാനിച്ച് കൊണ്ട് സംസ്ഥാനത്തൊട്ടാകെ പ്രചാരണം നടക്കുന്ന സാഹചര്യത്തിലാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്തിക്കൊണ്ട് മന്ത്രി രംഗത്തെത്തിയത്.
യൂസർഫീ നൽകാത്തവർക്കും പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിത കർമസേനയ്ക്ക് കൈമാറാതെ അലക്ഷ്യമായിവലിച്ചെറിയുന്നവർക്കും കത്തിക്കുന്നവർക്കുമെതിരെ പിഴ ഈടാക്കാനും നിർദേശമുണ്ട്. 10000 രൂപ മുതല്‍ 50000 രൂപ വരെ പിഴ ചുമത്താനും നിയമമുണ്ട്.
കുടുംബശ്രീ മിഷന്റെ കീഴിൽ പ്രവർത്തിക്കുന്ന ഹരിതകർമ സേന വീടുകൾ തോറും പോയി പ്ലാസ്റ്റിക് പോലുള്ള അഴുകാത്ത മാലിന്യങ്ങൾ ശേഖരിക്കുന്നുണ്ടെങ്കിലും സംസ്ഥാനത്തൊട്ടാകെ ഇത് കൃത്യമായി നടക്കുന്നില്ലെന്ന വിമർശനം ശക്തമാണ്. ചിലയിടങ്ങളിൽ നന്നായി പ്രവർത്തിക്കുന്നുണ്ടെങ്കിലും മറ്റ് ചിലയിടങ്ങളിൽ എല്ലാ മാസവും ഹരിത കർമ സേനാംഗങ്ങൾ എത്തുന്നില്ല. സൂക്ഷിച്ചുവെച്ചിരിക്കുന്ന മാലിന്യങ്ങൾ എന്ത് ചെയ്യണമെന്നറിയാതെ ആളുകൾ കുഴയാറുണ്ടെന്നും പരാതിയുണ്ട്.
അതേസമയം, പ്ലാസ്റ്റിക് ശേഖരിക്കുന്നതിന് ഹരിത കർമ സേനയ്ക്ക് യൂസർഫീ നൽകേണ്ടതുണ്ടോ എന്നത് പൊതുവെയുള്ള ഒരു സംശയമാണ്. എന്നാൽ പ്ലാസ്റ്റിക് ശേഖരണത്തിനായെത്തുന്ന ഹരിത കർമസേനയ്ക്ക് യൂസർഫീ ഈടാക്കുന്നതിന് തദ്ദേശസ്ഥാപനങ്ങള്‍ക്ക് നിയമപരമായ അധികാരമുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. കേന്ദ്രസർക്കാർ 2016ൽ പുറപ്പെടുവിച്ച പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് ചട്ടങ്ങളിലെ 8(3) പ്രകാരമാണിത്. കേരള സർക്കാരിന്റെ 2020 ഓഗസ്റ്റ് 12ലെ ഉത്തരവ് പ്രകാരമാണ് തദ്ദേശസ്ഥാപനങ്ങൾ മാലിന്യശേഖരണത്തിന് യൂസർഫീ നിശ്ചയിച്ചിരിക്കുന്നത്. ഫീ നൽകാത്തവർക്ക് സേവനം നിഷേധിക്കാനുള്ള അധികാരവും തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.