തിരുവനന്തപുരം: ദേശീയ മെഡിക്കൽ കമീഷൻ (എൻ.എം.സി) ബില്ലിനെതിരെയുള്ള ഡോക്ടർമാരുടെ സമരം രോഗികളെ അക്ഷരാർഥത്തിൽ വെള്ളം കുടിപ്പിച്ചു. കേരളത്തിലെ മുപ്പതിനായിരത്തിലേറെ ഡോക്ടർമാർ 12 മണിക്കൂർ സമരത്തിൽ പങ്കെടുത്തതോടെ ആശുപത്രികളെല്ലാം സ്തംഭനാവസ്ഥയിലായിരുന്നു. സർക്കാർ ആശുപത്രികൾ പ്രവർത്തിച്ചെങ്കിലും അവിടെയും ഡോക്ടർമാർ ഒരുമണിക്കൂർ സമരത്തിലായിരുന്നു.
ഇതു പലയിടങ്ങളിലും രോഗികളും ആശുപത്രി അധികൃതരും തമ്മിെല വാക്കേറ്റത്തിന് ഇടയാക്കി. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ രോഗികളെ പരിശോധിക്കുന്നതിനിടെ ഡോക്ടറെ സഹപ്രവർത്തകർ നിർബന്ധിപ്പിച്ചു പുറത്തിറക്കി. സമരത്തിന് അനുഭാവം പ്രഖ്യാപിച്ചുള്ള ഒരു മണിക്കൂർ പണിമുടക്കിൽ പങ്കെടുപ്പിക്കാനായിരുന്നു ഇത്. കടുത്ത പനി മൂലം ദുരിതത്തിലായ ഒരു സ്ത്രീ കരഞ്ഞുപറഞ്ഞിട്ടും ചികിത്സിക്കാൻ ഡോക്ടർ തയാറായില്ല. ഒ.പി ചീട്ട് നോക്കിയശേഷം ഉച്ചക്കു ശേഷം വരാനായിരുന്നു മറുപടി. ഇതിനു പുറമേ, ജനറൽ ആശുപത്രിയിൽ ചികിത്സക്ക് കാത്തുനിന്ന വലിയതുറ സ്വദേശി ദാസപ്പൻ കുഴഞ്ഞുവീണു. തുടർന്ന് ഇയാളെ അത്യാഹിതവിഭാഗത്തിലേക്ക് മാറ്റി.
മിക്ക സ്വകാര്യ ആശുപത്രികളിലും ഡോക്ടർമാർ രാവിലെ ജോലിക്കെത്തിയില്ല. രാവിലെ മുതൽ ബുക്കിങ്ങിനായി വിളിക്കുന്നവരോട് ഡോക്ടർമാരില്ലെന്ന മറുപടിയാണ് ജീവനക്കാർ നൽകിയത്. സ്വകാര്യ ആശുപത്രികളിൽ അത്യാഹിത വിഭാഗം മാത്രമാണ് പ്രവർത്തിച്ചിരുന്നത്. സർക്കാർ ആശു പത്രികളിൽ രോഗികളുടെ നീണ്ടനിര കാണാമായിരുന്നു. ഉച്ചക്ക് മൂന്നോടെ സമരം അവസാനിപ്പിച്ചതായി ഐ.എം.എ അറിയിച്ചിട്ടും പണിമുടക്കിയ ഡോക്ടർമാരും മെഡിക്കൽ വിദ്യാർഥികളും തിരികെ ആശുപത്രിയിലെത്തിയില്ല.
ഇതോടെ സമരം അവസാനിക്കുന്നതും കാത്ത് മണിക്കൂറുകൾ ആശുപത്രികളിൽ കാത്തിരുന്ന രോഗികളും കൂട്ടിരിപ്പുകാരും നിരാശരായി മടങ്ങി. ചൊവ്വാഴ്ച ഡോക്ടര്‍മാര്‍ സമരം ആരംഭിച്ചതോടെ മെഡിക്കല്‍ കോളജിലെയും എസ്.എ.ടി ആശുപത്രിയുടെയും വിവിധ വിഭാഗങ്ങളുടെ സുഗമമായ പ്രവര്‍ത്തനങ്ങളും അവതാളത്തിലായി. വാര്‍ഡുകൾ, ഔട്ട് പേഷ്യൻറ് വിഭാഗങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ജോലിചെയ്യാന്‍ ഡോക്ടര്‍മാര്‍ ഇല്ലാതായതോടെ നിരവധി രോഗികള്‍ ദുരിതത്തിലായി. ലേബർ റൂം, അത്യാഹിത വിഭാഗങ്ങള്‍, തീവ്രപരിചരണ യൂനിറ്റുകള്‍, ഓപറേഷന് തിയറ്ററുകള്‍, സൂപ്പര്‍ സ്പെഷാലിറ്റി തുടങ്ങിയ വിഭാഗങ്ങളെ സമരത്തില്‍നിന്ന് നേരത്തേതന്നെ ഒഴിവാക്കിയിരുന്നെങ്കിലും ഈ വിഭാഗങ്ങളെയും സമരം ഭാഗികമായി ബാധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.